കല്ലുവാതുക്കലിൽ കണ്ണടച്ച് യുഡിഎഫും ബിജെപിയും

Spread the love



Thank you for reading this post, don't forget to subscribe!
കൊല്ലം> കല്ലുവാതുക്കൽ പഞ്ചായത്തിലെ ബിജെപി– യുഡിഎഫ് സഖ്യത്തിൽ ഉത്തരംമുട്ടി നേതൃത്വം. ഭരണം ബിജെപിയിൽനിന്ന് എൽഡിഎഫിലേക്കെത്തുമെന്ന സാഹചര്യം വന്നപ്പോഴാണ് യുഡിഎഫും- ബിജെപിയുമായി കല്ലുവാതുക്കൽ പഞ്ചായത്തിൽ സഖ്യമുണ്ടായത്. ബിജെപി പിന്തുണ സ്വീകരിച്ച പഞ്ചായത്ത് അംഗങ്ങൾക്കെതിരെ കോൺഗ്രസ് നടപടിയെടുത്തിട്ടില്ല. സിപിഐ എമ്മാണ് മുഖ്യശത്രുവെന്ന ബിജെപി നേതാക്കളുടെ പ്രഖ്യാപനം അവിശുദ്ധസഖ്യം ബലപ്പെടുത്തുന്നു. കൂടുതൽ സ്ഥലങ്ങളിൽ കൈകോർക്കാമെന്ന ധാരണ ഉണ്ടായെന്നാണ് സൂചന.
കല്ലുവാതുക്കൽ പഞ്ചായത്തിൽ അവിശ്വാസത്തെ തുടർന്നാണ്ബിജെപിക്ക് ഭരണം നഷ്ടപ്പെട്ടത്. പഞ്ചായത്തിൽ ബിജെപിക്ക് ഒമ്പതും യുഡിഎഫിന് എട്ടും എൽഡിഎഫിന് ആറും അംഗങ്ങളുണ്ട്. അഴിമതിയിലും നേതാക്കളുടെ സ്വജനപക്ഷപാതത്തിലും പ്രതിഷേധിച്ച് നാല് ബിജെപി അംഗങ്ങൾ രാജിവച്ച് എൽഡിഎഫുമായി സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചു. എന്നാൽ, ബിജെപിയുടെ അഞ്ച് അം​ഗങ്ങൾ നേരത്തെയുണ്ടാക്കിയ രഹസ്യധാരണയിൽ വോട്ട്ചെയ്തതോടെ 13 വോട്ടുനേടി യുഡിഎഫ് ഭരണത്തിലെത്തുകയായിരുന്നു. ബിജെപിക്ക് പിന്തുണ നൽകിയവരെ 24 മണിക്കൂറിനകം പുറത്താക്കുമെന്നായിരുന്നു അന്ന് ഡിസിസി പ്രസിഡന്റ് പറഞ്ഞത്. എന്നാൽ, വിഷയം കെപിസിസി നേതൃത്വത്തിന്റെ പരിഗണനയിലാണെന്നാണ് ഡിസിസി പ്രസിഡന്റിന്റെ ഇപ്പാഴത്തെ നിലപാട്. യുഡിഎഫിന് പിന്തുണ നൽകിയത് പാർടിയുടെ അറിവോടെയല്ലെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് ബി ബി ഗോപകുമാർ പറഞ്ഞു.
കൊല്ലം ജില്ലയിലെ ഉമ്മന്നൂർ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലും ബിജെപി പിന്തുണയിൽ കോൺഗ്രസ് ഭരണം നേടിയിരുന്നു. എൽഡിഎഫ് ധാരണപ്രകാരം രണ്ടരവർഷം കഴിഞ്ഞപ്പോഴുണ്ടായ മാറ്റത്തെതുടർന്നായിരുന്നു തെരഞ്ഞെടുപ്പ്. കഴിഞ്ഞ ജൂലൈ 26നു നിലവിൽവന്ന ധാരണയോടെ ഇപ്പോഴും ഭരണം തുടരുന്നു. കൊല്ലം കോർപറേഷനിൽ ആറുമാസം മുമ്പ് നടന്ന ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയുടെ വോട്ട് 559ൽ നിന്ന് 47 ആയി കുറഞ്ഞിരുന്നു. തുടർന്ന് എൽഡിഎഫിന് സിറ്റിങ് സീറ്റ് നഷ്ടമാകുകയും യുഡിഎഫ് സ്ഥാനാർഥി വിജയിക്കുകയും ചെയ്തു. വോട്ട്കച്ചവടത്തെക്കുറിച്ചും ബിജെപി നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല.



Source link

Facebook Comments Box
error: Content is protected !!