ലിഥിയം ടൈറ്റനേറ്റ് ബാറ്ററി 
വികസിപ്പിച്ച്‌ കേരളം ; ഇ വാഹന നിർമാണത്തിന്‌ കുതിപ്പാകും

Spread the love



Thank you for reading this post, don't forget to subscribe!


തിരുവനന്തപുരം

ഇലക്ട്രോണിക് വാഹന ഉൽപ്പാദനരംഗത്ത് വൻമാറ്റങ്ങൾക്ക് വഴിവയ്‌ക്കുന്ന ലിഥിയം ടൈറ്റനേറ്റ്‌ (എൽടിഒ) ബാറ്ററി തദ്ദേശീയമായി വികസിപ്പിച്ച്‌ കേരളം. സംസ്ഥാനത്ത് ഇ-–- വാഹനനയം രൂപീകരിക്കുന്നതിന്റെ നോഡൽ ഏജൻസിയായ കെ- ഡിസ്‌കിന്റെ മുൻകൈയിൽ രൂപീകരിച്ച ഇവി ഡെവലപ്മെന്റ് ആൻഡ് മാനുഫാക്ചറിങ്‌ കൺസോർഷ്യമാണ്‌ ബാറ്ററി വികസിപ്പിച്ചത്. വിഎസ്എസ്‌സി, ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്സ്, സി-ഡാക് തിരുവനന്തപുരം, ട്രിവാൻഡ്രം എൻജിനിയറിങ്‌ സയൻസ് ആൻഡ് ടെക്നോളജി റിസർച്ച് പാർക്ക് എന്നിവരാണ് കൺസോർഷ്യത്തിലെ പങ്കാളികൾ.

മികച്ച ഊർജസാന്ദ്രത, വേഗത്തിലുള്ള ചാർജിങ്‌, ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾ എന്നിവയുള്ളതാണ്‌ ബാറ്ററി. ബാറ്ററിയുടെ പ്രോട്ടോടൈപ്പ് തലസ്ഥാനത്ത്‌ സംഘടിപ്പിച്ച ചടങ്ങിൽ വിഎസ്എസ്‌സി ഡയറക്ടർ ഡോ. എസ് ഉണ്ണികൃഷ്ണൻ നായരിൽനിന്ന് വ്യവസായമന്ത്രി പി രാജീവ് ഏറ്റുവാങ്ങി. ചരിത്രപരമായ മുഹൂർത്തമാണിതെന്നും പൊതുമേഖലാ സ്ഥാപനങ്ങളുടെ കൺസോർഷ്യമാണ് തദ്ദേശീയ വസ്തുക്കൾ ഉപയോഗിച്ച് ബാറ്ററി വികസിപ്പിച്ചതെന്നത് ഏറെ സന്തോഷം പകരുന്നതാണെന്നും മന്ത്രി പറഞ്ഞു. കേരളത്തെ വ്യവസായ സംസ്ഥാനമാക്കി മാറ്റുക എന്ന ലക്ഷ്യം മുൻനിർത്തി സർക്കാർ കണ്ടെത്തിയ 22 മുൻഗണനാ മേഖലയിൽ പ്രധാനപ്പെട്ടതാണ് ഇലക്ട്രിക് വാഹന മേഖല. മോണോസൈറ്റ്, തോറിയം, ഇൽമനൈറ്റ് തുടങ്ങിയ മൂലകങ്ങളാൽ സമ്പന്നമായ കേരളത്തിന്റെ ധാതുസമ്പത്ത് വേണ്ടവിധം വ്യാവസായികമായി പ്രയോജനപ്പെടുത്തിയിട്ടില്ലെന്നും ഇത്തരത്തിലുള്ള കണ്ടുപിടിത്തം അതിനുകൂടി വഴിവയ്‌ക്കുമെന്നും മന്ത്രി പറഞ്ഞു.

വികസിപ്പിച്ച ബാറ്ററി സുരക്ഷിതവും മാലിന്യവിമുക്തവുമാണെന്ന് ഡോ. ഉണ്ണികൃഷ്ണൻ നായർ പറഞ്ഞു. സി-ഡാക് സീനിയർ ഡയറക്ടർ വി ചന്ദ്രശേഖർ അധ്യക്ഷനായി. ബാറ്ററി വികസിപ്പിക്കുന്നതിൽ നിർണായക പങ്കുവഹിച്ച വിഎസ്എസ്‌സി മുൻ ഡെപ്യൂട്ടി ഡയറക്ടർമാരായ ഡോ. എസ് എ ഇളങ്കോവൻ, സി എസ്‌ ഹാരിഷ് എന്നിവരെ മന്ത്രി ആദരിച്ചു. കെ -ഡിസ്ക് മെമ്പർ സെക്രട്ടറി ഡോ. പി വി ഉണ്ണികൃഷ്ണൻ, ടിടിപിഎൽ എംഡി ജോർജ് നൈനാൻ, ഡോ. ജോൺസൺ എന്നിവർ പങ്കെടുത്തു.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box
error: Content is protected !!