പുതിയകാലത്തെ വായനയിൽ ഫാസിസ്റ്റ് സ്വഭാവം: ബെന്യാമിൻ

Spread the love



കൊല്ലം > എഴുത്തുകാരുടെ സ്വാതന്ത്ര്യം നഷ്ടപ്പെടുത്തുന്ന തരത്തിൽ പുതിയകാലത്തെ വായനയിൽ ഫാസിസ്റ്റ് സ്വഭാവമെന്ന് സാഹിത്യകാരൻ ബെന്യാമിൻ. കഥാപാത്രങ്ങളുടെ പേരിലും പുസ്തകത്തിന്റെ പുറംചട്ടയിൽവരെയും പ്രതിഷേധമുണ്ടാക്കുന്നു. എല്ലാത്തരം പൊളിറ്റിക്കൽ കറക്ട്‌നസുള്ള, സമ്പൂർണരായ കഥാപാത്രങ്ങളെ സൃഷ്ടിക്കേണ്ടിവരുന്ന അപകടകരമായ കാലമാണിത്. കാക്കനാടൻ ഫൗണ്ടേഷനും കേരള സാഹിത്യഅക്കാദമിയും ചേർന്ന് സംഘടിപ്പിച്ച കാക്കനാടൻ അനുസ്മരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

ഫാസിസ്റ്റ് സ്വഭാവം എന്നത് സമൂഹത്തിലും ജീവിതത്തിലും മാത്രമല്ല പുതിയ കാലത്തെ വായനയിലും കടന്നുകൂടി. വായനക്കാർ ആ​ഗ്രഹിക്കുന്ന തരത്തിൽ എഴുതണമെന്ന വാശി അറിഞ്ഞോ അറിയാതെയോ വരുന്നു. എഴുത്തുകാരൻ എന്ത് സമ്മാനിക്കണമെന്ന് വായനക്കാരൻ നിശ്ചയിക്കുകയാണ്. ഭരണകേന്ദ്രത്തിൽനിന്നു മാത്രമല്ല, ജാതിമത സമൂഹത്തിൽനിന്നും നിയന്ത്രണങ്ങൾ വരുന്നു. സന്തോഷ് ഏച്ചിക്കാനത്തിന്റെ ബിരിയാണി എന്ന കഥയിൽ ഒരു പേരിന്റെ പേരിൽ പ്രശ്നങ്ങളുണ്ടാക്കി. ഉണ്ണി ആറിന്റെ മലയാളി മെമ്മോറിയൽ എന്ന കഥാസമാഹാരത്തിന്റെ കവറിനെച്ചൊല്ലി പ്രതിഷേധമുയർന്നു.

 

സിനിമയായാലും കഥയായാലും നോവലായാലും എല്ലാം കഥകളും കഥാപാത്രങ്ങളും പൊളിറ്റിക്കലി കറക്ടായിരിക്കണമെന്ന് വായനക്കാർ ആവശ്യപ്പെടുന്നത് വായനയിലെ മറ്റൊരു ഫാസിസ്റ്റ് സ്വഭാവമാണ്. സമൂഹം പൊളിറ്റിക്കലി കറക്ടാകാത്ത കാലത്തോളം എങ്ങനെയാണ് ഒരു സിനിമയിലെയോ നോവലിലെയോ കഥയിലെയോ കഥാപാത്രത്തിന് അങ്ങനെയാകാൻ കഴിയുക. പുസ്തകം മുന്നോട്ടുവയ്ക്കുന്ന ആശയം പ്രതിലോമകരമാണെങ്കിൽ ചോദ്യംചെയ്യാം.

 

എന്നാൽ, കഥാപാത്രങ്ങളെ മുൻനിർത്തിക്കൊണ്ട്, എഴുത്തുകാരൻ പൊളിറ്റിക്കലി കറക്ടല്ലെന്നു പറയുന്നത് ശരിയല്ല. കാക്കനാടൻ ഉൾപ്പെടെയുള്ള ആധുനിക കാലത്തെ എഴുത്തുകാർക്കു കിട്ടിയ സ്വാതന്ത്ര്യം പുതിയ കാലത്തെ എഴുത്തുകാർക്കില്ല. എഴുത്തിൽ മാത്രമല്ല വായനയിലും അക്കാലത്ത് ബഹുസ്വരതയുണ്ടായിരുന്നുവെന്നും ബെന്യാമിൻ പറഞ്ഞു. കാക്കനാടൻ ഫൗണ്ടേഷൻ വർക്കിങ് ചെയർമാൻ കെ സോമപ്രസാദ് അധ്യക്ഷനായി. പ്രൊഫ. കെ എസ് രവികുമാർ, ഫൗണ്ടേഷൻ സെക്രട്ടറി രാധ കാക്കനാടൻ, ഡി സുരേഷ്‌കുമാർ, കെ ഭാസ്‌കരൻ, ആശ്രാമം ഭാസി എന്നിവർ സംസാരിച്ചു.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!