കാസർഗോഡ്: മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കിയതിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വിവാഹമോചനം നടത്തിയാല്‍ ഒരു വിഭാഗം മാത്രം ജയിലില്‍ പോകണമെന്ന നിയമം തെറ്റാണെന്നും പിണറായി വിജയന്‍ പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
”ഒരു മതവിശ്വാസിക്ക് ഒരു നിയമം, മറ്റൊരുമതവിശ്വാസിക്ക് മറ്റൊരുനിയമം എന്നതാണ് രാജ്യത്തുള്ളത്. അതാണ് മുത്തലാഖില്‍ കണ്ടത്. മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കിയല്ലോ?. വിവാഹ മോചനം എല്ലാ വിഭാഗത്തിലും നടക്കുന്നുണ്ടല്ലോ?. അതെല്ലാം സിവിലായിട്ടാണല്ലോ കൈകാര്യം ചെയ്യുന്നത്. മുസ്ലീമിന് മാത്രം അത് എങ്ങനെ ക്രിമിനല്‍ കുറ്റമാകും”- പിണറായി വിജയൻ ചോദിച്ചു.
Also Read- സിപിഎം ജനകീയ പ്രതിരോധ ജാഥയ്ക്ക് കാസർഗോഡ് ഉജ്ജ്വല തുടക്കം; ഒരു മാസം കൊണ്ട് 140 മണ്ഡലങ്ങളിലൂടെ
”ഇന്ന മതത്തില്‍ ജനിച്ചതുകൊണ്ടാണോ നമുക്ക് പൗരത്വം ലഭിച്ചത്. ഈ മണ്ണിന്റെ സന്തതികളായതുകൊണ്ടാണ് പൗരത്വം ലഭിച്ചത്. കേന്ദ്രം മറയില്ലാതെ വര്‍ഗീയ നിലപാട് സ്വീകരിക്കുകയാണ്. രാജ്യത്തെ വൈവിധ്യങ്ങള്‍ ഇല്ലാതാക്കാനാണ് ശ്രമങ്ങള്‍ നടക്കുന്നത്. ഫെഡറല്‍ സംവിധാനം തര്‍ക്കാന്‍ നീക്കം നടത്തിക്കൊണ്ടിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. കേരളത്തില്‍ പൗരത്വഭേദഗതി നിയമം നടപ്പിലാക്കാന്‍ അനുവദിക്കിക്കില്ല. ഭരണഘടന അനുസൃതമായ തീരുമാനങ്ങളെ നടപ്പാക്കൂ. ഭാവിയിലും ഈ തീരുമാനത്തില്‍ നിന്ന് പിന്നോട്ടുപോകില്ല”- പിണറായി വിജയൻ പറഞ്ഞു.
ആര്‍എസ്എസുമായി ജമാഅത്തെ ഇസ്ലാമി നടത്തിയ ചര്‍ച്ച വെല്‍ഫെയര്‍ പാര്‍ട്ടിയുടെയോ ജമാഅത്തെ ഇസ്ലാമിയുടെയോ മാത്രം ബുദ്ധിയില്‍ ഉദിച്ചതല്ല. ഈ ചര്‍ച്ചയില്‍ കോണ്‍ഗ്രസ്-ലീഗ്- വെല്‍ഫെയര്‍ പാര്‍ട്ടി ത്രയത്തിന് പങ്കുണ്ടോ എന്ന് വ്യക്തമാക്കണമെന്നും മഖ്യമന്ത്രി പറഞ്ഞു. കോണ്‍ഗ്രസിലെ ഒരു വിഭാഗം ആര്‍എസ്എസിനോട് മൃദു നിലപാട് സ്വീകരിക്കുന്നവരാണ്. ലീഗിലെ ഒരു വിഭാഗം ജമാഅത്തെ ഇസ്ലാമിയോടും. വെല്‍ഫെയര്‍ പാര്‍ട്ടി കേരളത്തില്‍ കോണ്‍ഗ്രസിന്റേയും ലീഗിന്റെയും കൂടെ അണിനിരന്നവരാണ്. അവര്‍ തമ്മില്‍ ഒരു പ്രത്യേക കെമിസ്ട്രി രൂപപ്പെട്ടിട്ടുണ്ടെന്നും പിണറായി പറഞ്ഞു.
Also Read- ‘ആര്‍എസ്എസ് ചര്‍ച്ച ദുരൂഹം, കോൺഗ്രസ്-ലീഗ്-വെൽഫയർ പാർട്ടി ത്രയത്തിന് പങ്കുണ്ടോ?’ മുഖ്യമന്ത്രി
കഴിഞ്ഞദിവസമാണ് ഹരിയാനയില്‍ രണ്ട് പേരെ ചുട്ടുകൊന്ന ക്രൂരത പുറത്തുവന്നത്. അവര് മുസ്ലിം ആണെന്നത് മാത്രമാണ് കൊലയ്ക്ക് കാരണം. ഒരു കുറ്റവും ചെയ്തവരല്ല. ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘ്പരിവാറിനോട് എന്ത് ചര്‍ച്ചയാണ് നടത്താനുള്ളത്. വര്‍ഗീയമായുള്ള ഏത് നീക്കവും ശക്തമായി എതിര്‍ക്കുന്ന സമൂഹമാണ് നമ്മുടേത്. വര്‍ഗീയത ഉയര്‍ത്തുന്ന യഥാര്‍ത്ഥ പ്രശ്നങ്ങള്‍ കാണണം. രാജ്യത്തിനകത്ത് മനുഷ്യനെ ബാധിക്കുന്ന ഒട്ടേറെ പ്രശ്നങ്ങള്‍. ഇവിടെ ജീവിക്കാന്‍ കഴിയുമോ എന്ന ആശങ്കപോലും ഉണ്ടായിരിക്കുന്നു. യഥാര്‍ത്ഥ ജീവല്‍ പ്രശ്നങ്ങളില്‍നിന്ന് വര്‍ഗീയ ശക്തികള്‍ ശ്രദ്ധ തിരിക്കുന്നു. മനുഷ്യരില്‍ മഹാഭൂരിപക്ഷം കൂടുതല്‍ പിന്തള്ളപ്പെട്ട് പോകുന്നു. കേന്ദ്ര നയമാണ് ജീവിതം മോശമാക്കുന്നതെന്ന വസ്തുത മറച്ചുപിടിക്കാന്‍ ശ്രമിക്കുകയാണ് പിണറായി പറഞ്ഞു.
മഞ്ചേശ്വരം മണ്ഡലത്തിലെ കുമ്പളയില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ജാഥാ ക്യാപ്റ്റന് പതാക കൈമാറി. സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി കെ ബിജു മാനേജരായ ജാഥയില്‍ കേന്ദ്ര കമ്മിറ്റി അംഗം സി എസ് സുജാത, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം സ്വരാജ്, ജെയ്ക് സി തോമസ്, കെ ടി ജലീല്‍ എംഎല്‍എ എന്നിവര്‍ സ്ഥിരാംഗങ്ങളാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.