കൊല്ലം
യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിന്റെ മറവിൽ യുവാക്കളെ ഓടിച്ചിട്ട് പിടിച്ച് ഗ്രൂപ്പ് യോഗങ്ങൾ. നിശ്ചലമായ യൂത്ത് കോൺഗ്രസിനെ ഉണർത്താൻ ഗ്രൂപ്പ് നേതാക്കൾ പെടാപ്പാടിൽ. ഗ്രൂപ്പും ഗ്രൂപ്പിനുള്ളിൽ ചേരിയുമായതിനാൽ നേതാക്കളുടെ സമ്മർദം മൂലം എല്ലാ ഗ്രൂപ്പ് യോഗങ്ങൾക്കും പോകേണ്ട അവസ്ഥയിലാണ് കോൺഗ്രസ് അനുഭാവികളായ ചെറുപ്പക്കാർ. തങ്ങൾ ഏത് ഗ്രൂപ്പിലാണെന്ന് പ്രവർത്തകർക്കും അറിയില്ല. ഐ ഗ്രൂപ്പ് ജില്ലയിൽ മൂന്നായാണ് യോഗം ചേരുന്നത്. എ ഗ്രൂപ്പിന്റെ പേരിൽ കൊടിക്കുന്നിൽ സുരേഷിനും സ്വന്തമായി ഗ്രൂപ്പുണ്ട്. ചെന്നിത്തല ഗ്രൂപ്പിന്റെ യോഗം കഴിഞ്ഞദിവസം പള്ളിമുക്ക് ആമിന ഓഡിറ്റോറിയത്തിൽ ചേർന്നു. ചാമക്കാല ജ്യോതികുമാർ, സംസ്ഥാന പ്രസിഡന്റ് സ്ഥാനാർഥി അഭിൻ വർക്കി, നിലവിലെ ജില്ലാ പ്രസിഡന്റ് ആർ അരുൺരാജ്, സംസ്ഥാന ജനറൽ സെക്രട്ടറി ദിനേശ്ബാബു, യദുകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.
അതിനിടെ യൂത്ത് കോൺഗ്രസ് പിടിക്കാൻ തെരഞ്ഞെടുപ്പിന്റെ പ്രാഥമിക ചെലവിനായി എ ഗ്രൂപ്പ് മണ്ഡലം അടിസ്ഥാനത്തിൽ 10,000 രൂപവീതം വിതരണംചെയ്തു തുടങ്ങിയെന്നാണ് ഐ ഗ്രൂപ്പിൽ ചെന്നിത്തല വിഭാഗത്തിന്റെ ആക്ഷേപം. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനാർഥിയായി എ ഗ്രൂപ്പിൽ ഉമ്മൻചാണ്ടിയുടെ മനസ്സിലുണ്ടായിരുന്നത് തിരുവനന്തപുരത്തെ ജെ എസ് അഖിലായിരുന്നു. എന്നാൽ, നിലവിലെ പ്രസിഡന്റ് ഷാഫി പറമ്പിലിന്റെ നിർബന്ധത്തിൽ രാഹുൽ മാങ്കൂട്ടത്തിനെ എ ഗ്രൂപ്പ് അംഗീകരിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് ചെലവ് നിർവഹിച്ചുകൊള്ളാമെന്ന ഷാഫി പറമ്പിലിന്റെ വാഗ്ദാനമാണ് ഗ്രൂപ്പ് നേതാക്കളെ ഇതിലേക്ക് എത്തിച്ചത്. ഇതിന്റെ ഭാഗമായാണ് പ്രാഥമിക ചെലവിന് ആദ്യഗഡു എത്തിച്ച് വിതരണംചെയ്യുന്നത്. 28 മുതൽ ആരംഭിക്കുന്ന മെമ്പർഷിപ് ചേർക്കുന്നതിനുള്ള 50രൂപ ഫീസിനും പണം കണ്ടെത്തുന്ന തിരക്കിലാണ് ഗ്രൂപ്പുകാർ. സ്വന്തമായി 50 രൂപ ചെലവഴിച്ച് അംഗമാകാൻ കൂടുതൽ ആളെക്കിട്ടില്ലെന്ന് താഴേത്തട്ടിലുള്ളവർ ഗ്രൂപ്പ് മാനേജർമാരെ അറിയിച്ചിട്ടുണ്ട്.
Facebook Comments Box