സെനറ്റ്‌ അംഗങ്ങളെ പുറത്താക്കൽ; ഗവർണറുടെ നടപടിക്ക്‌ ഹൈക്കോടതി വിലക്ക്‌

Spread the love



Thank you for reading this post, don't forget to subscribe!

കൊച്ചി > കേരള സർവകലാശാല സെനറ്റ്‌ അംഗങ്ങളെ പുറത്താക്കിയ ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ ഖാന്റെ നടപടിക്ക്‌ ഹൈക്കോടതിയുടെ വിലക്ക്‌. പുറത്താക്കിയ 15 അംഗങ്ങൾക്കുപകരം പുതിയ അംഗങ്ങളെ ഗവർണർ നാമനിർദേശം ചെയ്യുന്നതും വിലക്കി. ഗവർണറുടെ അധികാരമുപയോഗിച്ച്‌ സെനറ്റ്‌ അംഗങ്ങളെ പുറത്താക്കിയ നടപടി നിയമവിരുദ്ധമാണെന്നും അത്‌ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട്‌ നൽകിയ ഹർജിയിലാണ്‌ ജസ്‌റ്റിസ്‌ മുരളി പുരുഷോത്തമന്റെ ഇടക്കാല ഉത്തരവ്‌. രണ്ട്‌ സിൻഡിക്കറ്റ്‌ അംഗങ്ങൾ, നാല്‌ എക്‌സ്‌ ഒഫീഷ്യോ അംഗങ്ങളും ഒമ്പത്‌ സഥിരാംഗങ്ങളുമുൾപ്പെടെ 15 പേരെയാണ്‌ ഗവർണർ പുറത്താക്കിയത്‌. രേഖകൾ ഹാജരാക്കാൻ ഗവർണർക്കുവേണ്ടി അഭിഭാഷകൻ സമയം തേടിയതിനെ തുടർന്ന് ഓക്ടേബാർ 31ന് പരിഗണിക്കാൻ മാറ്റി.

വൈസ്‌ചാൻസലറെ തെരഞ്ഞെടുക്കാൻ ഗവർണർ സെർച്ച്‌ കമ്മിറ്റി രൂപീകരിച്ചതും നിയമവിരുദ്ധമാണെന്ന്‌  ഹർജിക്കാർ വാദിച്ചു. സെർച്ച്‌ കമ്മിറ്റിയിൽ യുജിസിയുടെ  പ്രതിനിധിയും ഗവർണറുടെ പ്രതിനിധിയും സർവകലാശാല പ്രതിനിധിയും അടക്കം മൂന്നംഗങ്ങളാണ് വേണ്ടത്‌. എന്നാൽ സർവകലാശാലയുടെ പ്രതിനിധിയില്ലാതെ മറ്റു രണ്ടുപേരെ ഉൾപ്പെടുത്തിയാണ്‌ ഗവർണർ സെർച്ച്‌ കമ്മിറ്റി രൂപീകരിച്ചത്‌. ഒരാളെ കൺവീനറുമാക്കി. ഈ നിയമവിരുദ്ധ നടപടി ചോദ്യം ചെയ്‌തതിനാണ്‌ അംഗങ്ങളെ പിരിച്ചുവിട്ടത്‌.

സെർച്ച്‌ കമ്മിറ്റിയിലേക്ക്‌ സർവകലാശാല പ്രതിനിധിയെ തെരഞ്ഞെടുക്കാൻ ഗവർണറുടെ നിർദേശപ്രകാരം സെനറ്റ്‌ യോഗം വിളിച്ചിരുന്നു. ക്വോറം തികയാത്തതിനാൽ തീരുമാനമെടുക്കാനായില്ല. ഈയോഗത്തിൽ പങ്കെടുത്തില്ലെന്നപേരിലാണ്‌ 15 സെനറ്റ്‌ അംഗങ്ങളെ ഗവർണർ പുറത്താക്കിയത്‌. സർവകലാശാല നിയമമനുസരിച്ച്‌ സെനറ്റ്‌ യോഗം ചേരാൻ 10 ദിവസത്തെ മുൻകൂർ നോട്ടീസ്‌ നൽകണമെന്നും മുൻകൂട്ടി പറയുന്നവർക്ക്‌ അവധി അനുവദിക്കണമെന്നുമാണ്‌ വ്യവസ്ഥ. ഈ വ്യവസ്ഥകളൊന്നും പാലിക്കാതെയാണ്‌ ഗവർണറുടെ പിരിച്ചുവിടലും പ്രതികാരനടപടിയും.

ഗവർണറുടെ പ്രീതി തത്വം എന്ന അധികാരം തോന്നിയതുപോലെ ഉപയോഗിക്കാൻ കഴിയില്ലെന്നും പിരിച്ചുവിടൽ പ്രതികാരനടപടി മാത്രമാണെന്നും ഹർജിക്കാർ വാദിച്ചു. ഈ വകുപ്പ്‌ അനുസരിച്ച്‌ എക്സ് ഒഫീഷ്യോ സെനറ്റ് അംഗങ്ങളുടെ നാമനിർദേശം പിൻവലിക്കാൻ ഗവർണർക്ക് കഴിയില്ല. ഒരിക്കൽ നാമനിർദേശം ചെയ്യപ്പെട്ട സെനറ്റ് അംഗങ്ങളെ പിൻവലിക്കാൻ ചാൻസലർക്ക് അധികാരമില്ല. നടപടി നിയമവിരുദ്ധവും സ്വേഛാപരവും അധികാരപരിധി മറികടന്നുള്ളതുമാണ്. അതിനാൽ, സെർച്ച്‌ കമ്മിറ്റി രൂപീകരിക്കാനുള്ള വിജ്ഞാപനവും ഇതോടനുബന്ധിച്ചുള്ള ഉത്തരവുകളും റദ്ദാക്കണമെന്ന്‌ ഹർജിക്കാർ ആവശ്യപ്പെട്ടു. ഗവർണറുടെ നടപടിക്കുപിന്നാലെ സെനറ്റ്‌ അംഗങ്ങളെ  നീക്കിക്കൊണ്ടുള്ള ഔദ്യോഗിക അറിയിപ്പ് രജിസ്ട്രാർനൽകിയിരുന്നു.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box
error: Content is protected !!