മോയ്സ്ച്യുറൈസറിങ് സവിശേഷതകളുള്ള ധാരാളം ഉത്പന്നങ്ങൾ, സെറം, ടോണർ എന്നിങ്ങനെ വിപണിയിൽ ലഭ്യമാണ്. എന്നാൽ അവയേക്കാളേറെ ഉപയോഗത്തിലുള്ളത് പാലാണ്. മുഖത്ത് പാൽ പുരട്ടുന്നതിന് നിരവധി ഗുണങ്ങളുണ്ട്. സവിശേഷമായ ഒട്ടനവധി പോഷകങ്ങളാൽ സമ്പന്നമാണത്. യുവത്വം തുളമ്പുന്ന തുടത്ത ചർമ്മം ലഭിക്കുന്നതിന് പാൽ ചർമ്മത്തിൽ പുരട്ടുന്നത് സഹായിക്കും. വിറ്റാമിനുകൾ, ധാതുക്കൾ, പ്രോട്ടീൻ എന്നിവയുടെ സമ്പന്ന ഉറവിടമാണ് പാൽ
മുഖത്ത് മാത്രമല്ല കണ്ണിനു ചുറ്റുമുള്ള കറുപ്പ് നിറം അകറ്റാനും ഇത് ഫലപ്രദമാണ്. പാലിൽ ലാക്ടിക് ആസിഡ് അടങ്ങിയിട്ടുണ്ട്. അത് ചർമ്മത്തിൽ ഈർപ്പം നിലനിർത്തി ചുളിവുകൾ പാടുകൾ എന്നിവ മായിക്കാൻ സഹായിക്കും. പാലിനൊപ്പം മറ്റ് ചില ചേരുവകൾ കൂടി ചേർക്കാവുന്നതാണ്.
പാൽ
ഒരു കോട്ടൺ പാട് തണുപ്പിച്ച് പാലിൽ മുക്കാം. ശേഷം കണ്ണുകൾ അടച്ച് മുകളിൽ അത് വയ്ക്കാം. 10 മുതൽ 15 മിനിറ്റു വരെ വിശ്രമിക്കാം. ശേഷം പഞ്ഞി മാറ്റി മൃദുവായി മസാജ് ചെയ്യാം.
പാൽ മഞ്ഞൾപ്പൊടി
ഒരു ടീസ്പൂൺ പാലിലേയ്ക്ക് ഒരു നുള്ള് മഞ്ഞൾപ്പൊടി ചേർത്തിളക്കാം. ഈ മിശ്രിതം കണ്ണിനു താഴെ പുരട്ടി 10 മുതൽ 15 മിനിറ്റു വരെ വിശ്രമിക്കാം. ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം.
പാൽ തേൻ
ഒരു ടീസ്പൂൺ പാലിലേയ്ക്ക് ഒരു ടീസ്പൂൺ തേൻ ചേർത്തിളക്കി യോജിപ്പിക്കാം. ഈ മിശ്രിതം കണ്ണുകളുടെ താഴെ പുരട്ടി 20 മിനിറ്റ് വിശ്രമിക്കാം. ശേഷം കഴുകി കളയാം.
പാൽ ബദാം എണ്ണ
ഒരു ടേബിൾസ്പൂൺ പാലിലേയ്ക്ക് ഏതാനും തുള്ളി ബദാം എണ്ണ ചേർത്തിളക്കി യോജിപ്പിക്കാം. ഈ മിശ്രിതം കണ്ണിനടിയിൽ പുരട്ടി മൃദുവായി മസാജ് ചെയ്യാം. ശേഷം കഴുകി കളയാം.
പാൽ കടലമാവ്
ഒരു ടേബിൾസ്പൂൺ കടലമാവിലേക്ക് അൽപ്പം പച്ചപ്പാൽ ചേർത്തിളക്കി യോജിപ്പിക്കുക. വൃത്തിയാക്കിയ മുഖത്ത് അത് പുരട്ടി അൽപ്പ സമയം വിശ്രമിക്കുക. പതിനഞ്ച് മിനിറ്റിനു ശേഷം കഴുകി കളയാം.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായിപ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.