സമസ്‌ത ആർക്കും കൊട്ടാനുള്ള ചെണ്ടയല്ല: ലീഗിന്‌ മറുപടിയുമായി ജിഫ്രി തങ്ങൾ

Spread the love



Thank you for reading this post, don't forget to subscribe!

കോഴിക്കോട് > സമസ്‌തയെ വിമർശിച്ചാൽ മറുപടി പറയുമെന്നും ആക്ഷേപങ്ങളും അധിക്ഷേപങ്ങളും കേട്ടിരിക്കില്ലെന്നും സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ(ഇ കെ വിഭാഗം) പ്രസിഡന്റ്‌ ജിഫ്രി മുത്തുക്കോയ തങ്ങൾ. സമസ്‌ത ആർക്കെങ്കിലും കേറി കൊട്ടാനുള്ള ചെണ്ടയോ കോളാമ്പിയോ അല്ല. ആക്ഷേപങ്ങളും അധിക്ഷേപങ്ങളുമായി വരുന്നവരെ ബന്ധപ്പെട്ടവർ നിലയ്‌ക്കുനിർത്തണം. ഐക്യം നിലനിർത്താനുള്ള ബാധ്യത എല്ലാവർക്കുമുണ്ട്‌–- ജിഫ്രി തങ്ങൾ പറഞ്ഞു.  സമസ്‌തക്കെതിരായ അധിക്ഷേപം നിർത്തിയെന്ന മുസ്ലിംലീഗ്‌ അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണത്തിന്‌ പിന്നാലെയായിരുന്നു  ജിഫ്രി തങ്ങൾ തുറന്നടിച്ചത്‌. തിങ്കൾ രാത്രി കാസർകോട്‌  നീലേശ്വരത്ത്‌ എസ്‌വൈഎസ്‌ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച റബീഅ്‌ ക്യാമ്പയിന്റെ സമാപന സംഗമം ഉദ്‌ഘാടനം ചെയ്‌താണ്‌ ജിഫ്രി തങ്ങളുടെ മുന്നറിയിപ്പ്‌.

ആരെയും ഇരുത്തേണ്ടിടത്ത്‌ ഇരുത്താൻ സമസ്‌തക്കറിയാം. അതിനുള്ള ശക്തിയുമുണ്ട്‌.  എസ്‌വൈഎസ്‌ സമസ്‌തയുടെ ഊന്നുവടി മാത്രമല്ല. ഇങ്ങോട്ട്‌ ആരെങ്കിലും തൊട്ടാൽ അടിക്കാനുള്ള വടിയാണത്‌. സമസ്‌തയുടെ മുഴുവൻ പോഷകസംഘടനകളും അങ്ങനെയാണ്‌ – സമസ്‌ത യുവജന സംഘടനയെ ‘വാല്‌ ’എന്നാക്ഷേപിച്ച ലീഗ്‌ സംസ്ഥാന പ്രസിഡന്റ്‌ സാദിഖലിക്ക്‌ മറുപടിയായി പറഞ്ഞു. സമസ്‌തയിൽ ആരൊക്കെ വേണം, പാടില്ല എന്നൊക്കെ തീരുമാനിക്കാൻ വേറെയാരെയും അധികാരപ്പെടുത്തിയിട്ടില്ല എന്നായിരുന്നു ലീഗ്‌ സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാമിന്റെ പേര്‌ സൂചിപ്പിക്കാതെയുള്ള പരാമർശം. അതൊക്കെ ഞങ്ങൾ നോക്കും.  ഇതിനായി  ആരെയും ഗേറ്റ്‌കീപ്പറോ ഗേറ്റ്‌മാനോ ആക്കിയിട്ടില്ല.-

കടന്നൽ കുത്തിയശേഷം 
തീകൊളുത്തിയിട്ട്‌ 
കാര്യമില്ല

പറയാനുള്ളതൊക്കെ പറഞ്ഞ്‌, ഒരു കടന്നൽക്കൂട്‌ തുറന്നുവിട്ട്‌ എല്ലാവരെയും കുത്തിയശേഷം തീകൊളുത്തിയിട്ട്‌ കാര്യമില്ല. കടിക്കുന്നതിനുമുമ്പ്‌ തീ കൊളുത്താനാണ്‌ ശ്രമിക്കേണ്ടത്‌. അധിക്ഷേപിക്കുന്നവരെ ഉത്തരവാദപ്പെട്ടവർ കടിഞ്ഞാണിടുക; കെട്ടിയിടുക. അല്ലെങ്കിൽ എവിടെയാണോ വേണ്ടത്‌ അതുപോലുള്ള സ്ഥലങ്ങളിൽ  കൊണ്ടാക്കുക–- സമസ്‌തക്കെതിരായി ഒന്നും  പറയില്ലെന്നുപറഞ്ഞ പി കെ കുഞ്ഞാലിക്കുട്ടിയെ പരോക്ഷമായി ജിഫ്രി തങ്ങൾ ഓർമിപ്പിച്ചു.

 

 



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box
error: Content is protected !!