ആലപ്പുഴ> വൈക്കത്തമ്പലത്തിന്റെ പടിഞ്ഞാറെ നടയിൽ മാത്രമുണ്ടായിരുന്ന സത്യഗ്രഹം നാലുനടയിലേക്കും വ്യാപിപ്പിച്ച് സമരത്തിനു പുതുശക്തി പകർന്നത് ഗാന്ധിജിയുടെ ഉറ്റ അനുയായിയായ ബാരിസ്‌റ്റർ ജോർജ് ജോസഫ്. ചെങ്ങന്നുർ സ്വദേശിയും പ്രമുഖ പത്രപ്രവർത്തകൻ പോത്തൻ ജോസഫിന്റെ സഹോദരനുമായ ഇദ്ദേഹം ഗാന്ധിജിയുടെ ‘യംഗ് ഇന്ത്യ’യുടെ പതാധിപരായിരുന്നു. സമാധാനപരമായാണ് വൈക്കം സത്യഗ്രഹം തുടങ്ങിയതെങ്കിലും ടി.കെ മാധവന്റെയും കെ പി കേശവമേനോന്റെയും അറസ്റ്റോടെ പ്രക്ഷുബ്ധമായ അന്തരീക്ഷം കേരളമാകെ സൃഷ്ടിക്കപ്പെട്ടു.
ഈ സാഹചര്യത്തിലാണ് മധുരയിലെ അഭിഭാഷകവൃത്തി നിർത്തിവെച്ച് ബാരിസ്റ്റർ ജോർജ് ജോസഫ് വൈക്കത്തെത്തുന്നത്. കെ കേളപ്പനുൾപ്പടെയുള്ള പ്രമുഖ നേതാക്കൾ ജയിലിലായപ്പോൾ സമരത്തിന്റെ പൂർണ ചുമതല ജോർജ് ജോസഫിനായിരുന്നു. വഴിനടക്കാനുള്ള അവകാശം മൗലികമാണെന്ന് വൈക്കം ബോട്ട് ജെട്ടിയിൽ ദിവസവും കൂടുന്ന യോഗങ്ങളിൽ പ്രസംഗിച്ച് അദ്ദേഹം ജനങ്ങളെ പ്രചോദിപ്പിച്ചുകൊണ്ടിരുന്നു. അധികം താമസിയാതെ അദ്ദേഹവും അറസ്റ്റിലായി. പെരിയോർ ഇ വി രാമസ്വാമിനായ്‌ക്കരെ വൈക്കത്തെത്തിക്കുന്നതിൽ ടി കെ മാധവനും കെ പി കേശവമേനോനുമൊപ്പം ജോർജ് ജോസഫിനും പങ്കുണ്ട്.
വൈക്കം സത്യഗ്രത്തിലെ രക്തസാക്ഷി ചിറ്റേടത്തു ശങ്കുപ്പിള്ളയെ പൊലീസ് അറസ്‌റ്റു ചെയ്യുന്നത് ചെങ്ങന്നൂരിലെ പൊതുയോഗത്തിൽ നിന്നായിരുന്നു. നിരോധനാജ്ഞ ലംഘിച്ചു നടന്ന ആ യോഗത്തിന്റെ അധ്യക്ഷ ബാരിസ്‌റ്റർ ജോർജ് ജോസഫിന്റെ ഭാര്യ സൂസന്നയായിരുന്നു.
ഇന്ത്യയിലെ മുഴുവൻ ജനങ്ങളുടെയും മൗലികാവകാശത്തിന്റെ വിഷയമായാണ് ജോർജ് ജോസഫ് വൈക്കം സത്യഗ്രഹത്തെ കണ്ടത്. എന്നാൽ ഇത് ഹിന്ദു സമൂഹത്തിലെ സവർണ്ണരും അവർണ്ണരും തമ്മിലുള്ള പ്രശ്‌നം മാത്രമാണെന്നും ഹിന്ദുക്കൾ തന്നെ പരിഹരിക്കേണ്ട വിഷയമാണെന്നുമാണ് കോൺഗ്രസിലെ പലരും കണ്ടത്. സമരത്തിൽ അദ്ദേഹം പങ്കെടുക്കുന്നതിനെ ഗാന്ധിജിയും പ്രോത്‌സാഹിപ്പിച്ചില്ല. ഇത് അദ്ദേഹത്തെ വിഷമിപ്പിച്ചു. നിരാശനായി അദ്ദേഹവും ഭാര്യയും മധുരയ്‌ക്ക് വണ്ടികയറി.
തിരുവിതാംകൂർ നിവർത്തന പ്രക്ഷോഭത്തിന്റെ ശില്പികളിലൊരാൾ കൂടിയായ ജോർജ് ജോസഫ്, ആനി ബസന്റിന്റെ ഹോംറൂൾ പ്രസ്ഥാനവുമായി ബന്ധപ്പെട്ടാണ് രാഷ്‌ട്രീയത്തിലെത്തുന്നത്. നിവർത്തന പ്രക്ഷോഭ നേതാവായ സി കേശവൻ 1935 മെയ് 11-നു കോഴഞ്ചേരി പ്രസംഗം നടത്തുമ്പോൾ ജോർജ് ജോസഫായിരുന്നു അധ്യക്ഷൻ. ചെങ്ങന്നൂരിൽ 1887 ജൂൺ അഞ്ചിന് സി ഐ ജോസഫിന്റെയും സാറാമ്മയുടേയും മകനായാണ് ജനനം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ