കെ ജി ജോർജിന്‌ ചികിത്സാസഹായം ; സർക്കാരിനോട്‌ ഏറെ നന്ദിയെന്ന്‌ കുടുംബം

Spread the love



Thank you for reading this post, don't forget to subscribe!


കൊച്ചി

വിഖ്യാത സിനിമാസംവിധായകൻ കെ ജി ജോർജിന്റെ ചികിത്സാവശ്യത്തിന്‌ സാമ്പത്തികസഹായം അനുവദിച്ചതിൽ സംസ്ഥാന സർക്കാരിന്‌ നന്ദിയറിയിച്ച്‌ കുടുംബം. ശാരീരികാവശതകൾ അനുഭവിക്കുന്ന അദ്ദേഹത്തിന്റെ ചികിത്സയ്‌ക്ക്‌ വലിയ തുക ആവശ്യമായ സമയത്തെ സർക്കാർസഹായം ഏറെ ആശ്വാസമാണെന്ന്‌ ഭാര്യയും ഗായികയുമായ സെൽമ ജോർജ്‌ പറഞ്ഞു. ചികിത്സാസഹായം അതിവേഗം അനുവദിച്ചുകിട്ടാൻ താൽപ്പര്യപൂർവം ഇടപെട്ട മന്ത്രി പി രാജീവിനും സെൽമ നന്ദി പറഞ്ഞു.

നാലുവർഷത്തിലേറെയായി സ്വകാര്യസ്ഥാപനത്തിൽ ആരോഗ്യപ്രവർത്തകരുടെ പരിചരണത്തിലുള്ള ജോർജ്‌, രണ്ടുമാസമായി ഇടപ്പള്ളിയിലെ സ്വകാര്യ ക്ലിനിക്കിൽ ചികിത്സയിലാണ്‌. എഴുപത്തേഴുകാരനായ അദ്ദേഹത്തെ ശ്വാസകോശ അണുബാധയെ തുടർന്ന്‌ കഫക്കെട്ട്‌ ഗുരുതരമായപ്പോഴാണ്‌ ക്ലിനിക്കിൽ പ്രവേശിപ്പിച്ചത്‌. രണ്ടുമാസത്തെ ചികിത്സയിൽ ആരോഗ്യം വീണ്ടെടുത്തു. 

മരുന്നും ഭക്ഷണവും നൽകാൻ ട്യൂബുകൾ ഘടിപ്പിച്ചിട്ടുള്ളതിനാൽ സംസാരിക്കാൻ പ്രയാസമുണ്ടെന്ന്‌ സെൽമ പറഞ്ഞു. മറ്റുള്ളവർ പറയുന്ന കാര്യങ്ങൾ അറിഞ്ഞ്‌ അദ്ദേഹത്തിന്റേതായ രീതിയിൽ പ്രതികരിക്കും. ‘കഴിഞ്ഞദിവസം നഴ്‌സുമാരിലൊരാൾ അദ്ദേഹത്തിന്റെ ഉൾക്കടൽ സിനിമയിൽ ഞാൻ പാടിയ ശരദിന്ദു മലർദീപ നാളം നീട്ടി… എന്ന ഗാനം ഫോണിലൂടെ കേൾപ്പിച്ചു. പാട്ടുകേട്ടപ്പോൾ അതു പാടിയത്‌ തന്റെ ഭാര്യയാണെന്ന്‌ ആംഗ്യത്തിലുടെ നഴ്‌സിനെ അറിയിച്ചു. തുടർന്ന് നഴ്‌സിൽനിന്ന്‌ ഫോൺ വാങ്ങി ചുണ്ടോട്‌ ചേർത്ത്‌ മുത്തി’–- സെൽമ പറഞ്ഞു.

എഴുന്നേറ്റുനിൽക്കാനും മറ്റൊരാളുടെ സഹായത്തോടെ നടക്കാനും അദ്ദേഹത്തിന്‌ കഴിയുന്നുണ്ട്‌. ഓർമയുമുണ്ട്‌. അടുത്തദിവസം കാക്കനാട്ടെ പരിചരണകേന്ദ്രത്തിലേക്ക്‌ കൊണ്ടുപോകുമെന്ന്‌ സെൽമ ജോർജ്‌ പറഞ്ഞു. മകൻ അരുൺകുമാറിനും കുടുംബത്തിനുമൊപ്പം സെൽമ ഇപ്പോൾ ഗോവയിലാണ്‌. മകൾ താര ദോഹയിലാണ്‌.

2010ൽ ഡൽഹിയിൽ വച്ചുണ്ടായ ഹൃദയാഘാതത്തോടെയാണ്‌ കെ ജി ജോർജിന്‌ ആരോഗ്യപ്രശ്‌നങ്ങൾ തുടങ്ങിയത്‌. തുടർന്ന്‌ നിരന്തരചികിത്സയിലാണ്‌. 2019 മുതൽ കാക്കനാട്ടെ കേന്ദ്രത്തിൽ ഫിസിയോതെറാപ്പിക്കും പരിചരണത്തിനുമായി പ്രവേശിപ്പിച്ചു. കഴിഞ്ഞവർഷം ജൂണിൽ വെണ്ണലയിലെ വീട്ടിലേക്ക്‌ തിരിച്ചുകൊണ്ടുവന്നിരുന്നു. എന്നാൽ, പരിപാലനം പ്രയാസമായപ്പോൾ കാക്കനാട്ടെ കേന്ദ്രത്തിലേക്കുതന്നെ മാറ്റി. ചികിത്സാഘട്ടങ്ങളിൽ സംസ്ഥാന ചലച്ചിത്ര അക്കാദമിയും ഫെഫ്‌കയും ചലച്ചിത്രപ്രവർത്തകരുടെ ക്ഷേമനിധിയും സാമ്പത്തികസഹായം ചെയ്‌തിരുന്നു.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box
error: Content is protected !!