പാലക്കാട്
ധോണിയെ വിറപ്പിച്ച കൊമ്പൻ പി ടി ഏഴിനെ (പാലക്കാട് ടസ്‌കർ–-7) കൂട്ടിലിലടച്ചു. ഞായർ രാവിലെ 7.15 ഓടെ ധോണി റിസർവിനും ജനവാസമേഖലയ്ക്കും ഇടയിലുള്ള കോർമ പ്ലാന്റേഷനോട് ചേർന്നുള്ള കാട്ടിലാണ് ചീഫ് വെറ്ററിനറി ഓഫീസർ ഡോ. അരുൺ സഖറിയയുടെ നേതൃത്വത്തിലുള്ള ദൗത്യ സംഘം മയക്കുവെടിവച്ചത്. പി ടി–- 7 ഇനി ‘ധോണി’ എന്ന പേരിലറിയപ്പെടും. ധോണിയെ കുങ്കിയാനയാക്കി മാറ്റുമെന്ന് വനംവകുപ്പ് അറിയിച്ചു.
76 അംഗ സംഘം ഞായർ പുലർച്ചെ നാലോടെയാണ് ദൗത്യം ആരംഭിച്ചത്. ദ്രുതപ്രതികരണ സേന ആനയെ കണ്ടെത്തി ദൗത്യസംഘത്തിന് വിവരം കൈമാറി. പി ടി–-7ന്റെ കൂടെ മറ്റൊരു ആനയുമുണ്ടായിരുന്നു. മയക്കുവെടിവച്ച ശേഷം അതിനെ തുരത്തി. വെടിയേറ്റ ‘പി ടി 7’ 400 മീറ്ററോളം ഓടി. നിന്നയുടൻ ആനയുടെ കണ്ണുകൾ ദൗത്യസംഘം കറുത്ത തുണികൊണ്ട് മറച്ചു. 30 മിനിറ്റിനുശേഷം ഉണർന്ന ആനയെ കോന്നി സുരേന്ദ്രൻ, ഭരത്, വിക്രം എന്നീ കുങ്കിയാനകളുടെ സഹായത്തോടെ ലോറിയിൽ കയറ്റി. ധോണി ബേസ് ക്യാമ്പിൽ ഒരുക്കിയ ആനക്കൂട്ടിൽ പകൽ 12.15ഓടെ എത്തിച്ചു.
ഒരുമണിക്കൂറോളമെടുത്താണ് കുങ്കിയാനകളുടെ സഹായത്തോടെ കൂട്ടിലേക്ക് കയറ്റിയത്. ഇടയ്ക്ക് ഉണർന്നപ്പോൾ വീണ്ടും മരുന്ന് കുത്തിവച്ചു. കൂട്ടിൽ കയറ്റിയശേഷം ഉണരാനുള്ള മരുന്ന് നൽകി. ആന്റിബയോട്ടിക്കുകളും നൽകി. ഉണർന്നതോടെ കൂട് പൊളിക്കാൻ ശ്രമിച്ചു. ഈസ്റ്റേൻ സർക്കിൾ സിസിഎഫ് കെ വിജയാനന്ദ്, ഡിഎഫ്ഒ കുറാ ശ്രീനിവാസ്, എസിഎഫ് ബി രൺജിത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ദൗത്യം.
മന്ത്രിമാരായ എ കെ ശശീന്ദ്രൻ, എം ബി രാജേഷ് എന്നിവർ ധോണിയിൽ എത്തി ദൗത്യസംഘത്തെ അഭിനന്ദിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ