തിരുവനന്തപുരം: കേരള സര്‍വകലാശാലയുടെ പേര് മാറ്റണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നിവേദനം. കേരള സർവ്വകലാശാലയുടെ പേരിന് നിലവിലെ സാഹചര്യത്തിൽ പ്രസക്തിയില്ലെന്നും സ്ഥാപനം പ്രതിനിധീകരിക്കുന്ന അധികാരപരിധിയോ പൈതൃകമോ പ്രദേശമോ കൃത്യമായി പ്രതിഫലിപ്പിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് പേര് മാറ്റം ആവശ്യപ്പെട്ടിരിക്കുന്നത്.
തിരുവിതാംകൂര്‍ രാജകുടുംബാംഗം അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ബായിയും ട്രിവാന്‍ഡ്രം ചേമ്പര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി പ്രസിഡന്‍റ് എസ്.എന്‍ രഘുചന്ദ്രന്‍ നായര്‍, സെക്രട്ടറി എബ്രഹാം തോമസും ചേര്‍ന്നാണ് സര്‍വകലാശാലകളുടെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്ക് മെമ്മോറാണ്ടം സമര്‍പ്പിച്ചത്.
പ്രദേശത്തിന്റെ സാംസ്കാരിക സ്വത്വം പ്രതിഫലിപ്പിക്കുന്നതിനും ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ വികസനത്തിന് തിരുവിതാംകൂറിലെ ജനങ്ങൾ നൽകിയ സംഭാവനകളെ അംഗീകരിക്കുന്നതിനും സർവകലാശാലയെ തിരുവിതാംകൂർ സർവ്വകലാശാല എന്നോ യൂണിവേഴ്സിറ്റി ഓഫ് ട്രാവന്‍കൂര്‍ എന്നോ പുനർനാമകരണം ചെയ്യുന്നതാണ് ഉചിതമെന്ന് നിവേദനത്തില്‍ പറയുന്നു.
സര്‍വകലാശാലയുടെ ചരിത്രം
1937-ല്‍ അന്നത്തെ തിരുവിതാംകൂര്‍ ഭരണാധികാരിയായിരുന്ന ചിത്തിര തിരുനാള്‍ ബാലരാമവര്‍മ്മ സ്ഥാപിച്ച തിരുവിതാംകൂര്‍ സര്‍വകലാശാല. വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തിന് അന്തർദേശീയ തലത്തിലടക്കം പ്രശംസിക്കപ്പെട്ട തിരുവിതാംകൂര്‍ സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ സ്ഥാനത്തേക്ക് ശാസ്ത്രജ്ഞന്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനിനെ ദിവാന്‍ സര്‍ സിപി രാമസ്വാമി അയ്യര്‍ ക്ഷണിച്ചിരുന്നു. പ്രതിമാസം 6000 രൂപയായിരുന്നു വാഗ്ദാനം ചെയ്തിരുന്ന ശമ്പളം.
എന്നാല്‍ മുന്‍ നിശ്ചയിച്ച പ്രകാരം പ്രിൻസ്റ്റൺ യൂണിവേഴ്സിറ്റിയിൽ ഒരു ജോലി ഏറ്റെടുത്തിരുന്നതിനാല്‍ തിരുവിതാംകൂര്‍ ദിവാന്‍റെ ക്ഷണം ഐന്‍സ്റ്റീന്‍ സ്വീകരിച്ചില്ല. കേണൽ ജിവി രാജയുടെ ക്ഷണപ്രകാരം, ലോക ടെന്നീസ് ചാമ്പ്യൻമാരായ ടിൽഡൻ, കോച്ചെറ്റ്, എമേഴ്സൺ എന്നിവര്‍ 1938-ൽ സെനറ്റ് ഹൗസ് കാമ്പസിൽ പ്രദര്‍ശനം മത്സരത്തില്‍ പങ്കെടുത്തിരുന്നതായും സര്‍വകലാശാല ചരിത്രത്തില്‍ പറയുന്നു. മുന്‍ രാഷ്ട്രപതി കെ.ആര്‍ നാരായണന്‍ 1941 ഇവിടെ നിന്ന് ബിഎ (ഓണേഴ്സ്) ബിരുദം നേടിയിരുന്നു.
ട്രാവൻകൂർ ഹൗസ് നവീകരണം: സംസ്ഥാന സർക്കാരിനെതിരെ പരാതിയുമായി തിരുവിതാംകൂർ രാജകുടുംബം
ആദ്യകാലങ്ങളിൽ, കേരള സർവകലാശാലയ്ക്ക് മൂന്ന് കാമ്പസുകള്‍ ഉണ്ടായിരുന്നു. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. എന്നാല്‍ 1968-ൽ കോഴിക്കോട്ടെ യൂണിവേഴ്സിറ്റി സെന്റർ ഒരു സമ്പൂർണ സർവ്വകലാശാലയായി മാറി. പാലക്കാട്, കോഴിക്കോട്, കണ്ണൂർ, തൃശ്ശൂര്‍ ജില്ലകളില്‍ സ്ഥിതി ചെയ്യുന്ന കോളേജുകളുമായി അഫിലിയേറ്റ് ചെയ്ത കാലിക്കറ്റ് സർവകലാശാലയുടെ ഭാഗമായി.
തുടർന്ന്, കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാല – കുസാറ്റ് 1971-ൽ നിലവിൽ വന്നു. I971-ൽ കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി, മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി 1983-ൽ എന്നിവയും നിലവില്‍ വന്നു. കൊച്ചിയിലെ കേരള സർവകലാശാലയുടെ കേന്ദ്രം കുസാറ്റ് ഏറ്റെടുക്കുകയും ചെയ്തു. ഈ സർവ്വകലാശാലകൾ അതാത് പ്രദേശങ്ങളെ പ്രതിനിധീകരിക്കുന്നവയാണെന്നും ചാന്‍സലര്‍ക്ക് നല്‍കിയ മെമ്മോറാണ്ടത്തില്‍ പറയുന്നു.
ഈ സംഭവവികാസങ്ങൾ കേരള സർവകലാശാലയുടെ അധികാരപരിധിയെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലേക്കും പത്തനംതിട്ട ജില്ലയുടെ ചില ഭാഗങ്ങളിലേക്കും ചുരുക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.