യുവതിയെ നഗ്നപൂജയ്ക്ക് പ്രേരിപ്പിച്ചു ; 
ഭർതൃമാതാവ്‌ അറസ്റ്റിൽ ; ഭർത്താവും മന്ത്രവാദിയും ഉൾപ്പെടെ നാലുപേർ ഒളിവിൽ

Spread the love



Thank you for reading this post, don't forget to subscribe!

ചടയമംഗലം
മന്ത്രവാദത്തിന്റെ പേരിൽ യുവതിയെ നഗ്നപൂജയ്ക്ക് പ്രേരിപ്പിച്ച സംഭവത്തിൽ ഭർതൃമാതാവിനെ ചടയമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. ചടയമംഗലം നെട്ടേത്തറ സ്വദേശിയായ അറുപതുകാരിയാണ് അറസ്റ്റിലായത്. യുവതിയുടെ ഭർത്താവ് (36), ഭർതൃസഹോദരി, മന്ത്രവാദി നിലമേൽ ചേറാട്ടുകുഴി സ്വദേശി അബ്ദുൽ ജബ്ബാർ (32), സഹായി സിദ്ദിഖ്, എന്നിവർ ഒളിവിലാണ്. ഇവർ തമിഴ്നാട്ടിലേക്ക് കടന്നതായി പൊലീസ് പറഞ്ഞു. യുവതിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. 2016 ഡിസംബർ ഒമ്പതിനാണ് ചടയമംഗലം സ്വദേശിയുമായി യുവതിയുടെ വിവാഹം. ഭർതൃവീട്ടിലെത്തിയപ്പോൾ വീടിനുമുകളിൽ മന്ത്രവാദിയും സഹായിയും താമസിക്കുന്നതായി ശ്രദ്ധയിൽപെട്ടു. പിന്നീടൊരിക്കൽ മന്ത്രവാദി ഭർതൃസഹോദരിയുടെ മുറിയിൽനിന്ന് ഇറങ്ങിപ്പോകുന്നത് കണ്ടു. ചോദിച്ചപ്പോൾ ഇരുവരും വിവാഹം ചെയ്തതായി ഭർത്താവ് പറഞ്ഞു. സഹോദരിക്ക് ‘ജാതകദോഷ’മായതിനാൽ അന്യമതസ്ഥനെ വിവാഹം കഴിപ്പിച്ചെന്നായിരുന്നു വിശദീകരണം. പിന്നീടാണ് യുവതിക്ക് ‘ശത്രുദോഷം’ ഉണ്ടെന്നും മന്ത്രവാദത്തിലൂടെ മാറ്റാമെന്നും ഭർത്താവ് പറഞ്ഞത്. തുടർന്ന് മന്ത്രവാദവും മാനസിക, ശാരീരിക പീഡനവും ആരംഭിച്ചു.

മന്ത്രവാദിയുടെ നേതൃത്വത്തിൽ ബീമാപ്പള്ളി, നാഗൂർ, ഏർവാടി, കൊടുങ്ങല്ലൂർ എന്നിവിടങ്ങളിലും പിന്നീട് തമിഴ്നാട്ടിലെ തേനിയിലേക്കും ഇവരെ കൊണ്ടുപോയി. ഇതിനിടെയാണ് നഗ്നപൂജ നടത്തണമെന്ന് ആവശ്യപ്പെട്ടത്. ഈ സമയം ഒപ്പമുണ്ടായിരുന്ന മറ്റൊരു പെൺകുട്ടിയുടെ അച്ഛൻ നാട്ടിലേക്കു പോകണമെന്നു പറഞ്ഞ് ബഹളമുണ്ടാക്കി. ഈ തക്കത്തിലാണ് ഇവർ രക്ഷപ്പെട്ടത്. വിവാഹശേഷം രണ്ടു മാസം മാത്രം ഭർതൃഗൃഹത്തിൽ കഴിഞ്ഞ യുവതി ആറ്റിങ്ങലിലെ സ്വന്തം വീട്ടിലേക്കു മടങ്ങി. അവിടെയെത്തി അബ്ദുൽ ജബ്ബാറും സംഘവും സഹോദരനെ ആക്രമിച്ചു. ആറ്റിങ്ങൽ പൊലീസിൽ പരാതി നൽകിയിട്ടും സഹോദരനെ പ്രതിയാക്കി കേസെടുത്തെന്നും യുവതി ആരോപിച്ചു.

ഒമ്പതുമാസം മുമ്പ് വിവാഹമോചനത്തിനു കോടതിയെ സമീപിച്ചു. ഒരാഴ്ച മുമ്പ് ഭർത്താവ് ഫെയ്സ്ബുക് വഴി അപകീർത്തിപ്പെടുത്തി. തുടർന്നാണ് ചടയമംഗലം പൊലീസിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ ഉൾപ്പെടെ യുവജന സംഘടന പ്രക്ഷോഭം ആരംഭിച്ചിരുന്നു. ഇവർക്ക് അഞ്ചുവയസ്സുള്ള മകളുണ്ട്.

പൂട്ടിയിട്ടു; കൊല്ലാൻ ശ്രമിച്ചു
വിവാഹം കഴിഞ്ഞു രണ്ടുമാസം മാത്രമാണ് ഭർത്താവിനൊപ്പം കഴിഞ്ഞതെങ്കിലും 20വർഷത്തെ ദുരനുഭവം നേരിട്ടെന്ന് യുവതി. ഭർത്താവിന്റെ രണ്ടുനില വീട്ടിൽ പല ദുരൂഹതയമുണ്ട്. ‘ബാധ ഒഴിപ്പിക്കലി’ന്റെ ഭാഗമായി പലതവണ കൊല്ലാൻ ശ്രമിച്ചു. ബാധ ഒഴിപ്പിക്കാനെന്ന പേരിൽ നിരവധി പെൺകുട്ടികളെ വീട്ടിൽ കൊണ്ടുവന്നിരുന്നു. ഇവരെ ലൈംഗിക പീഡനത്തിന് ഇരയാക്കുന്നത് നേരിൽ കാണേണ്ടിവന്നു. നഗ്നപൂജയ്ക്ക് തയ്യാറാകാത്തതിന്റെ പേരിൽ ഭർത്താവിന്റെ അമ്മയും സഹോദരിയും മർദിച്ചു. മൂക്കിൽനിന്ന് രക്തം വാർന്നിട്ടും ആശുപത്രിയിൽ കൊണ്ടുപോയില്ല. 15 ദിവസം പൂട്ടിയിട്ടു. അവർ തരുന്ന ഭക്ഷണം കഴിച്ചാൽ ഉടൻ മയക്കം വരും. ഫോൺ ഉപയോഗിക്കാൻ അനുവദിച്ചിരുന്നില്ല.
തേനിയിൽ ബാധ ഒഴിപ്പിക്കലിനു കൊണ്ടുപോകുന്ന പെൺകുട്ടികളെ ഉപയോഗിച്ച് കഞ്ചാവ് കൊണ്ടുവരും. സ്ത്രീധനമായി നൽകിയ കാറിൽ കഞ്ചാവ് വിൽപ്പന നടത്തിയെന്നും യുവതി പറഞ്ഞു.



Source link

Facebook Comments Box
error: Content is protected !!