‘Empuraan’ Crosses ₹100 Crore Mark Globally in Just 2 Days: മലയാളം കണ്ട എക്കാലത്തെയും മഹാവിജയമായി മാറിയിരിക്കുകയാണ് എമ്പുരാൻ. 48 മണിക്കൂറിനുള്ളിൽ ചിത്രം വേൾഡ് വൈഡ് ബോക്സ് ഓഫീസിൽ നിന്നും സ്വന്തമാക്കിയത് 100 കോടി. നിർമാതാക്കളിൽ ഒരാളായ ആശിർവാദ് സിനിമാസ് ആണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്.
മലയാളസിനിമയുടെ തന്നെ ചരിത്രത്തിൽ ആദ്യമാണ്, റിലീസിന്റെ രണ്ടാം നാൾ ഒരു ചിത്രം നൂറു കോടി ക്ലബ്ബിൽ ഇടം നേടുന്നത്.
മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത എമ്പുരാൻ വ്യാഴാഴ്ചയാണ് തിയേറ്ററുകളിലെത്തിയത്. ആദ്യദിവസം ഇന്ത്യയിൽ നിന്നുമാത്രം ചിത്രം കളക്റ്റ് ചെയ്തത് 22 കോടി രൂപയാണെന്ന് ഇൻഡസ്ട്രിയൽ ട്രാക്കർ സാക്നിൽക്കിൽ റിപ്പോർട്ട് ചെയ്തിരുന്നു. സാക്നിൽക്കിന്റെ കണക്കുപ്രകാരം, എമ്പുരാൻ മലയാളം പതിപ്പ് ഏകദേശം 19 കോടി രൂപയും, തെലുങ്കിൽ 1.2 കോടി രൂപയും, തമിഴിൽ 80 ലക്ഷം രൂപയും, ഹിന്ദിയിൽ 50 ലക്ഷം രൂപയും കന്നഡയിൽ 5 ലക്ഷം രൂപയുമാണ് നേടിയത്.
എമ്പുരാന് മുൻപ്, മലയാളത്തിലെ ഏറ്റവും വലിയ ഓപ്പണർ എന്ന റെക്കോർഡ് നേടിയത് പൃഥ്വിരാജ്- ബ്ലെസി ടീമിന്റെ ആടുജീവിതം: ദി ഗോട്ട് ലൈഫ് ആയിരുന്നു. റിലീസ് ഡേയിൽ ഇന്ത്യയിൽ നിന്നും 7.6 കോടി രൂപയാണ് ആടുജീവിതം നേടിയത്. നിലവിൽ മൂന്നാം സ്ഥാനത്ത് മോഹൻലാലിന്റെ മരക്കാർ ലയൺ ഓഫ് ദി അറബിക്കടലാണ്, ആദ്യ ദിവസം 6.8 കോടി രൂപയാണ് ചിത്രം നേടിയത്.