ആഭിചാരക്കൊല : വീണ്ടും ഡമ്മി പരീക്ഷണം ; മാംസം കൊച്ചിയിലെത്തിച്ചതായി മൊഴി

Spread the love



Thank you for reading this post, don't forget to subscribe!

ഇലന്തൂർ
ഇലന്തൂർ ആഭിചാരക്കൊലക്കേസിലെ രണ്ട് പ്രതികളെ കൊലപാതകം നടത്തിയ വീട്ടിലെത്തിച്ച് തെളിവെടുത്തു. ഡമ്മി ഉപയോ​ഗിച്ച് കൊലപാതകം പുനരാവിഷ്കരിച്ചു. കൊലപാതക രീതി വിശദമായി ഭഗവൽസിങ്ങിൽനിന്നും ഷാഫിയിൽനിന്നും ചോദിച്ചറിഞ്ഞു. നാലാം തവണയാണ് പൊലീസ് പ്രതികളെ ഇലന്തൂരിലെ കടകംപള്ളിൽ വീട്ടിലെത്തിച്ച് തെളിവെടുക്കുന്നത്. പ്രതികളുടെ കസ്റ്റഡി കാലാവധി അവസാനിക്കുന്നതിന് മുമ്പ് പരമാവധി ശാസ്ത്രീയ തെളിവുകൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.

വെള്ളി രാവിലെ എറണാകുളത്തുനിന്ന് ആദ്യം ഷാഫിയെയും തുടർന്ന് ഭഗവൽസിങ്ങിനെയും എത്തിച്ചു. പത്മയുടെയും റോസ്ലിന്റെയും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം ചെയ്ത കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാരും ഫോറൻസിക് വിദ​ഗ്ധരും കൊച്ചി സിറ്റി പൊലിസ് കമീഷണറും തെളിവെടുപ്പിന് എത്തിയിരുന്നു. പകൽ ഒന്നോടെയാണ് പ്രതികളുമായി അന്വേഷകസംഘം എത്തിയത്. തിരുമ്മ് കേന്ദ്രത്തിന് സമീപത്തും കുഴിച്ച് പരിശോധന നടത്തി. സെപ്റ്റിക് ടാങ്കും പരിശോധിച്ചു. കൊല്ലപ്പെട്ട സ്ത്രീകളുടെ വസ്ത്രങ്ങളും ബാഗും കത്തിച്ചതിന്റെ അവശിഷ്ടങ്ങളും കയറിന്റെ ഭാഗങ്ങളും ശേഖരിച്ചിട്ടുണ്ട്. പത്മയെ കെട്ടിയിടാൻ ഉപയോഗിച്ച കയറിനെ കുറിച്ച് പ്രതികൾ മറുപടി നൽകിയില്ല. റോസ്ലിന്റെ കൈകാലുകൾ കെട്ടിയിടാൻ ഉപയോഗിച്ച കയർ കത്തിച്ചെന്ന് പ്രതികൾ പറഞ്ഞിരുന്നു.വൈകിട്ട് അഞ്ചോടെ തെളിവെടുപ്പ് പൂർത്തിയാക്കി. പ്രതികൾ വസ്തു പണയം വച്ച് വായ്പയെടുത്ത പരിയാരം സഹകരണ ബാങ്കിലും തെളിവെടുത്തു.

മാംസം കൊച്ചിയിലെത്തിച്ചതായി മൊഴി
ആഭിചാരക്കൊലയ്ക്ക് ഇരയായ സ്ത്രീകളുടെ മൃതദേഹത്തിൽനിന്ന് കുറച്ചു മാംസം കൊച്ചിയിലേക്ക് എത്തിച്ചതായി മൊഴി. വിൽപ്പനയ്ക്കെന്നപേരിൽ മുഖ്യപ്രതി മുഹമ്മദ് ഷാഫി മാംസം കൊച്ചിയിലേക്ക് കൊണ്ടുപോയെന്ന് രണ്ടും മൂന്നും പ്രതികളായ ഭഗവൽ സിങ്ങും ലൈലയും മൊഴി നൽകിയെന്നാണ് വിവരം. മാംസം വാങ്ങാൻ ബംഗളൂരുവിൽനിന്ന് ആളെത്തുമെന്ന് ഷാഫി പറഞ്ഞു. 20 ലക്ഷം രൂപ വിൽപ്പനയിലൂടെ ലഭിക്കുമെന്ന് ഷാഫി ഇരുവരേയും വിശ്വസിപ്പിച്ചു. ആരും എത്താതായപ്പോൾ മാംസം കുഴിച്ചുമൂടിയെന്നും ഇവർ മൊഴി നൽകി. ഇതിനുപിന്നാലെയാണ് കൊച്ചിയിലേക്ക് മാംസം കൊണ്ടുപോയതായി സൂചന ലഭിച്ചത്. ഷാഫിയുടെ കൊച്ചിയിലെ വീട്ടിൽനിന്നുൾപ്പെടെ ശേഖരിച്ച ഡിഎൻഎ സാമ്പിളുകൾ മരിച്ച സ്ത്രീകളുടെ ഡിഎൻഎയുമായി ഒത്തുനോക്കിയശേഷം ഇക്കാര്യം സ്ഥിരീകരിക്കും. കസ്റ്റഡിയിലുള്ള പ്രതികൾ മുമ്പ് ചോദ്യംചെയ്യലിനോട് സഹകരിച്ചിരുന്നെങ്കിലും ഇപ്പോള് പരസ്പരബന്ധമില്ലാത്ത കാര്യങ്ങളാണ് പറയുന്നതെന്ന് അന്വേഷകസംഘം പറയുന്നു. തിങ്കളാഴ്ച കസ്റ്റഡി കാലാവധി അവസാനിക്കാനിരിക്കെ നുണപരിശോധന അടക്കമുള്ള നടപടികളിലേക്ക് കടക്കാനുള്ള നീക്കത്തിലാണ് പൊലീസ്.

പ്രതികളുടെ ഹർജി തള്ളി
പന്ത്രണ്ട് ദിവസം പൊലീസ് കസ്റ്റഡിയിൽ വിടാനുള്ള കോടതി ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇലന്തൂർ ആഭിചാരക്കൊലക്കേസിലെ പ്രതികൾ നൽകിയ ഹർജി ഹൈക്കോടതി തള്ളി. “പൊലീസിന്റെ കള്ളക്കഥകൾക്ക്’ തെളിവുണ്ടാക്കാനും മർദിച്ചും ഭീഷണിപ്പെടുത്തിയും നിർബന്ധിച്ചും തങ്ങൾക്കെതിരെ തെളിവ് ഉണ്ടാക്കാനുമാണ് ഇത്രയധികം ദിവസം പൊലീസ് കസ്റ്റഡിയിൽ വാങ്ങിയിരിക്കുന്നതെന്ന് ആരോപിച്ച് പ്രതികൾ മുഹമ്മദ് ഷാഫിയും ഭഗവൽസിങ്ങും ലൈലയും നൽകിയ ഹർജിയാണ് ജസ്റ്റിസ് കൗസർ എടപ്പഗത്ത് തള്ളിയത്. മജിസ്ട്രേട്ട് കോടതി ഉത്തരവ് ഉചിതമാണെന്നും സമൂഹമനസാക്ഷിയെ ഞെട്ടിച്ച കേസെന്ന രീതിയിൽ പരിഗണിക്കണമെന്നും പ്രോസിക്യൂഷനുവേണ്ടി ഡിജിപി ടി എ ഷാജി വാദിച്ചു.

ആഭിചാരത്തിന്റെ ഭാഗമായി രണ്ട് സ്ത്രീകളെ കൊന്ന കേസ് സമൂഹമനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്ന് കോടതി വിലയിരുത്തി.കേസിന്റെ പ്രത്യേകതയനുസരിച്ച് ഉത്തരവിൽ അപാകമില്ല. അന്വേഷണം എങ്ങനെ നടത്തണമെന്ന് പ്രതികൾക്ക് നിർദേശിക്കാനാവില്ലെന്നും കോടതി പറഞ്ഞു. വെള്ളിയും ഞായറും 15 മിനിറ്റുവീതം അഭിഭാഷകരെ കാണാൻ പ്രതികളെ അനുവദിച്ചു.



Source link

Facebook Comments Box
error: Content is protected !!