ന്യൂഡൽഹി> രണ്ടുവർഷം കൊണ്ട് വികലമായ സാമ്പത്തിക നയങ്ങളിലൂടെ മോദി സർക്കാർ 23 കോടി ജനങ്ങളെ ദാരിദ്ര്യരേഖയ്‌ക്ക് താഴെയെത്തിച്ചുവെന്ന വിമർശനവുമായി സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ ബജറ്റിൽ പ്രതിഷേധിച്ച് ഡൽഹി സംസ്ഥാന കമ്മിറ്റി ജന്തർ മന്ദിറിൽ നടത്തിയ ധർണ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്ര ബജറ്റ് ജനങ്ങൾക്കെതിരായ നഗ്നമായ ആക്രമണമാണ്.
പൊതുമേഖലാ സ്ഥാപനങ്ങൾ തുച്ഛമായ വിലയ്ക്ക് കോർപ്പറേറ്റുകൾക്ക് കൈമാറുകയാണ്. ശതകോടീശ്വരന്മാർ പൊതുമേഖലാ ബാങ്കുകളിൽ നിന്നെടുത്ത ലക്ഷക്കണക്കിന് കോടി രൂപയുടെ വായ്പകൾ എഴുതിത്തള്ളി. സാധാരണക്കാർ ദുരിതത്തിലായ കൊറോണക്കാലത്തുപോലും ശതകോടീശ്വരന്മാരുടെ എണ്ണം രാജ്യത്ത് വർധിച്ചു. ഇതാണ് മോദിയുടെ വികസനം– യെച്ചൂരി പരിഹസിച്ചു. ജനങ്ങളുടെ വാങ്ങൽ ശേഷി വർധിപ്പിച്ചും തൊഴിൽസൃഷ്‌ടിച്ചും സമ്പദ് വ്യവസ്ഥയെ തിരികെ കൊണ്ടുവരികയാണ് ചെയ്യേണ്ടത്. എന്നാൽ ഇതിന് വിരുദ്ധമാണ് കേന്ദ്രനയം.
ഭക്ഷ്യവസ്തുക്കൾക്കും അവശ്യ സാധനങ്ങൾക്കും മരുന്നുകൾക്കും വരെ ജിഎസ്ടി ഏർപ്പെടുത്തി ജനങ്ങളെ കേന്ദ്രം കൊള്ളയടിക്കുകയാണെന്നും യെച്ചൂരി വിമർശിച്ചു. മോദി സർക്കാരിനെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ ഇടത് ജനാധിപത്യ മതനിരപേക്ഷ പാർടികളുടെ ഐക്യം അനിവാര്യമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. പ്രവർത്തകർക്ക് മുദ്രാവാക്യം വിളിച്ചുകൊടുത്താണ് യെച്ചൂരി പ്രസംഗം അവസാനിപ്പിച്ചത്.
സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം അനുരാഗ് സക്‌സേന അധ്യക്ഷനായി. സിപിഐ എം ഡൽഹി സംസ്ഥാന സെക്രട്ടറി കെ എം തിവാരി, അഖിലേന്ത്യ കർഷക തൊഴിലാളി യൂണിയൻ ജോയിന്റ് സെക്രട്ടറി വിക്രം സിംഗ്, സംസ്ഥാന സെക്രട്ടേറിയറ്റിലെ അംഗങ്ങളായ ആശാ ശർമ, സെഹ്ബ ഫാറൂഖി, സുബീർ ബാനർജി എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ