മെഡിക്കൽ സർവീസസ് കോർപ്പറേഷൻ കെട്ടിടത്തിൽ വീണ്ടും തീപിടിത്തം; പത്തുദിവസത്തിൽ മൂന്നാമത്തേത്

Spread the love


Thank you for reading this post, don't forget to subscribe!

ആലപ്പുഴ: കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ ആലപ്പുഴ ​ഗോഡൗണിലും തീ പിടിത്തം. ഇന്ന് പുലർച്ചെ രണ്ടു മണിയോടെയാണ് മെഡിക്കൽ കോളേജിന് സമീപത്തെ ബ്ലീച്ചിങ് പൗഡർ സൂക്ഷിച്ചിരുന്ന കെട്ടിടത്തിൽ തീയും പുകയും ഉയർന്നത്. നാട്ടുകാരും അഗ്നിരക്ഷാ സേനയും ചേർന്ന് അര മണിക്കൂറിനുള്ളിൽ തീ നിയന്ത്രണ വിധേയമാക്കി. പത്തുദിവസത്തിനിടെ മെഡിക്കൽ സർവീസസ് കോർപറേഷൻ കെട്ടിടത്തിൽ ഉണ്ടാകുന്ന മൂന്നാമത്തെ തീപിടിത്തമാണിത്.

3500 ചാക്കുകളിലായാണ് ഇവിടെ ബ്ലീച്ചിങ് പൗഡർ സൂക്ഷിച്ചിരുന്നത്. ഇതു പൂർണമായും കത്തി നശിച്ചു. തൊട്ടടുത്തുള്ള മരുന്ന് ​ഗോഡൗണിലേക്കും തീ പടർന്നു. ഓട്ടോമാറ്റിക് സംവിധാനം പ്രവർത്തിച്ചതിനാൽ പെട്ടെന്ന് തന്നെ തീ അണച്ചു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്നാണ് അഗ്നിരക്ഷാ സേന സ്ഥലത്ത് എത്തിയത്.

Also Read- തിരുവനന്തപുരത്ത് കേരള മെഡിക്കൽ കോർപ്പറേഷൻ ഗോഡൗണിൽ തീപിടിത്തം; രക്ഷാപ്രവർത്തനത്തിനിടെ ഫയർ ഓഫീസർ മരിച്ചു

നേരത്തെ കോർപറേഷന്റെ കൊല്ലത്തെയും തിരുവനന്തപുരത്തെയും മരുന്ന് ഗോഡൗണുകൾക്ക് തീ പിടിച്ചിരുന്നു. സംഭവം അട്ടിമറിയാണെന്ന ആരോപണവുമായി പ്രതിപക്ഷം സംസ്ഥാന സർക്കാരിനെതിരെ രംഗത്ത് വന്നിരുന്നു.

കൊല്ലത്ത് തീപിടിത്തം 17ന്

കൊല്ലം ഉളിയക്കോവിലില്‍ മരുന്നു സംഭരണശാലയില്‍ വന്‍ തീപിടിത്തമുണ്ടായത് ഈ മാസം 17ന്. കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്റെ ജില്ലാ മരുന്നുസംഭരണശാലയിലാണ് തീപിടിച്ചത്. ഗോഡൗണ്‍ പൂര്‍ണമായും കത്തിനശിച്ചു. സാനിറ്റൈസറുകളുള്‍പ്പെടെ ഉള്ളതിനാല്‍ പല ഭാഗത്തും തീ നിയന്ത്രണാതീതമായി പടർന്നു. വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയും ചെയ്തു. കെട്ടിടത്തിന്റെ ഷീറ്റുകള്‍ ശബ്ദത്തോടെ കത്തി പുറത്തേക്ക് തെറിച്ചുവീണു.

Also Read- ‘അഴിമതി ആരോപണം ഉയരുമ്പോൾ തീപിടിത്തം; സർക്കാരിന്‍റെ പതിവ് തന്ത്രം’: പ്രതിപക്ഷനേതാവ് വി ഡി സതീശൻ

രാത്രി 8.45നാണ് തീപ്പിടിത്തമുണ്ടായത്. പാര്‍ക്കിങ് ഏരിയയ്ക്കുസമീപം ബ്ലീച്ചിങ് പൗഡര്‍ സൂക്ഷിച്ചിരുന്ന ഭാഗത്താണ് ആദ്യം തീപിടിച്ചതെന്നാണ് കരുതുന്നത്. നിമിഷങ്ങള്‍കൊണ്ട് തീ കെട്ടിടങ്ങളിലേക്ക് പടര്‍ന്നു. കടപ്പാക്കടയില്‍നിന്നും തുടര്‍ന്ന് ചാമക്കടയില്‍നിന്നും അഗ്‌നിരക്ഷാസേനയെത്തിയെങ്കിലും തീ കെടുത്താനാകാതെവന്നതോടെ ജില്ലയിലെ എല്ലാ അഗ്‌നിരക്ഷാനിലയങ്ങളില്‍നിന്നും മുഴുവന്‍ യൂണിറ്റുകളും മണിക്കൂറുകള്‍ക്കുള്ളില്‍ സ്ഥലത്തെത്തി. ജില്ലാഭരണകൂടം ആവശ്യപ്പെട്ടതനുസരിച്ച് കെഎംഎംഎല്ലില്‍നിന്നും തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്നുമുള്ള അഗ്‌നിരക്ഷാസേനയും എത്തി.

തിരുവനന്തപുരത്ത് തീപിടിത്തം 23ന്

തിരുവനന്തപുരം തുമ്പ കിൻഫ്ര പാർക്കിലെ സംഭരണകേന്ദ്രത്തിൽ 23ന് പുലർച്ചെയാണ് തീപിടിത്തമുണ്ടായത്. തീ അണക്കുന്നതിനിടെ ചുമരിടിഞ്ഞ് വീണ് അഗ്നിരക്ഷാ സേനാംഗം ആറ്റിങ്ങൽ സ്വദേശി ജെ എസ് രഞ്ജിത്തിന് ജീവൻ നഷ്ടമായിരുന്നു. രാസവസ്തുക്കൾ സൂക്ഷിക്കുന്ന കെട്ടിടത്തിൽ തീ ആളിപ്പടർന്നു. സെക്യൂരിറ്റി മാത്രമാണ് സ്ഥലത്തുണ്ടായിരുന്നത്. കെട്ടിടത്തിന്റെ ഷട്ടർ തകർന്ന് അകത്തേക്ക് കയറാനുള്ള ശ്രമത്തിനിടെ കോൺക്രീറ്റ് സ്ളാബ് ഫയർമാൻ രഞ്ജിത്തിന്റെ മുകളിലേക്ക് പതിക്കുകയായിരുന്നു. ഏറെ ശ്രമങ്ങൾക്കിടെ രഞ്ജിത്തിനെ പുറത്തെടുത്ത് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബീമുകളോ മറ്റ് സംവിധാനങ്ങളോ ഇല്ലാതെ ഹോളോബ്രിക്സ് കൊണ്ട് നിര്‍മിച്ച കെട്ടിടമാണ് യുവ ഫയർമാന്റെ ജീവനെടുത്തത്.

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.



Source link

Facebook Comments Box
error: Content is protected !!