നിവേദിത സിങ്
കേന്ദ്ര സർക്കാർ റോഡ്, റെയിൽ, വ്യോമ ഗതാഗത സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിന് കൂടുതൽ ശ്രദ്ധ നൽകുന്ന സമയമാണിത്. ഏറ്റവും മികച്ച ഗതാഗത സംവിധാനങ്ങൾ ഒരുക്കാൻ ഈ മൂന്ന് മേഖലകളും തമ്മിൽ മത്സരിക്കുന്ന കാഴ്ചയാണ് ഇന്നുള്ളത്. ഇതുവരെ വ്യോമയാനമാണ് മികച്ചതായി കണക്കാക്കപ്പെട്ടിരുന്നതെങ്കിൽ, ഇപ്പോൾ റോഡുകളും റെയിൽവേയും മികച്ചതും ചെലവുകുറഞ്ഞതും എന്നാൽ സുഖപ്രദവുമായ ബദൽ യാത്രാസംവിധാനങ്ങൾ വാഗ്ദാനം ചെയ്തുകൊണ്ട് കൂടുതൽ യാത്രക്കാരെ ആകർഷിക്കുന്നു. റെയിൽവേ മന്ത്രാലയത്തിന്റെ സംരംഭങ്ങളിൽ വന്ദേ ഭാരത് ട്രെയിനുകളാണ് റോഡ്, വിമാന യാത്രാ രീതികളെ വെല്ലുവിളിച്ചുകൊണ്ട് മുന്നേറുന്നത്.
2019 ഫെബ്രുവരിയിലാണ് രാജ്യത്തെ ആദ്യ വന്ദേ ഭാരത് സർവീസ് ആരംഭിച്ചത്. അതിനുശേഷം, 33 വന്ദേഭാരത് ട്രെയിനുകൾ കൂടി ഓടിത്തുടങ്ങി. ഈ ട്രെയിനുകളെല്ലാം ഇതിനോടകം വലിയൊരു വിഭാഗം യാത്രക്കാരുടെ പ്രീതി നേടിക്കഴിഞ്ഞു. വ്യോമ, റോഡ് ഗതാഗതത്തെ വെല്ലുവിളിക്കുന്ന, മിക്കവാറും എല്ലാ വിഭാഗങ്ങളിൽ നിന്നുമുള്ള ആളുകൾക്ക് ട്രെയിൻ ആദ്യ ചോയ്‌സ് ആയി മാറുന്നതിന് വന്ദേഭാരത് കാരണമാകുന്നതായി ഇന്ത്യൻ റെയിൽവേയുടെ വിവിധ സോണുകൾ അവകാശപ്പെടുന്നു.
റെയിൽവേ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, കഴിഞ്ഞ കുറച്ച് മാസങ്ങളായി, ചെന്നൈ-ബെംഗളൂരു, തിരുവനന്തപുരം-കാസർകോട്, മുംബൈ-പൂനെ, ജാംനഗർ-അഹമ്മദാബാദ്, ഡൽഹി-ജയ്പൂർ റൂട്ടുകളിലെ വന്ദേ ഭാരത് ട്രെയിനുകൾ വിമാനക്കമ്പനികളുടെ യാത്രാനിരക്ക് കുറയാൻ ഇടയാക്കിയിട്ടുണ്ടെന്നാണ് വ്യക്തമാക്കുന്നത്.
ഏപ്രിൽ മുതൽ ഈ മേഖലകളിലെ വിമാനനിരക്ക് 20-30 ശതമാനം കുറഞ്ഞു. ഈ റൂട്ടുകളിൽ വന്ദേ ഭാരത് ആരംഭിച്ചത് എയർലൈനുകളുടെ ഉപഭോക്തൃ അടിത്തറയുടെ 10-20 ശതമാനത്തെ സാരമായി ബാധിച്ചു,” ന്യൂസ് 18ന് ലഭിച്ച ഒരു ഔദ്യോഗിക കണക്ക് വ്യക്തമാക്കുന്നു.
വ്യോമയാന മേഖലയെ മാത്രമല്ല റോഡ് ഗതാഗതത്തെ പോലും വന്ദേ ഭാരത് വെല്ലുവിളിക്കുന്നു. ആളുകൾ സ്വന്തം വാഹനത്തിൽ യാത്ര ചെയ്യുന്നതിനേക്കാൾ വന്ദേ ഭാരത് ഇഷ്ടപ്പെടുന്നതായും റെയിൽ മന്ത്രാലയം അവകാശപ്പെട്ടു.
“ഉദാഹരണത്തിന്, വിജയവാഡയിൽ നിന്ന് റെനിഗുണ്ടയിലേക്ക് (തിരുപ്പതി) വന്ദേ ഭാരത് ട്രെയിനിന് അഞ്ച് മണിക്കൂർ എടുക്കും, എന്നാൽ റോഡ് മാർഗമുള്ള യാത്രയ്ക്ക് കുറഞ്ഞത് ഏഴ് മണിക്കൂർ എടുക്കും,” റെയിൽവേയുടെ ഔദ്യോഗിക രേഖയിൽ പറയുന്നു.
ഈ റൂട്ടുകളിൽ വന്ദേ ഭാരത് ട്രെയിനുകൾ ആരംഭിക്കുന്നതിന് മുമ്പുള്ള വിമാന നിരക്ക് നിലവിലെ നിരക്കുമായി മന്ത്രാലയം താരതമ്യം ചെയ്തതായി ഒരു ഉദ്യോഗസ്ഥൻ പറയുന്നു. ഇന്ത്യയിൽ ഉടനീളം ഏറ്റവുമധികം ആവശ്യക്കാരുള്ള യാത്രാസംവിധാനമായി വന്ദേഭാരത് മാറിയിട്ടുണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
“ഇന്ത്യൻ റെയിൽവേയുടെ ഈ പുതിയ ട്രെയിൻ ഉപയോഗിച്ച് ആളുകൾ അവരുടെ സെൽഫികൾ അപ്‌ലോഡ് ചെയ്യുകയും വീഡിയോകൾ നിർമ്മിക്കുകയും ചെയ്യുന്നതിലൂടെ യുവാക്കൾക്കിടയിലെ വന്ദേ ഭാരതിന്റെ ആവേശം സോഷ്യൽ മീഡിയ പരിശോധിച്ചാൽ വ്യക്തമാകും,” അവർ ന്യൂസ് 18 നോട് പറഞ്ഞു.
Also Read- ദീപാവലി സ്പെഷ്യലായി കേരളത്തിലേക്ക് വന്ദേഭാരത്; ചെന്നൈ-ബംഗളുരു-എറണാകുളം റൂട്ടിൽ സർവീസ് നടത്തും
ലിംഗഭേദമില്ലാതെ, വന്ദേ ഭാരത് ട്രെയിനുകളിൽ യാത്ര ചെയ്യുന്ന 60 ശതമാനം യാത്രക്കാരും 25 നും 49 നും ഇടയിൽ പ്രായമുള്ളവരാണെന്നും മന്ത്രാലയ രേഖ അവകാശപ്പെടുന്നു.
വന്ദേഭാരത് ട്രെയിനുകളുടെ സ്വീകാര്യത വിവിധ റെയിൽവേ സോണുകളിലൂടെയുള്ള അവലോകനം
സെൻട്രൽ സോൺ
സെൻട്രൽ സോൺ നാല് വന്ദേ ഭാരത് ട്രെയിനുകളാണ് ഓടിക്കുന്നത്. ഇവയെല്ലാം കഴിഞ്ഞ മാസത്തെ കണക്കനുസരിച്ച് 80 ശതമാനത്തിലധികം ആളുകളുമായി ഓടുന്നു.
സെപ്റ്റംബർ 15-നും ഒക്ടോബർ 13-നും ഇടയിൽ മുംബൈ-സോലാപൂർ-മുംബൈ റൂട്ടില മൊത്തം യാത്രക്കാരിൽ, 31-നും 45-നും ഇടയിൽ പ്രായമുള്ള പുരുഷ യാത്രക്കാർ വന്ദേ ഭാരതിനാണ് (35.34%) മുൻഗണന നൽകുന്നത്, സ്ത്രീകളുടെ കാര്യത്തിൽ, 15-30 വയസ്സ് പ്രായമുള്ള യാത്രക്കാരിൽ 36.55 ശതമാനവും വന്ദേഭാരതിൽ യാത്ര ചെയ്യാൻ താൽപര്യപ്പെടുന്നു.
മുംബൈ-ഷിർദി-മുംബൈ വന്ദേഭാരത് ട്രെയിനിൽ, ഏകദേശം 35 ശതമാനം യാത്രക്കാരും 31 നും 45 നും ഇടയിൽ പ്രായമുള്ള പുരുഷന്മാരാണ്. സ്ത്രീകളിൽ, 46 നും 60 നും ഇടയിൽ പ്രായമുള്ള 29.79 ശതമാനം പേർ വന്ദേ ഭാരതിന് മുൻഗണന നൽകി.
“60 വയസ്സിന് മുകളിലുള്ള മുതിർന്ന പൗരന്മാരും മഡ്ഗാവ് (17.66 ശതമാനം), സായ്നഗർ (12.44 ശതമാനം), ബിലാസ്പൂർ (9.57 ശതമാനം) വന്ദേ ഭാരത് ട്രെയിനുകൾക്കൊപ്പം യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്നുവെന്നത് വളരെ പ്രോത്സാഹജനകമാണ്. മൊത്തം വന്ദേഭാരത് യാത്രക്കാരിൽ 4.5 ശതമാനം ട്രാൻസ്‌ജെൻഡേഴ്സാണെന്നും ഈ സോണിൽനിന്നുള്ള കണക്കുകൾ വ്യക്തമാക്കുന്നു. വന്ദേഭാരത് ട്രെയിനുകൾ തുടങ്ങിയത് ഈ മേഖലയിലെ വ്യോമഗതാഗതത്തെ 20 ശതമാനത്തോളം ബാധിച്ചതായി റിപ്പോർട്ടുണ്ട്. ഇത് “വിമാന നിരക്കുകളിൽ 20 മുതൽ 30 ശതമാനം വരെ ഗണ്യമായ കുറവുണ്ടാക്കി” എന്നും റെയിൽവേയുടെ സെൻട്രൽ സോൺ അവകാശപ്പെട്ടു.
വടക്കൻ മേഖല
രാജ്യത്തെ ആദ്യ വന്ദേ ഭാരത് ട്രെയിൻ ഡൽഹിക്കും വാരണാസിക്കും ഇടയിലാണ് സർവീസ് ആരംഭിച്ചത്. നിലവിൽ, വടക്കൻ മേഖല നാല് വന്ദേ ഭാരത് ട്രെയിനുകൾ ഓടിക്കുന്നുണ്ട്, ഈ സെമി-ഹൈ സ്പീഡ് ട്രെയിനുകൾ “സോണിന് കീഴിലുള്ള സംസ്ഥാനങ്ങളിലെ വ്യോമയാന വ്യവസായത്തിൽ കാര്യമായ സ്വാധീനം ചെലുത്തുന്നു” റെയിൽവേ പറയുന്നു. സോണിൽ നിന്നുള്ള കണക്കുകൾ പ്രകാരം, വേഗത, സുഖസൗകര്യങ്ങൾ, താങ്ങാനാവുന്ന നിരക്കുകൾ എന്നിവ കാരണം, 25-34 വയസ് പ്രായമുള്ള ചെറുപ്പക്കാർ ഈ ട്രെയിനുകളിൽ യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്നതിനാൽ, വന്ദേ ഭാരത് ഇന്ത്യയിലെ യുവാക്കളുടെ ഏറ്റവും പ്രിയപ്പെട്ട ചോയ്സായി മാറിക്കഴിഞ്ഞിരിക്കുന്നു.
“അതിവേഗവും ചെലവ് കുറഞ്ഞതും സുഖപ്രദവുമായ യാത്രയ്ക്ക് പേരുകേട്ട ഈ ട്രെയിനുകളുടെ വർദ്ധിച്ചുവരുന്ന സാന്നിധ്യം ആഭ്യന്തര വിമാനക്കമ്പനികൾക്ക്, പ്രത്യേകിച്ച് ഹ്രസ്വദൂര റൂട്ടുകളിൽ കനത്ത മത്സരം ഉയർത്തുന്നതിന് കാരണമാകും,” സോൺ അവകാശപ്പെടുന്നു.
വാണിജ്യപരമായി പ്രാധാന്യമുള്ള പല സംസ്ഥാനങ്ങളിലേക്കും നഗരങ്ങളിലേക്കും മികച്ച കണക്റ്റിവിറ്റി വാഗ്ദാനം ചെയ്യുന്ന വന്ദേ ഭാരത് ട്രെയിനുകളുടെ സ്വാധീനം നാൾക്കുനാൾ വർധിച്ചുകൊണ്ടിരിക്കുന്നുവെന്നും വടക്കൻ റെയിൽവേ അറിയിച്ചു. “25-34, 35-49 വയസ് പ്രായമുള്ള തൊഴിലാളി സമൂഹം യാത്രാ സമയം കുറയുന്നുവെന്ന കാരണത്താൽ വന്ദേഭാരത് തെരഞ്ഞെടുക്കുന്നു. ട്രാഫിക്കിനെക്കുറിച്ചുള്ള ആശങ്കകളും അവരുടെ ബജറ്റിനുള്ളിൽ താങ്ങാനാവുന്ന നിരക്കും കാരണം അവരുടെ ദൈനംദിന യാത്രയ്‌ക്ക് ഈ ട്രെയിനുകളെ തിരഞ്ഞെടുക്കുന്നു,” സോൺ അധികൃതർ പറഞ്ഞു. മുതിർന്ന പൗരന്മാർ പോലും വന്ദേ ഭാരത് എക്സ്പ്രസിനൊപ്പം യാത്ര ചെയ്യാൻ ഏറെ താൽപര്യം കാണിക്കുന്നു.
കിഴക്കൻ മേഖല
കിഴക്കൻ മേഖലയുടെ കീഴിലുള്ള ഹൗറ-ന്യൂ ജൽപായ്ഗുരി വന്ദേ ഭാരത് എക്‌സ്‌പ്രസ് ട്രാൻസ്‌ജെൻഡർ യാത്രക്കാർ ഉൾപ്പെടെയുള്ള യാത്രാ പ്രേമികളുടെ യാത്രയിൽ ശ്രദ്ധേയമായ വർദ്ധന റിപ്പോർട്ട് ചെയ്തതായി സോണിൽ നിന്നുള്ള ഔദ്യോഗിക പ്രസ്താവന അവകാശപ്പെടുന്നു. സോണിൽ നിന്നുള്ള റിപ്പോർട്ട് അനുസരിച്ച്, ഒക്ടോബർ 16, 19 തീയതികളിൽ ട്രെയിനിന്റെ ചെയർ കാറും എക്‌സിക്യൂട്ടീവ് ക്ലാസ് കമ്പാർട്ടുമെന്റുകളും മുഴുവൻ സീറ്റുകളും ബുക്ക് ചെയ്യപ്പെട്ടിരുന്നു. ഇത് യാത്രക്കാർക്കിടയിൽ വന്ദേ ഭാരത് എക്‌സ്പ്രസിന്റെ വർദ്ധിച്ചുവരുന്ന ജനപ്രീതിയും വിശ്വാസ്യതയും ഉയർത്തിക്കാട്ടുന്നു. ചെയർകാർ, എക്‌സിക്യൂട്ടീവ് ക്ലാസ് കമ്പാർട്ടുമെന്റുകളിൽ 100 ശതമാനത്തിന് മുകളിലാണ് യാത്രക്കാരുടെ ബുക്കിങ് എന്നും അധികൃതർ പറഞ്ഞു.
“ഹൗറ-ന്യൂ ജൽപായ്ഗുരി വന്ദേ ഭാരത് റൂട്ടിലെ ടിക്കറ്റ് ബുക്കിംഗിന്റെ ഈ സൂപ്പർ സാച്ചുറേഷൻ, ഡാർജിലിംഗ് ഹിമാലയൻ അല്ലെങ്കിൽ ഡോർസ് മേഖലയിലേക്കുള്ള വന്ദേ ഭാരത് വഴി യാത്ര ചെയ്യാനുള്ള വിനോദസഞ്ചാരികളുടെ ഉയർന്ന താൽപര്യമാണ് കാണിക്കുന്നത്,” പ്രസ്താവന കൂട്ടിച്ചേർത്തു.
റെയിൽവേ മന്ത്രാലയം വൈവിധ്യങ്ങളെ സ്വാഗതം ചെയ്യുന്ന ഒരു പരിസ്ഥിതിയെ പരിപോഷിപ്പിക്കുകയും എല്ലാവരെയും ഉൾക്കൊള്ളുന്നതും താങ്ങാനാകുന്നതുമായ യാത്രാ സൗകര്യങ്ങളിൽ തുല്യമായ പ്രവേശനം പ്രോത്സാഹിപ്പിക്കുകയാണെന്നും സോൺ കൂട്ടിച്ചേർത്തു. “അടുത്ത കാലത്ത്, ആകെ 43 ട്രാൻസ്‌ജെൻഡർ യാത്രക്കാർ ഹൗറ-ന്യൂ ജൽപായ്ഗുരി-ഹൗറ വന്ദേ ഭാരത് എക്‌സ്‌പ്രസിൽ യാത്ര ചെയ്‌തു,” അതിൽ കൂട്ടിച്ചേർത്തു.
വടക്കുകിഴക്കൻ റെയിൽവേ
മെയ് മാസത്തിൽ പ്രവർത്തനം ആരംഭിച്ച പുതിയ ജൽപായ്ഗുരി-ഗുവാഹത്തി-ന്യൂ ജൽപായ്ഗുരി വന്ദേ ഭാരത് ആണ് ഈ സോണിലെ ആദ്യത്തേത്. ആരംഭിച്ചത് മുതൽ, ട്രെയിനിന്റെ ശരാശരി ടിക്കറ്റ് ബുക്കിങ് ഏകദേശം 95 ശതമാനമാണ്. ന്യൂ ജൽപായ്ഗുരി-ഗുവാഹത്തി സർവീസ് 96.93 ശതമാനവും ഗുവാഹത്തി-ന്യൂ ജൽപായ്ഗുരി സർവീസ് ശരാശരി 93 ശതമാനവും ബുക്കിങ് ലഭിക്കുന്നുണ്ടെന്ന് കഴിഞ്ഞ മാസം വരെയുള്ള കണക്കുകൾ കാണിക്കുന്നു. ഈ ട്രെയിൻ യാത്രക്കാരുടെ ശരാശരി യാത്രാ സമയം ഏകദേശം ഒന്നര മണിക്കൂർ കുറച്ചു. “ന്യൂ കൂച്ച് ബെഹാർ, ന്യൂ അലിപുർദുവാർ, കൊക്രജാർ, ന്യൂ ബോംഗൈഗാവ് എന്നീ നഗരങ്ങളെ ബന്ധിപ്പിച്ച് യാത്ര ചെയ്യുന്ന വിവിധ വിഭാഗം ആളുകൾക്ക് പുറമെ വ്യാപാരികളും ബിസിനസുകാരും പുതിയ വന്ദേഭാരത് എക്സ്പ്രസിനെ സ്വാഗതം ചെയ്യുന്നു” സോൺ അവകാശപ്പെട്ടു.
ദക്ഷിണ കിഴക്കൻ റെയിൽവേ
ദക്ഷിണ കിഴക്കൻ റെയിൽവേ നിലവിൽ നാല് വന്ദേ ഭാരത് ട്രെയിനുകൾ ഓടിക്കുന്നു – ഹൗറ-പുരി, ഹൗറ-റാഞ്ചി, റാഞ്ചി-പാറ്റ്ന, റൂർക്കേല-പുരി എന്നീ റൂട്ടുകളിലാണ് ഈ വന്ദേഭാരത് ട്രെയിനുകൾ ഓടുന്നത്. “സൌകര്യവും കൃത്യസമയത്തുള്ള സേവനവും സമയ ലാഭവും ആഗ്രഹിക്കുന്ന രാജ്യത്തെ യുവാക്കളും തൊഴിലാളി വർഗവും, അവരുടെ ആവശ്യങ്ങൾക്ക് അനുസൃതമായി വന്ദേ ഭാരത് എക്‌സ്‌പ്രസിന്റെ ആരാധകരാണ്. ദക്ഷിണ കിഴക്കൻ റെയിൽവേയിലെ വന്ദേ ഭാരത് ട്രെയിനുകളുടെ ഡാറ്റ കാണിക്കുന്നത്, ശരാശരി 35 വയസ് പ്രായമുള്ളവരാണ് ഈ ട്രെയിനുകളിലെ കൂടുതൽ യാത്രക്കാരും. വേഗമേറിയതും സുഖകരവും സുരക്ഷിതവുമായ യാത്രയ്ക്കായി അവർ മറ്റ് ഗതാഗത മാർഗങ്ങളേക്കാൾ വന്ദേ ഭാരതിനെയാണ് ഇഷ്ടപ്പെടുന്നത്, ”സോൺ അവകാശപ്പെട്ടു. മൊത്തം യാത്രക്കാരിൽ 13 ശതമാനവും മുതിർന്ന പൗരന്മാരാണെന്നും സോണൽ സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നു.
ദക്ഷിണമധ്യ റെയിൽവേ
ദക്ഷിണമധ്യ റെയിൽവേ സോണിൽ നിലവിൽ അഞ്ച് വന്ദേ ഭാരത് ട്രെയിനുകൾക്ക് 100 ശതമാനത്തിലധികം ബുക്കിങ് ലഭിക്കുന്നുണ്ട്. തിരുപ്പതി-സെക്കന്ദരാബാദ്, സെക്കന്തരാബാദ്-വിശാഖപട്ടണം, സെക്കന്തരാബാദ്-തിരുപ്പതി, ഹൈദരാബാദ്-ബെംഗളൂരു, വിജയവാഡ-ചെന്നൈ റൂട്ടുകളിലാണ് സർവീസ് നടത്തുന്നത്. ഈ ട്രെയിനുകളിൽ ശരാശരി 29.08 ശതമാനം യാത്രക്കാരും 25-34 വയസ്സിനിടയിൽ പ്രായമുള്ളവരാണെന്നും സോൺ അവകാശപ്പെട്ടു. അതുപോലെ, നോർത്ത് വെസ്റ്റേൺ റെയിൽവേയിലും, ഏകദേശം 40 ശതമാനം യാത്രക്കാരും യുവാക്കളും 25 നും 49 നും ഇടയിൽ പ്രായമുള്ള തൊഴിലാളി വിഭാഗത്തിൽ നിന്നുള്ളവരാണ്. വന്ദേ ഭാരത് അവതരിപ്പിച്ചത് ഈ മേഖലയിലെ വിമാന യാത്രയെ നല്ലരീതിയിൽ ബാധിച്ചതായും ബാധിച്ചിട്ടുണ്ടെന്നും നോർത്ത് വെസ്റ്റേൺ റെയിൽവേ സോൺ അവകാശപ്പെട്ടു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.