ന്യൂഡൽഹി
വടക്കു കിഴക്കൻ മേഖലയിൽ ആരംഭിച്ച രണ്ടുദിവസത്തെ യുദ്ധാഭ്യാസത്തിന് തവാങ് സംഘർഷവുമായി ബന്ധമില്ലെന്ന് വ്യോമസേന. സൈനികർക്ക് പതിവ് പരിശീലനം നൽകുന്നതിന്റെ ഭാഗമാണിത്. യുദ്ധവിമാനങ്ങൾക്കു പുറമെ സേനയുടെ ചരക്കുവിമാനങ്ങളും ഹെലികോപ്‌റ്ററും ആളില്ലാ വിമാനങ്ങളും (യുഎവി) പരിശീലനം നടത്തുന്നു. വെള്ളിയാഴ്‌ചയും തുടരും. അസമിലെ തേജ്‌പുർ, ചാബുവാ, ജോർഹട്ട് വ്യോമതാവളങ്ങളിലും ബംഗാളിലെ ഹാഷിമാരാ വ്യോമതാവളങ്ങളിലുമാണ് അഭ്യാസം. റഫേൽ യുദ്ധവിമാനങ്ങൾ നിലയുറപ്പിച്ചിട്ടുള്ള താവളംകൂടിയാണ് ഹാഷിമാരാ. ചൈനാ അതിർത്തിയിലെ വ്യോമസേനയുടെ ശേഷികാണിക്കൽകൂടി ലക്ഷ്യമിട്ടിട്ടുണ്ട്.
കഴിഞ്ഞ വെള്ളിയാഴ്‌ച തവാങ് മേഖലയോട് ചേർന്നുള്ള നിയന്ത്രണരേഖയിൽ ഇന്ത്യയുടെയും ചൈനയുടെയും സൈനികർ തമ്മിൽ സംഘർഷം ഉടലെടുത്തിരുന്നു. ഇതേത്തുടർന്നാണ് കിഴക്കൻ എയർ കമാൻഡിന്റെ യുദ്ധാഭ്യാസമെന്ന വാർത്തയാണ് വ്യോമസേന തള്ളിയത്.
സഭയില്‍ ചര്‍ച്ചയില്ല
തവാങ് സംഘർഷത്തിൽ ചർച്ച വേണമെന്ന പ്രതിപക്ഷ ആവശ്യത്തോട് വ്യാഴാഴ്‌ചയും സർക്കാർ യോജിച്ചില്ല. പ്രതിപക്ഷ എംപിമാർ സമർപ്പിച്ച നോട്ടീസ് ലോക്‌സഭാ സ്‌പീക്കർ നിരാകരിച്ചു. നിയന്ത്രണരേഖയോട് ചേർന്ന് ചൈന വലിയതോതിൽ നിർമാണപ്രവർത്തനം നടത്തുകയാണെന്നും സൈനികരുടെ അംഗബലം കൂട്ടുകയാണെന്നും വിഷയത്തിൽ വിശദ ചർച്ച ആവശ്യമാണെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാൽ, സർക്കാർ ചർച്ചയോട് തയാറായില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ