ഗുരുതര ചട്ടലംഘനവുമായി 
പ്രതിപക്ഷം ; അടിസ്ഥാനരഹിത ആക്ഷേപത്തിലൂടെ 
സഭാ നടപടി സ്‌തംഭിപ്പിക്കാൻ ശ്രമം

Spread the love



Thank you for reading this post, don't forget to subscribe!


തിരുവനന്തപുരം

കേരളജനതയെ വെല്ലുവിളിച്ച്‌ നിയമസഭയിൽ പ്രതിപക്ഷത്തിന്റെ ഗുതുതര ചട്ടലംഘനം. അടിസ്ഥാനരഹിത ആക്ഷേപത്തിലൂടെ സഭാ നടപടി സ്‌തംഭിപ്പിക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെയാണ്‌ നടുത്തളത്തിലിറങ്ങി പ്രതിപക്ഷം സമരാഭാസം ആരംഭിച്ചത്‌. സ്‌പീക്കറുടെ കാഴ്‌ചമറച്ച്‌ ബാനർ ഉയർത്തലടക്കം നടത്തി. സ്‌പീക്കറുടെ ഡയസിലേക്ക്‌ ചാടിക്കടക്കാനും ശ്രമിച്ചു.

ബ്രഹ്മപുരം തീപിടിത്തം വിഷയം ഉന്നയിച്ചാണ്‌ പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസ്‌ നൽകിയത്‌. ഈ വിഷയം സഭ പരിഗണിച്ച്‌ തള്ളിയതാണെന്ന്‌ സ്‌പീക്കർ വ്യക്തമാക്കി. ഇതോടെയാണ്‌ പ്ലക്കാർഡുകളും കറുത്ത ബാനറും ഉയർത്തി സ്‌പീക്കറുടെ കാഴ്‌ച മറച്ചത്‌. വിഷയത്തിൽ പ്രതിപക്ഷത്തെ ടി ജെ വിനോദ്‌, റോജി എം ജോൺ, എ കെ എം അഷറഫ്‌, എം വിൻസന്റ്‌, സജീവ്‌  ജോസഫ്‌, സനീഷ്‌കുമാർ ജോസഫ്‌, സി ആർ മഹേഷ്‌, ഷാഫി പറമ്പിൽ തുടങ്ങിയവരെ പേര്‌ എടുത്തുപറഞ്ഞ്‌ സ്‌പീക്കർ ശാസിച്ചു. സ്‌പീക്കർ നടപടിയുമായി മുന്നോട്ടുപോയതോടെ നടുത്തളത്തിൽ കുത്തിയിരുന്ന്‌ സമാന്തര അടിയന്തര പ്രമേയ അവതരണം നടത്താനും ശ്രമിച്ചു.

പി സി വിഷ്‌ണുനാഥ്‌, സണ്ണി ജോസഫ്‌, പി കെ ബഷീർ തുടങ്ങി മുൻനിര നേതാക്കളാണ്‌ ഈ ഗുരുതര ചട്ടലംഘനത്തിന്‌ നേതൃത്വം നൽകിയത്‌. പ്രതിപക്ഷ നേതാവ്‌ വി ഡി സതീശനും ഉപനേതാവ്‌ പി കെ കുഞ്ഞാലിക്കുട്ടിയും തിരുവഞ്ചൂർ രാധാകൃഷ്‌ണനുമടക്കമുള്ളവർ ഇതിന്‌ പ്രോത്സാഹനം നൽകി. തുടർന്നാണ്‌ ഗത്യന്തരമില്ലാതെ പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചത്‌. പ്രതിപക്ഷ നേതാവിന്‌ സംസാരിക്കാൻ അവസരം നൽകാതെയാണ്‌ വിഷ്‌ണുനാഥിന്റെ നേതൃത്വത്തിൽ ഇറങ്ങിപ്പോയത്‌. തുടർന്ന്‌ സഭാ സമുച്ചയത്തിനുപുറത്ത്‌ കവാടത്തിൽ മാധ്യമങ്ങളോട്‌ സംസാരിച്ച യുഡിഎഫ്‌ നേതാക്കൾ ചട്ടലംഘനങ്ങളെ ന്യായീകരിച്ച്‌ സംസാരിക്കുകയും ചെയ്‌തു.

പ്രതിപക്ഷത്തെ ‘കൊട്ടി’ ചർച്ചാവേള

ധനാഭ്യർഥന ചർച്ചാവേളയിൽ നടുത്തളത്തിലിരുന്ന്‌ ‘സമാന്തര സഭ’ നടത്തിയ പ്രതിപക്ഷ അംഗങ്ങളെ നിശിതമായി വിമർശിച്ച്‌ ഭരണപക്ഷാംഗങ്ങൾ. പ്രതിപക്ഷാംഗങ്ങൾ പ്രസംഗ പരിശീലനമാണ്‌ നടത്തുന്നതെന്നും ചെകുത്താൻ വേദമോതുന്നതുപോലെയാണ്‌ അവരുടെ വാക്കുകളെന്നും കെ എൻ ഉണ്ണിക്കൃഷ്‌ണൻ പരിഹസിച്ചു.

പുറത്തിറങ്ങി സംസാരിച്ചാൽ ജനം കൈകാര്യം ചെയ്യുമെന്ന ബോധ്യമുള്ളതിനാലാണ്‌ സഭയുടെ സംരക്ഷണത്തിൽ പ്രതിപക്ഷം സംസാരിക്കുന്നതെന്ന്‌ എം നൗഷാദ്‌ പറഞ്ഞു. വെള്ളത്തിൽ മുക്കിയ തേളിനെപ്പോലെയാണ്‌ പ്രതിപക്ഷമെന്ന്‌ എ പ്രഭാകരൻ പറഞ്ഞു. ധനാഭ്യർഥന ചർച്ചയ്‌ക്ക്‌ മറുപടി പറഞ്ഞ മന്ത്രി പി രാജീവും പ്രതിപക്ഷത്തെ വെറുതെ വിട്ടില്ല. സമാന്തര സഭയിൽ മറുപടി പറയാനുള്ള മന്ത്രിയെ തെരഞ്ഞെടുക്കുന്നതിൽ തർക്കമുണ്ടായതിനാലാണ്‌ പ്രതിപക്ഷം ഇറങ്ങിപ്പോയതെന്നായിരുന്നു രാജീവിന്റെ വിമർശം. കെ ബാബു നെന്മാറ, വി ശശി, സേവ്യർ ചിറ്റിലപ്പിള്ളി, ജോബ്‌ മൈക്കിൾ, രാമചന്ദ്രൻ കടന്നപ്പള്ളി, കെ കെ രാമചന്ദ്രൻ, വാഴൂർ സോമൻ, കെ പി കുഞ്ഞമ്മദ്‌ കുട്ടി എന്നിവരും ചർച്ചയിൽ പങ്കെടുത്തു. തുടർന്ന്‌ വ്യവസായം, വൈദ്യുതി വകുപ്പുകളുടെ ധനാഭ്യർഥന നിയമസഭ പാസാക്കി.

 



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box
error: Content is protected !!