ആഭിചാരമോ?; 30 വർഷത്തിനിപ്പുറവും ചോദ്യമായി കുരുന്നിന്റെ മരണം

Spread the love



അഞ്ചാലുംമൂട്> ഒന്നര വയസ്സുമാത്രം ഉണ്ടായിരുന്ന മകളുടെ വിറങ്ങലിച്ച ദേഹം 30 വർഷം കഴിഞ്ഞിട്ടും അമ്മ പ്രസന്നയുടെ കണ്ണിൽനിന്ന് മായുന്നില്ല. ഇലന്തൂരിൽ നടന്ന ആഭിചാരക്കൊലയുമായി ബന്ധപ്പെട്ട വാർത്തകൾ കാണുമ്പോൾ പ്രസന്നയുടെ ഹൃദയം മകൾ ശ്രീജയെ ഓർത്ത് വിങ്ങുകയാണ്. പുറമ്പോക്കിലെ കുടിലിൽ കൂടെ ഉറങ്ങിയ കുഞ്ഞിനെയാണ് പുലർച്ചെ സമീപത്തെ ചെമ്മക്കാട് കയർസംഘത്തിന്റെ ചകിരി പിരിക്കുന്ന മെഷീൻപുരയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
മൃതദേഹം ഒരു കൈ ഇല്ലാത്ത നിലയിലായിരുന്നു. തലയിൽഉൾപ്പെടെ ദേഹമാസകലം മുറിവുണ്ടായിരുന്നു. ആഭിചാരക്കൊലയാണെന്നാണ് എല്ലാവരും വിശ്വസിച്ചത്. മുറിവുകളിലൂടെ രക്തം വാർന്നാണ് കുട്ടി മരിച്ചതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും പറയുന്നു. ക്രൈംബ്രാഞ്ച് കേസ് അന്വേഷിച്ചെങ്കിലും ആരെയും പിടികൂടാനായില്ല. സംഭവവുമായി ബന്ധപ്പെട്ട് ഒരു മന്ത്രവാദിയെ ചോദ്യംചെയ്തെങ്കിലും തെളിവൊന്നും ലഭിച്ചില്ല.
മരിച്ച ശ്രീജ ഉൾപ്പെടെ നാലു മക്കൾക്കൊപ്പമാണ് പ്രസന്ന ഉറങ്ങിയത്. വീടിനു സമീപത്തെ നേതാജി ലൈബ്രറിയുടെ ഉദ്ഘാടനവും കലാപരിപാടിയും കണ്ടിട്ട് വന്ന് കിടന്നതിനാൽ നന്നായി ഉറങ്ങിപ്പോയി. ഓല മെടഞ്ഞത് ചാരി വച്ചാണ് വാതിൽ അടച്ചിരുന്നത്. പുലർച്ചെ അഞ്ചിന് ഉണർന്നപ്പോൾ അടുത്തു കിടന്ന കുട്ടിയെ കാണാതെ പ്രസന്ന ഉച്ചത്തിൽ നിലവിളിച്ചു. ഓടിയെത്തിയ നാട്ടുകാർ ചകിരിപിരിക്കുന്ന മെഷീൻ പുരയ്ക്കടുത്ത് നായകൾ വട്ടംകൂടി നിൽക്കുന്നത് കണ്ട് നോക്കിയപ്പോഴാണ് കുട്ടിയുടെ മൃതദേഹം കണ്ടത്. ആദ്യം നായകൾ കടിച്ചു കൊന്നതാണെന്നാണ് കരുതിയത്. അമ്മയോടൊപ്പം കിടന്നുറങ്ങിയ ഒന്നര വയസ്സു മാത്രമുള്ള കുട്ടി എങ്ങനെ ഇരുട്ടത്ത് മെഷീൻ പുരയ്ക്കകത്ത് എത്തി എന്ന സംശയം നാട്ടുകാർ ഉയർത്തിയിരുന്നു.
എന്നാൽ, വേണ്ടത്ര ഗൗരവത്തിൽ കേസിൽ അന്വേഷണം ഉണ്ടായില്ല. ചില സംഘടനകൾ സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും നടപടി ഉണ്ടായില്ല. ഇപ്പോൾ തൊഴിലുറപ്പ് ജോലിക്ക് പോയാണ് പ്രസന്ന കുടുംബം പുലർത്തുന്നത്. പഴയ കുടിലിന്റെ സ്ഥാനത്ത് ഇന്ന് സർക്കാർ നൽകിയ വീടുണ്ട്. പക്ഷേ, തങ്ങളുടെ കുഞ്ഞിന്റെ ക്രൂരമായ മരണത്തിൽ ഇനിയും നീതി കിട്ടിയിട്ടില്ലെന്ന് ഈ അമ്മ പറയുന്നു.



Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!