കേട്ടതിലും കേമിയാണ് കണ്ട നേപ്പാൾ…. കെ ടി ജലീൽ എഴുതുന്നു

Spread the love


Thank you for reading this post, don't forget to subscribe!

നേപ്പാൾ എന്ന നാടിനെ കുറിച്ച് ആദ്യമായി കേട്ടത് കുട്ടിക്കാലത്താണ്. വളാഞ്ചേരി അങ്ങാടിയിൽ മോഷണം പെരുകിയപ്പോൾ കച്ചവടക്കാർ ഒത്തുചേർന്ന് രണ്ട് മൂന്ന് ഗൂർഖകളെ തസ്കരൻമാരിൽ നിന്ന് രക്ഷനേടാൻ കൊണ്ടുവന്നു. അരയിൽ കത്തി തൂക്കി കയ്യിൽ ലാത്തിയുമേന്തി രാത്രി കാലങ്ങളിൽ അങ്ങാടി കാത്ത ശൂരൻമാർ നേപ്പാൾകാരാണെന്ന് പറഞ്ഞ് കേട്ടത് മുതൽ ആ നാടിനോട് ഒരാരാധന തോന്നിയിരുന്നു. പാസ്പോർട്ടും വിസയും ഇല്ലാതെ ഇന്ത്യക്കാർക്ക് പോകാൻ കഴിയുന്ന നാടാണ് നേപ്പാളെന്ന് കോളേജ് പഠന കാലത്ത് മനസ്സിലാക്കിയപ്പോൾ ആ നാടൊന്ന് കാണണമെന്ന മോഹം ഉള്ളിൽ ശക്തിപ്പെട്ടു. മോഹൻലാലിൻ്റെ “ഗാന്ധിനഗർ 2nd സ്ട്രീറ്റ്” എന്ന ഹിറ്റ് സിനിമ കേരളീയർക്ക്  “നേപ്പാളിയായ ഗൂർഖയുടെ” നല്ല മുഖം കാണിച്ച് കൊടുത്തു. മോഹൻലാലിൻ്റെ കഥാപാത്രത്തോടുള്ള അനുകമ്പ നേപ്പാളിയോടുള്ള സഹതാപവും സ്നേഹവുമായി മലയാളികളുടെ മനസ്സിൽ വളർന്നു. അന്നും പോകണം എന്നാഗ്രഹിച്ച നാട് കാണാൻ ഇപ്പോഴാണ് സമയം ഒത്തുകിട്ടിയത്.

നേപ്പാൾ കൺനിറയെ കണ്ടു. തെരുവുകളിൽ സാധാരണ മനുഷ്യരോട് സംസാരിച്ചു. മക്കാനികളിൽ നിന്ന് ചായ കുടിച്ചു. ആളുകളോട് ആശയവിനിമയം നടത്തി. എത്ര സ്നേഹമുള്ളവരാണ് നേപ്പാളികളെന്ന് തൊട്ടറിഞ്ഞു. ന്യൂറോഡ് മെഹംഘളിൽ വൈകുന്നേരം നാട്ടുവർത്തമാനം പറഞ്ഞിരുന്ന ദേശവാസികളുടെ കൂടെച്ചേർന്നു. ഒരു മണിക്കൂറോളം അവിടെ ചെലവിട്ടു. ജീവിതത്തിൻ്റെ നാനാ തുറകളിലുള്ളവർ നാട്ടിൻപുറങ്ങളിലെ ആൽചുവട്ടിലെന്ന പോലെ നഗര മദ്ധ്യത്തിലെ കാർപാർക്കിംഗ് കോർണറിലെ ബെഞ്ചിലും സ്റ്റൂളിലുമായി ഇരുന്ന് കളിതമാശകൾ പങ്കുവെച്ചു. സംസാരം മുറുകുന്നതിനിടയിൽ ചായ കുടിക്കാൻ കല്ലാഭരണങ്ങൾ നടന്ന് വിൽക്കുന്ന ആയിഷാഭായ് കടന്ന് വന്നു. ഹിജാബ് ധരിച്ചിരുന്ന അവർ ഞങ്ങളുടെ ചോദ്യങ്ങൾക്കെല്ലാം നാണം കുണുങ്ങാതെ മറുപടി നൽകി. അവരുടെ ഭർത്താവ് എംബ്രോയിഡറി വർക്കുകൾ ചെയ്യുന്നു. മക്കൾ പഠിക്കുകയാണ്. നേപ്പാളി പണ്ഡിറ്റ് മുതൽ റിട്ടയേഡ് ഡിഫൻസ് ഉദ്യോഗസ്ഥനടക്കം ബീഹാറിൽ നിന്ന് കുടിയേറിയ ‘തേങ്ങാപൂള്’ വിൽപ്പനക്കാരൻ വരെ കൂട്ടത്തിൽ ഉണ്ടായിരുന്നു. ധന്യമായ ഒരു സായാഹ്നം പിന്നിട്ടാണ് നേപ്പാളിൻ്റെ തലസ്ഥാന നഗരത്തിൻ്റെ ഹൃദയ ഭൂമിയിലൂടെ കാഴ്ചകൾ കണ്ട് നടന്നത്. തുടർന്ന് പൗരാണിക ക്ഷേത്രങ്ങളും ബുദ്ധമന്ദിറുകളും മസ്ജിദുകളും പാർക്കുകളും നീണ്ടുപരന്ന് കിടക്കുന്ന വിവിധ തെരുവുകളും ചുറ്റിനടന്ന് കണ്ടാസ്വദിച്ചു.

രാത്രി 7 മണിക്ക് കൽക്കത്തയിൽ നിന്ന് സിലിഗുറിയിലേക്ക് വോൾവോ ബസ്സിലാണ് പുറപ്പെട്ടത്. ഒരാൾക്ക് 940 രൂപയാണ് ടിക്കറ്റ് ചാർജ്. പൊതുവെ നല്ല റോഡുകളായത് കൊണ്ട് യാത്ര ദുഷ്കരമല്ല. രാത്രി 11 മണിക്ക് കിസ്ന നഗറിൽ  ഭക്ഷണത്തിനായി ബസ്സ് നിർത്തി. ടൂറിസ്റ്റ് ബസ്സുകൾ വേറെയും അവിടെ നിർത്തിയിരുന്നു. ഹോട്ടലിൽ നല്ല തിരക്ക്. പതിനഞ്ച് മിനുട്ട് ഇടവേളക്ക് ശേഷം യാത്ര തുടർന്നു. ബസ്സിൽ തന്നെ ഉണ്ടായിരുന്ന കമ്പിളി കൊണ്ട് പുതച്ച് നന്നായി ഉറങ്ങി. ആകാശത്ത് പകൽ പ്രത്യക്ഷപെട്ട് തുടങ്ങിയപ്പോൾ ഉണർന്നു. വാച്ചിലേക്ക് നോക്കി. സമയം 5.40. പിന്നെ ഇരുഭാഗങ്ങളിലേക്കും കണ്ണോടിച്ചിരുന്നു. നല്ല റോഡുകൾ. ഫ്ലൈഓവറുകളുടെ പണി നടക്കുന്നിടങ്ങളിലും റോഡ് പണികൾ പുരോഗമിക്കുന്നിടങ്ങളിലും കുണ്ടും കുഴികളും കാരണം കുത്തിക്കുലുക്കം അനുഭവപ്പെട്ടു. പശ്ചിമ ബംഗാളിൽ ഒരുപാട്  റോഡുകളും മേൽപ്പാലങ്ങളും പുതുതായി വന്നിട്ടുണ്ട്. റോഡിന് ഇരുവശങ്ങളിലായി കിലോമീറ്ററുകൾ നീളത്തിൽ നെൽപ്പാടങ്ങളും ചായത്തോട്ടങ്ങളും കാണാം. നെൽപാടങ്ങൾക്ക് നടുവിൽ പച്ചക്കറി കൃഷിയും വിരളമല്ല. ചില സ്ഥലങ്ങളിൽ റോഡരികിൽ കൈതച്ചക്കയും വിളയിച്ചിട്ടുണ്ട്. ധാരാളം കമുങ്ങുകൾ വീട്ടു പറമ്പുകളിൽ വളർന്ന് നിൽക്കുന്നതും ശ്രദ്ധിച്ചു. വാഴയും തെങ്ങും ഇടക്കിടെ കാണാം. സാധാരണ ഉത്തരേന്ത്യൻ രൂപമല്ല അങ്ങാടികൾക്ക്. വീടുകൾക്ക്  ഒരു കേരള മോഡൽ തോന്നിപ്പിച്ചു. വിശാലമായി പരന്നൊഴുകുന്ന മഹാനന്ദ നദിക്ക് കുറുകെയുള്ള പാലം കടന്ന് രാവിലെ 8 മണിയോടെ സിലിഗുറിയിലെത്തി. കടകൾക്ക് മുന്നിലുള്ള ബോർഡുകളെല്ലാം ഇംഗ്ലീഷിലാണ്. ബംഗാളിയിൽ ഇല്ലെന്നുതന്നെ പറയാം. കൽക്കത്ത സിറ്റിയിലും മറ്റു പല ഭാഗങ്ങളിലും നേരെ മറിച്ചാണ്. ഈ ഭാഗത്തുള്ളവർ ഭാഷയുടെ കാര്യത്തിൽ അത്ര യാഥാസ്ഥിതികരല്ലെന്ന് മനസ്സിലായി. കൂടെയുള്ള സ്വദേശിയായ ജന്നത്തുൽ മലിക്കിനോട് സംശയം തീർത്തു. അദ്ദേഹം എൻ്റെ നിഗമനം ശരിവെച്ചു.

പ്രഭാതകർമ്മങ്ങൾ നിർവഹിച്ച് തെരുവിൽ നിന്ന് പ്രാതലും കഴിച്ച് ഉച്ചക്ക് പന്ത്രണ്ട് മണിയോടെ സിലിഗുറിയിൽ നിന്ന് മാരുതി വാഗണറിൽ ഇന്ത്യൻ അതിർത്തി പ്രദേശമായ വാട്ടർടങ്കിലേക്ക് നീങ്ങി. ഏകദേശം ഒരു മണിക്കൂർ യാത്ര. 1500 രൂപയാണ് വണ്ടിക്കാരന് കൊടുത്തത്. മടിച്ചാണെങ്കിലും എ.സി ഓണാക്കാൻ ഡ്രൈവർ സന്നദ്ധനായി. വഴിയിലുടനീളം നല്ല മഴയായിരുന്നു. ബോർഡറിൽ നിന്ന് ടോട്ടോയിലാണ് (മോട്ടോർ സൈക്കിളിൽ ഓട്ടോ ബോഡി പിടിപ്പിച്ച മുചക്ര വാഹനം) നേപ്പാൾ അതിർത്തി നഗരത്തിലേക്ക് പോകേണ്ടത്. സാമാന്യം വീതിയുള്ള മെച്ചി നദിയാണ് ഇരു രാജ്യങ്ങളെയും വേർതിരിക്കുന്നത്. മെച്ചിക്ക് കുറുകെയുള്ള പാലം കടക്കുമ്പോൾ ചെക്ക്പോസ്റ്റിൽ ഇന്ത്യൻ പട്ടാളം നിലയുറപ്പിച്ചിട്ടുണ്ട്. അവർ തിരിച്ചറിയൽ കാർഡ് ചോദിച്ചു. അത് കാണിച്ചപ്പോൾ മുന്നോട്ട് ചലിക്കാൻ അനുവാദം കിട്ടി. പാലത്തിൻ്റെ നടുവിലെത്തിയപ്പോൾ ടോട്ടോ നിന്നു. ഇന്ത്യൻ റജിസ്റേറഡ്  വാഹനങൾക്ക് അതുവരെ വരാനേ അനുവാദമുള്ളൂ. തൊട്ടു മുന്നിൽ നിർത്തിയിട്ട ടോട്ടോ കാണിച്ച് അതിൽ കയറാൻ ഡ്രൈവർ പറഞ്ഞു. ശേഷമുള്ള യാത്ര നേപ്പാൾ റെജിസ്റ്റേഡ് ടോട്ടോയിൽ. രണ്ട് ടോട്ടോക്കുമായി 150 രൂപ ചാർജ്. ഒന്ന് നീട്ടി നോക്കിയാൽ കാണുന്ന ദൂരമേയുള്ളൂ ഇന്ത്യയും നേപ്പാളും തമ്മിൽ. പാലം കടന്ന് നേപ്പാൾ അതിർത്തിയിലെ കക്കർബിട്ട നഗരത്തിലെത്തി. ഒരു വിദേശ രാജ്യത്തെത്തിയ അനുഭൂതിയല്ല തോന്നിയത്. വൃത്തിയുള്ള ഒരു ഉത്തരേന്ത്യൻ പട്ടണത്തിലെത്തിപ്പെട്ട മേനി. നേപ്പാളികൾ വിദേശികളായല്ല ഇന്ത്യക്കാരെ കാണുന്നത്. സ്വന്തക്കാരായിട്ടാണ്.

നേപ്പാളിലെത്തിയ ഉടൻ തലസ്ഥാനമായ കാഠ്മണ്ഡുവിലേക്ക് പോകാൻ ബസ് ടിക്കറ്റ് ബുക്ക് ചെയ്തു. എ.സി ബസ്സിന് ഒരാൾക്ക് 1560 ഇന്ത്യൻ രൂപയാണ് ട്രാവൽ ഏജൻസി ഈടാക്കിയത്. ഉച്ചക്ക് ശേഷം 2.30 ന് പുറപ്പെട്ടാൽ തൊട്ടടുത്ത ദിവസം രാവിലെ ഒൻപത് മണിയോടെ എത്തുമെന്ന് ഏജൻസിക്കാർ പറഞ്ഞു. ഒരു സാധാരണ നേപ്പാൾ ഹോട്ടലിൽ നിന്ന് ചോറും കോഴിമുട്ട പൊരിച്ചതും കറിയും കഴിച്ചു. 2.15 ന് തന്നെ ബസ്സിൽ കയറിപ്പറ്റി. ബുക്കിംഗ് നേരത്തെ ചെയ്യാത്തത് കൊണ്ട് പിൻസീറ്റിലാണ് ഇരിപ്പിടം കിട്ടിയത്. സൗകര്യമുള്ള സീറ്റ് കിട്ടാൻ അടുത്ത ദിവസത്തേക്ക് യാത്ര മാറ്റണം. അങ്ങിനെ വന്നാൽ നേപ്പാളിൽ ചെലവിടേണ്ട ഒരു ദിവസം വെട്ടിച്ചുരുക്കേണ്ടി വരും. പിൻസീറ്റെങ്കിൽ പിൻസീറ്റ്. പോകാൻ തന്നെ നിശ്ചയിച്ചു.

നേപ്പാൾ അതിർത്തി പട്ടണത്തിൽ വെച്ച് ശേഖർ കുമാർ പുരിയെ പരിചയപ്പെട്ടു. അദ്ദേഹത്തിന് മലയാളികളെ നന്നായറിയാം. ഹരിയാനയിലെ ഐ.ഒ.സി.എൽ റിഫൈനറിയിൽ ജോലി ചെയ്തിരുന്നപ്പോൾ കേരളക്കാരെ പരിചയമുണ്ട്. മലയാളികൾ സംസാരിക്കാനും പെരുമാറാനും നല്ലവരാണെന്നാണ് കുമാർ പുരിയുടെ പക്ഷം. നീണ്ട ബസ് യാത്ര കാഴ്ചകളുടെ വർണ്ണപ്രപഞ്ചമാണ് തീർത്തത്. കുന്നിൻ ചെരുവുകളിലും കുന്നിൻ പുറങ്ങളിലുമാണ് കേരളത്തിലെ തേയിലത്തോട്ടങ്ങൾ. എന്നാൽ സമതല പ്രദേശങ്ങളിൽ ഏക്കർ കണക്കിൽ തേയിലത്തോട്ടങ്ങളാണ് നേപ്പാളിനോട് ചേർന്ന ഇന്ത്യൻ ഭൂപ്രദേശങ്ങളിലും നേപ്പാളിൻ്റെ അതിർത്തി ഗ്രാമങ്ങളിലും കണ്ടത്. നീണ്ട നെൽവയലുകൾ കണ്ണിന് കുളിരേകും. പുഴകൾക്ക് നടുവിലും ഓരങ്ങളിലും ഭാരതപ്പുഴയിലേതുപോലെ വലിയ പുല്ലുകൾ ആളോളം ഉയരത്തിൽ വളർന്ന് നിൽക്കുന്നു. റോഡിനിരുവശങ്ങളിലുമുള്ള വാസ ഗൃഹങ്ങളൊക്കെത്തന്നെ ഭേദപ്പെട്ടവയാണ്. വീടുകളുടെ കാര്യത്തിൽ നേപ്പാളിന് ഒരു കേരള നിറമുണ്ട്. പ്രായമായവരിൽ നല്ലൊരു ശതമാനം വർണ്ണപ്പകിട്ടാർന്ന നേപ്പാളി തൊപ്പി ധരിച്ചത് കൗതുകം പകർന്നു.

ഏകദേശം 650 കിലോമീറ്റർ ദൂരമുണ്ട് കക്കർബിട്ടയിൽ നിന്ന് തലസ്ഥാനത്തേക്ക്. വാഴയും കമുങ്ങും വഴിയിലുടനീളം വളർന്ന് നിന്നു. അപൂർവ്വമാണെങ്കിലും തെങ്ങുകളും. ചില സ്ഥലങ്ങളിലൂടെ കടന്ന് പോകുമ്പോൾ ഇടുക്കിയിലെ സ്റ്റേറ്റ് ഹൈവെയിലൂടെ പോകും പോലെ തോന്നും. വീടുകൾ വലിയ മതിലുകൾ കെട്ടി വേർതിരിച്ചിട്ടില്ല. പുറം ലോകവുമായുള്ള അവരുടെ അടുപ്പത്തെയാവാം അത് സൂചിപ്പിക്കുന്നത്. പൊതുവെ നേപ്പാളികൾ സമാധാന പ്രിയരാണ്. അതവരുടെ നടപ്പിലും ഇരുപ്പിലും പ്രകടമാണ്. പഴയ കാലത്തെ മുളവേലികൾ വീടുകളോട് ചേർന്ന് ധാരാളം കാണാനിടയായി. മുളംകാടുകളും ഒരുപാടുണ്ട്. ചെറിയ അരുവികളും അതിനോട് ചേർന്ന് നാൽക്കാലികൾ മേയുന്നതും യാത്രക്കിടയിൽ നയന സുഖം നൽകി. ജനങ്ങൾ ഏതെങ്കിലും സ്ഥലങ്ങളിൽ കേന്ദ്രീകരിക്കാതെ പരന്നാണ് താമസിക്കുന്നത്. ചില പ്രദേശങ്ങളിൽ റോഡിൻ്റെ ഒരു വശം തീർത്തും വിജനമാണ്. മറുഭാഗം ജനസാന്ദ്രീകൃതവും. അങ്ങാടികൾ വരുമ്പോൾ റോഡിൻ്റെ ഇരു സൈഡുകളിലും വീടുകളും കെട്ടിടങ്ങളും നിറഞ്ഞ് നിൽപ്പുണ്ട്.

കേരളം പോലെ പുഴകളാൽ സമൃദ്ധമാണ് നേപ്പാൾ. കാഠ്മണ്ഡുവിലേക്കുള്ള യാത്രാമദ്ധ്യേ വിരലിൽ എണ്ണാവുന്നതിലപ്പുറം പുഴകളാണ് പാലം വഴി മുറിച്ചു കടന്നത്. വനമേഖയിലേക്ക് കടന്നാൽ ജനവാസമേ കാണില്ല. ഇടക്കിടെ മഴ ലഭിക്കുന്നതിനാൽ വൃക്ഷങ്ങളാലും പച്ചപ്പിനാലും നിബിഢമാണ് നേപ്പാൾ. യാത്രയുടെ വലിയ ഭാഗവും കാട്ടിലൂടെയാണ്. ചുരത്തിലൂടെ മല കയറുമ്പോൾ ഉൾഭയം തോന്നിയാൽ അൽഭുതമില്ല. റോഡിൻ്റെ പാർശ്വങ്ങളും അങ്ങാടികളും വൃത്തിയുള്ളതാണ്. ചപ്പുചവറുകളുടെ കൂമ്പാരങ്ങൾ പരതി നോക്കിയെങ്കിലും ‘നിരാശനാ’യി. വിഷവളങ്ങളൊന്നും ചേർക്കാതെയാണ് നേപ്പാളികൾ കൃഷി ചെയ്യന്നതെന്ന് സഹയാത്രികനായ ആന്ധ്ര സ്വദേശി ജശ്വ പറഞ്ഞു. അദ്ദേഹം കൃസ്ത്യൻ മിഷനറിയുടെ ഭാഗമായി നേപ്പാളിലുടനീളം പ്രവർത്തിക്കുന്നയാളാണ്.

സമതല യാത്രക്ക് ശേഷം രാത്രിയോടെ വനമേഖലയിലേക്ക് കടന്നു. ഇടക്കിടെ ബസ്സ് നിർത്തി ആളുകളുടെ മുഷിപ്പ് അകറ്റുന്നുണ്ട്. നീണ്ട ചുരത്തിലൂടെയുള്ള യാത്ര പ്രയാസപൂർണ്ണമാണ്. ടൂറിസ്റ്റ് ബസ്സുകളും വലിയ ലോറികളും റോഡിലൂടെ തലങ്ങും വിലങ്ങും പായുന്നു. സാധാരണ ഗതിയിൽ 18 മണിക്കൂറാണ് ബസ് യാത്രക്ക്  കാഠ്മണ്ഡുവിൽ എത്താനെടുക്കുക. ചാറ്റൽമഴ കാരണം പലതവണ ചുരത്തിൽ കുരുങ്ങിക്കിടന്നു. മലനിരകളുടെ ഏറ്റവും താഴെനിന്ന് വേണം അതിൻ്റെ മുകളിൽ കെട്ടിപ്പൊക്കിയ നേപ്പാളിൻ്റെ തലസ്ഥാനത്തെത്താൻ. ചുരത്തിൻ്റെ മുകളിൽ നിന്ന് നോക്കെത്താ ദൂരത്ത് ഹിമാലയം കാണാം. ചുരം കഴിഞ്ഞ് താഴെയിറങ്ങി ഒരുപാട് ദൂരം ‘സേത്തികൊസി’ നദിയുടെ തീരത്തു കൂടെയാണ് കടന്ന് പോയത്. കുന്നിൻ്റെ താഴ്വാരങ്ങളിൽ ജനവാസവും കൃഷിയുമുണ്ട്. അധികവും നെൽകൃഷിയാണ്. പുഴയിൽ നിറയെ വെള്ളാരം കല്ലുകളാണ്. രാത്രിയുടെ മങ്ങിയ നക്ഷത്ര വെളിച്ചത്തിൽ അവ തിളങ്ങിക്കിടന്നു.

ചുരത്തിലൂടെയുള്ള യാത്ര സാഹസികമാണ്. പലസ്ഥലത്തും സംരക്ഷണ ഭിത്തിയേ ഇല്ല. ആഴമേറിയ ഗർത്തങ്ങൾ സഞ്ചാരികളെ ഭയപ്പെടുത്തും. ചുരത്തിൽ ഇടിഞ്ഞ ഭാഗങ്ങൾ കെട്ടുന്ന പ്രവൃത്തി നടക്കുന്നതിനാൽ ഏതാണ്ട് രണ്ടു മണിക്കൂറിലധികം ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടി. ബസ്സിൽ നിന്ന് താഴേക്ക് നോക്കിയാൽ ഉള്ളം കാളും. ശരിക്കും ജീവൻ പണയപ്പെടുത്തിയുള്ള യാത്ര. ഒരുകാര്യം തീരുമാനിച്ചിറങ്ങിയാൽ ലക്ഷ്യത്തിലെത്തുംവരെ  പിന്നോട്ടില്ലെന്ന സഹജ വാശി മുന്നോട്ടുതന്നെ നയിച്ചു. ഒച്ചിൻ്റെ ഇഴച്ചിലിനൊടുവിൽ നീണ്ട 20 മണിക്കൂർ പിന്നിട്ട് കുന്നിൻ്റെ നെറുകിലെത്തി. അപ്പോഴാണ് ശരിക്കൊന്ന് ശ്വാസം വീണത്. ബസ്സിൽ എ.സി ഉള്ളതിനാൽ അത്രയെങ്കിലും ക്ഷീണം കുറഞ്ഞു. ജീവിതത്തിൽ ആദ്യമായാണ് ഇത്രയും റിസ്ക് എടുത്ത നീണ്ട ബസ് യാത്ര. വിമാനങ്ങളിൽ നിന്ന് വിമാനങ്ങളിലേക്കും ട്രെയ്നുകളിൽ നിന്ന് ട്രെയ്നുകളിലേക്കും കപ്പലുകളിൽ നിന്ന് കപ്പലുകളിലേക്കുമുള്ള യാത്രാ സുഖം മലമ്പാതകളും ചുരങ്ങളും താണ്ടിയുള്ള കുന്നിൻ ചെരുവുകളിലൂടെ ജീവൻ കയ്യിൽ പിടിച്ചുള്ള യാത്രക്ക് ഉണ്ടാവില്ല. അക്ഷരാർത്ഥത്തിൽ അത് ബോദ്ധ്യമായ മണിക്കൂറുകളാണ് ചുരത്തിൽ തള്ളിനീക്കിയത്.

ദക്ഷിണേഷ്യയിലെ ഒരു ചെറിയ രാജ്യമാണ് ഫെഡറൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് നേപ്പാൾ. 2008 മേയ് 28 നാണ് നേപ്പാൾ സ്വതന്ത്ര റിപ്പബ്ലിക്കായത്. ചൈനയ്ക്കും ഇന്ത്യയ്ക്കും ഇടയിലായി കരകളാൽ ചുറ്റപ്പെട്ടു കിടക്കുകയാണ് നേപ്പാൾ. എൺപത് ശതമാനത്തോളം ജനങ്ങൾ ഹിന്ദുമത വിശ്വാസികളാണ്. 10 ശതമാനം ബുദ്ധർ. അനൗദ്യോഗിക കണക്കനുസരിച്ച് ഏഴു ശതമാനമാനം വരും മുസ്ലിങ്ങൾ. മൂന്നു ശതമാനം ക്രൈസ്തവരും മറ്റുള്ളവരും. എവറസ്റ്റ് അടക്കം ലോകത്തിലെ ഏറ്റവും ഉയരമേറിയ കൊടുമുടികളിൽ എട്ടെണ്ണവും ഇവിടെയാണ്. പുരാതനവും മനോഹരവുമായ ക്ഷേത്രങ്ങളാൽ ധന്യമായ നാടാണ് നേപ്പാൾ റിപ്പബ്ലിക്ക്.  ഇവിടുത്തെ ഏറ്റവും വലിയ നഗരം തലസ്ഥാനമായ കാഠ്മണ്ഡുവാണ്. പൊഖറ, ബിരത്നഗർ, ലളിത്പുർ, ഭക്തപുർ, വീരേന്ദ്രനഗർ, മഹേന്ദ്രനഗർ തുടങ്ങിയവയാണ് മറ്റു എണ്ണപ്പെട്ട നഗരങ്ങൾ.

ഹൈന്ദവ ഭൂരിപക്ഷ രാജ്യമാണെങ്കിലും നേപ്പാൾ ഒരിക്കലും ഒരു മതാധിഷ്ഠിത രാഷ്ട്രമാകാൻ തുനിഞ്ഞിട്ടില്ല. നേപ്പാൾ കോൺഗ്രസ്സും കമ്മ്യൂണിസ്റ്റ് പാർട്ടിയും ഇവിടെ ശക്തമാണ്. ഹിന്ദുമതത്തെ വിശ്വാസമായും മതേതര സോഷ്യലിസ്റ്റ് ജനാധിപത്യ ആശയങ്ങളെ രാഷ്ട്രീയ സംഹിതയായും അംഗീകരിച്ച ജനതയാണ് നേപ്പാൾകാർ. മത വർഗ്ഗീയ ശക്തികളെ അകലത്തിൽ നിർത്തിയവർ. പൂർണ്ണ സസ്യഭുക്കുകളല്ല നേപ്പാളികൾ. ചിക്കനും മട്ടനും ബീഫും പോർക്കും പുഴ മൽസ്യങ്ങളും സുലഭം. വർഗ്ഗീയ സംഘർഷങ്ങൾ കേട്ടുകേൾവി പോലുമില്ല. മതത്തിൻ്റെ പേരിൽ തെരുവിലിട്ട് ആളുകളെ തല്ലിക്കൊല്ലലും കുത്തിക്കൊല്ലലും തീർത്തും അപരിചിതം. ന്യൂനപക്ഷങ്ങൾ നേപ്പാളിൽ പൂർണ്ണ സുരക്ഷിതരാണെന്ന് കണ്ടുമുട്ടിയവർ സാക്ഷ്യപ്പെടുത്തി.

കാഠ്മണ്ഡുവിൻ്റെ ചില തെരുവുകൾക്ക് പഴയ ലണ്ടൻ നഗരത്തിൻ്റെ വാസ്തുവിദ്യാ സൗന്ദര്യമാണ്. നഗരം പരമാവധി വൃത്തിയായി തദ്ദേശ സ്ഥാപനങ്ങൾ സൂക്ഷിക്കുന്നു. മനുഷ്യരല്ല യന്ത്രങ്ങൾ ഘടിപ്പിച്ച വാഹനങ്ങളാണ് പട്ടണം അടിച്ചു വാരുന്നത്. നമ്മുടെ ഒരു രൂപ കൊടുത്താൽ 1.60 നേപ്പാൾ റുപീ കിട്ടും. പക്ഷെ അതിൻ്റെ ആവശ്യം വരില്ല. ഇന്ത്യൻ രൂപ എവിടെക്കൊടുത്താലും സ്വീകരിക്കും. ഉച്ചഭക്ഷണം കഴിഞ്ഞ് ഏറ്റവും പഴക്കമുള്ള ഹൈന്ദവ ക്ഷേത്രമായ കൃഷ്ണ മന്ദിർ കാണാൻ പോയി. നേപ്പാൾ മുഴുവൻ ഹൈന്ദവ, ബുദ്ധ ക്ഷേത്രങ്ങളുടെ കലവറയാണ്. പൗരാണിക വാസ്തു നിർമ്മാണ കലയുടെ ചാരുത മുഴുവൻ ആവാഹിച്ചാണ് കൃഷ്ണ ക്ഷേത്രത്തിലെ ഓരോ കൊച്ചു തൂണും നിൽക്കുന്നത്. ക്ഷേത്രാങ്കണത്തിൽ നല്ല തണുത്ത ശുദ്ധജലം ഒഴുകിവന്ന് കെട്ടിയുണ്ടാക്കിയ ഒരു കുഴിയിൽ പതിക്കുന്നത് കണ്ടു. എവിടെ നിന്നാണ് ജലം വരുന്നതെന്ന് പലരോടും ചോദിച്ചു. കൃത്രിമമായി വല്ലതും അതിനായി ചെയ്ത് വെച്ചിട്ടുണ്ടോ എന്ന കാര്യവും രഹസ്യമായി അന്വേഷിച്ചു.

ഭുമിക്കടിയിൽ നിന്നുള്ള ഉറവ പൊട്ടിയാണ് ശുദ്ധജലം വരുന്നതെന്നും അതൊരിക്കലും നിലക്കാറില്ലെന്നും ഒരാൾ പറഞ്ഞു. മറ്റൊരാളുടെ ഭാഷ്യം ഹിമശൃംഘങ്ങളിൽ നിന്ന് ഭൂമിക്കടിയിലൂടെ കിനിഞ്ഞ് വരുന്നു  എന്നായിരുന്നു. ഏതായാലും വിശ്വാസികൾക്ക് അതൊരു അൽഭുത കാഴ്ചയാണ്.

ഞങ്ങൾ എത്തിയ സമയത്ത് ഒരു സിനിമാ നൃത്തരംഗം അവിടെ ചിത്രീകരിക്കുന്നത് ശ്രദ്ധിച്ചു. അതേ കോമ്പൗണ്ടിൽ ‘ഗോൾഡൻ ടെമ്പിൾ’ എന്ന പേരിൽ വിളിക്കപ്പെടുന്ന പ്രസിദ്ധമായ ഒരു ബുദ്ധ ക്ഷേത്രവുമുണ്ട്.

അത് കാണാൻ പോകവെ വേഷത്തിൽ മുസ്ലിം പെൺകുട്ടികൾ എന്ന് തോന്നിക്കുന്ന രണ്ടുപേരെ കണ്ടുമുട്ടി. കൃഷ്ണ മന്ദിറിൻ്റെ മുറ്റത്ത് ബലൂൺ വിൽക്കുകയാണവർ. ആരും അവരെ ആട്ടിപ്പായിക്കുന്നില്ല. പേര് ചോദിച്ചപ്പോൾ ഊഹം തെറ്റിയില്ല. ജാസ്മിനും സുഹാനയും. കൗമാരത്തിലേക്ക് കടക്കുന്ന സഹോദരിമാർ. നേപ്പാളിലെ ജനഗ്പൂരാണ് സ്വദേശം. അവരുടെ കുടുംബം ജീവിക്കാൻ പട്ടണത്തിലേക്ക് കുടിയേറിയതാണ്. ആവശ്യമില്ലെങ്കിലും അൻപത് രൂപക്ക് രണ്ട് ബലൂണുകൾ വാങ്ങി. നല്ല മനുഷ്യരുള്ളിടത്ത് മതഭേദം സൃഷ്ടിച്ച് ആരും ആരെയും മാറ്റി നിർത്തില്ലല്ലോ? സനാതന ഹൈന്ദവ ധർമ്മത്തിൻ്റെ മഹത്വം ഒരിക്കൽക്കൂടി അരക്കിട്ടുറപ്പിക്കാൻ ആ സംഗമം നിമിത്തമായി. മനസ്സടുപ്പത്തിൽ ഉയർന്നു നിൽക്കുന്ന ഹൈന്ദവ-ബുദ്ധ ക്ഷേത്രങ്ങൾ കാണാൻ എന്തൊരു ചന്തമാണെന്നോ? ഇത്തരം ദൃശ്യങ്ങൾ വിവിധ മത ധാരകളിലെ യാഥാസ്ഥിതിക കാഴ്ചപ്പാടുകളെ കീഴ്മേൽ മറിക്കും.

അവിടെ നിന്ന് പുറത്ത് കടന്ന് ചുറ്റുവട്ടം നോക്കി. ഒരു വൃദ്ധൻ ഞങ്ങൾ സംസാരിക്കുന്നത് ശ്രദ്ധിക്കുന്നു. കാര്യമറിയാതെ ഒന്ന് പരുങ്ങി.

അയാൾ പതുക്കെ നടന്ന് അടുത്ത് വന്നു. പരിചയപ്പെട്ടു. പേര്: സിദ്ദിലാൽ സിംഗ്. നേപ്പാളിൽ രണ്ട് തവണ മന്ത്രിയായയാൾ. ഒരു ടേമിൽ ആഭ്യന്തര മന്ത്രി. രണ്ടാം തവണ നിയമ-പാർലമെൻ്റെറി കാര്യ മാന്ത്രി. നാല് തവണ തുടർച്ചയായി ചിരപുരാതന നഗരമായ ‘പട്ടണയെ’ പ്രതിനിധീകരിച്ച എംപി. നേപ്പാൾ യുണൈറ്റഡ് മാർക്സിസ്റ്റ് ലെനിനിസ്റ്റ് പാർട്ടിയുടെ സമുന്നത നേതാവ്. 87 വയസ്സ്. വാർധക്യ സംബന്ധമായ അസുഖത്താൽ ഉത്തരവാദിത്തങ്ങളിൽ നിന്ന് ഇപ്പോൾ ഒഴിഞ്ഞു നിൽക്കുന്നു. അടിമുടി സാത്വികൻ. സംസാരവും വിനയവും കണ്ടപ്പോൾ സഖാവ് പാലൊളി മുഹമ്മദ് കുട്ടിയെ ഓർത്തു. മന്ത്രിയായിരിക്കെ ഔദ്യോഗിക യാത്രയുടെ ഭാഗമായി മൂന്ന് തവണ തിരുവനന്തപുരത്ത് വന്നിട്ടുണ്ട്. പാർട്ടി ചടങ്ങിൽ പങ്കെടുക്കാൻ രണ്ടു തവണ ഡൽഹിയിലും എത്തി. ജ്യോതിബസുവുമായി അടുത്ത ബന്ധം. സിതാറാം യെച്ചൂരിയെ നല്ല പരിചയം. ഞങ്ങൾ ഒരുപാട് നേരം രാഷ്ട്രീയം ചർച്ച ചെയ്തു. രണ്ടു തവണ നേപ്പാളിൽ മാർക്സിസ്റ്റ് ലെനിനിസ്റ്റ് പാർട്ടി അധികാരത്തിൽ വന്നിട്ടുണ്ട്. ഇപ്പോൾ ഭരണത്തിൽ നേപ്പാൾ കോൺഗ്രസ്സാണ്. കമ്മ്യൂണിസ്റ്റ് പാർട്ടി മുഖ്യ പ്രതിപക്ഷവും. ഞങ്ങൾ കുറേ സമയം സംസാരിച്ചിരുന്നു. അഡ്രസ്സ് കൈമാറി. കൈ കൊടുത്ത് യാത്ര പറഞ്ഞു. ഗുൽസരിലാൽ നന്ദക്കും സഖാവ് എ.കെ.ജിക്കും നേപ്പാളിൽ ജീവിക്കുന്ന ഒരു പിൻമുറക്കാരൻ.

‘പട്ടണ’യിൽ തന്നെ പ്രശസ്തമായ പശുപതി ക്ഷേത്രം ഉണ്ടെന്ന് കേട്ടു. നേരെ അങ്ങോട്ട് വിട്ടു. പശുപതി സന്ദർശകരിൽ നല്ലൊരു ശതമാനം ഇന്ത്യക്കാരാണ്. വെങ്കലത്തിൽ (Bronze) നിർമ്മിച്ച ഭീമാകാരൻ ‘ഗോ പ്രതിഷ്ഠ’ യാണ് അവിടുത്തെ പ്രത്യേകത. പ്രാചീനത വിളിച്ചോതുന്ന നിർമ്മിതി. എല്ലാവർക്കും പ്രവേശനം. ഉപപ്രതിഷ്ഠകൾ ക്ഷേത്രാങ്കണത്തിൽ പത്തുപന്ത്രണ്ടെണ്ണം വേറെയും. ‘ഭഗ്മതി’ നദി ക്ഷേത്രത്തെ ഭേദിച്ചാണ് ഒഴുകുന്നത്. പുഴയുടെ വൃത്തി എടുത്തു പറയേണ്ടതാണ്. നദീ തീരത്ത് ക്ഷേത്രത്തോട് ചേർന്നുള്ള കടവിൽ മൃതദേഹം ദഹിപ്പിക്കുന്നതും പരേതാത്മാക്കൾക്ക് വേണ്ടി ബന്ധുമിത്രങ്ങൾ പുഴയിൽ മുങ്ങിക്കുളിക്കുന്നതും കാണാം. ലോകത്തെ ബുദ്ധമത വിശ്വാസികളുടെ തീർത്ഥാടന കേന്ദ്രമെന്ന് പറയാവുന്ന ‘ബുദ്ധ ഇസ്തുപ’യിലും പോയി. വിദേശികൾ ധാരാളമായി അവിടെ എത്തിയിട്ടുണ്ട്. തിരക്ക് കാരണം അകത്തേക്ക് കടക്കാനായില്ല. ശിവനും വിഷ്ണുവും പ്രധാന പ്രതിഷ്ഠകളായ ബുഡ നീലകണ്ഠ ക്ഷേത്രവും സന്ദർശിച്ചു. അതോടനുബന്ധിച്ച് പ്രവർത്തിക്കുന്ന വേദപഠന കേന്ദ്രത്തിലും പോയി. നേപ്പാളിലെ ബ്രാഹ്മണ സമുദായത്തിലെ കുട്ടികളാണ് അവിടെ താമസിച്ച് പഠിക്കുന്നത്. ക്ഷേത്ര കലകളും സംഗീതവും അനുബന്ധമായി  അഭ്യസിപ്പിക്കുന്നു. കുട്ടികളുമൊത്ത് ഫോട്ടോയെടുത്തു. നിഷ്കളങ്ക ഹൃദയങ്ങൾ. എൻ്റെ മണ്ഡലത്തിലെ ആലത്തിയൂരിലെ അൽഫുർഖാൻ ഖുർആൻ സ്കൂളും അവിടുത്തെ കുട്ടികളുമാണ് തിരിഞ്ഞു നടക്കുമ്പോൾ മനസ്സിൽ ഓടിയെത്തിയത്. സമാനതകൾ അത്രകണ്ടുണ്ട്.

തൊട്ടടുത്ത ദിവസം വെള്ളിയാഴ്ച ആയതിനാൽ ജുമുഅക്ക് (സംഘ പ്രാർത്ഥന) പോകാൻ പള്ളികളുമായി ബന്ധപ്പെട്ട വിവരങ്ങൾ തലേദിവസം അന്വേഷിച്ചു വെച്ചിരുന്നു. പതിനൊന്ന് മണിക്ക് തന്നെ കാഠ്മണ്ഡു നഗരത്തിലെ രണ്ട് പ്രധാന മസ്ജിദുകൾ തേടിയിറങ്ങി.  കാശ്മീരിൽ നിന്ന് നൂറ്റാണ്ടുകൾക്ക് മുമ്പ് നേപ്പാളിലെത്തിയ സൂഫിവര്യൻ ഹസ്രത്ത് ഷാ മിഷ്കിൻ ഷാ റഹ്മതുള്ളയാണ് കാഠ്മണ്ഡുവിലും പരിസരങ്ങളിലും പള്ളികളും മറ്റു മതസ്ഥാപനങ്ങളും പണിതതെന്നാണ് അന്വേഷണത്തിൽ അറിഞ്ഞത്. അതിന് മുമ്പേ ഇസ്ലാം നേപ്പാളിൽ എത്തിയിരുന്നു. മല്ല ഹിന്ദു രാജവംശത്തിലെ  രത്നമല്ല രാജാവാണ് മിഷ്കിൽ ഷായുടെ ആത്മീയ ഔന്നിത്യം മനസ്സിലാക്കി പട്ടണത്തിൻ്റെ സമീപത്ത് ഏക്കർ കണക്കിന് ഭൂമി സൗജന്യമായി അനുവദിച്ചത്. അന്ന് പണിത പള്ളിയും ഖബർസ്ഥാനും 1935 ലുണ്ടായ ഭൂകമ്പത്തിൽ തകർന്നു. നിലവിലുള്ളത് അതിനു ശേഷം പുനർ നിർമ്മിച്ചതാണ്. മിഷ്കിൽ ഷായുടെ ഏറ്റവും അടുത്ത അനുയായിയാണ് ഖാജാ ഗിയാസുദ്ദീൻ ഷാ. ഗുരുവിന് ശേഷം സൂഫീ ദൗത്യം തുടർന്നത് ശിഷ്യനാണ്. ഇരുവരുടെയും മൃതദേഹങ്ങൾ സംസ്കരിച്ചത് നേപ്പാളിലെ പുരാതന പള്ളിയായ കാശ്മീരി മസ്ജിദിനോട് ചേർന്നാണ്.

മസ്ജിദ് കോമ്പൗണ്ടിലെ ബഹുനില കെട്ടിടത്തിൽ മദ്രസ്സയും പ്രവർത്തിക്കുന്നു. വൈകാതെ ഇവിടെയുള്ള വിപുല സൗകര്യം പ്രയോജനപ്പെടുത്തി ഹോസ്റ്റൽ ഉൾപ്പടെ സ്കൂൾ തുടങ്ങാനുള്ള പുറപ്പാടിലാണ് മസ്ജിദ് കമ്മിറ്റി. മുഹമ്മദ് ഹസ്സൻ റസയാണ് ഇക്കാര്യം പറഞ്ഞത്. പരമ്പരാഗതമായ ബിസിനസ്സ് മക്കളെ ഏൽപ്പിച്ച് പള്ളിയുടെ കാര്യങ്ങളിൽ വ്യാപൃതനാണ് റസ സാഹിബ്. നേപ്പാളിൽ ന്യൂനപക്ഷങ്ങൾ  സമ്പൂർണ്ണ സുരക്ഷിതരാണ്. ഉന്നത വിദ്യാഭ്യാസ പഠനത്തിനും സർക്കാർ ജോലിക്കും ന്യൂനപക്ഷങ്ങൾക്ക് സംവരണമുണ്ട്. രാജഭരണത്തിൻ്റെ അവസാന കാലത്ത് ചില വൈഷമ്യങ്ങൾ മുസ്ലിങ്ങൾ നേരിട്ടിരുന്നെങ്കിലും രാജ്യം റിപ്പബ്ലിക്കായതോടെ അതെല്ലാം മാറി. മാർക്സിസ്റ്റ് ലെനിനിസ്റ്റ് പാർട്ടിയും നേപ്പാൾ കോൺഗ്രസും ന്യൂനപക്ഷങ്ങളുടെ അവകാശ സംരക്ഷണ കാര്യങ്ങളിൽ സമാന മനസ്കരാണ്. കാശ്മീരിൽ നിന്ന് പതിറ്റാണ്ടുകൾക്ക് മുമ്പ് കച്ചവടാവശ്യാർത്ഥം  കുടിയേറിയ റസ വിശദീകരിച്ചു.

കാശ്മീരി മസ്ജിദിൽ വെച്ച് നേപ്പാൾ മാർക്സിസ്റ്റ് ലെനിനിസ്റ്റ് പാർട്ടി മെമ്പർ മുനാഫ് മിയയെയും കണ്ടുമുട്ടി. മലയാളികളാണെന്ന്  അറിഞ്ഞപ്പോൾ അദ്ദേഹത്തിന് ആവേശമായി. ഖത്തറിൽ പത്ത് വർഷം ജോലി ചെയ്തിട്ടുണ്ടെന്നും സഹപ്രവർത്തകരായി ധാരാളം മലയാളികൾ പരിചയക്കാരാണെന്നും അദ്ദേഹം അവകാശപ്പെട്ടു. ശൈഖ് അബൂബക്കറിനെ അറിയുമോ എന്നും ആരാഞ്ഞു. എ.പി അബൂബക്കർ മുസല്യാരുടെ നേപ്പാൾ സന്ദർശന വേളയിൽ എടുത്ത ഫോട്ടോ അദ്ദേഹം ഞങ്ങളെ കാണിച്ചു. രത്നമല്ല രാജാവ് തന്നെയാണ് നേപ്പാളി ജുമാമസ്ജിദിനും സ്ഥലം അനുവദിച്ചത്. ഇതിനോട് ചേർന്നാണ് ബീഗം ഹസ്രത്ത് മഹലിൻ്റെ ഖബറിടം സ്ഥിതി ചെയ്യുന്നത്. അതിനൊരു വികാരോജ്ജ്വല ചരിത്രമുണ്ട്. 1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരം അടിച്ചമർത്തി അവധ് ബ്രിട്ടീഷ് സൈന്യം പിടിച്ചു. ബീഗം ഹസ്രത്ത് മഹൽ നാനാ സാഹബുമൊത്ത് പ്രവർത്തിച്ചതും ബ്രിട്ടീഷുകാർക്കെതിരെ ധീരമായി പൊരുതിയതും അവരെ പ്രകോപിപ്പിച്ചിരുന്നു. ബ്രിട്ടീഷുകാർ തൂക്കിലേറ്റിയ വീര രക്തസാക്ഷി ഫൈസാബാദിലെ മൗലവി അഹമ്മദുല്ലയുമായും ചേർന്ന് ബീഗം പട നയിച്ചതും ചരിത്രം.

സ്വാതന്ത്ര്യ സമരം പരാജയപ്പെട്ടതിനെ തുടർന്ന് അവധിലെ ബീഗം ഹസ്രത്ത് മഹലും കുറച്ചനുയായികളും നേപ്പാളിലേക്ക് കടന്നു. രാഷ്ട്രീയാഭയം അവർ അവശ്യപ്പെട്ടില്ലെങ്കിലും നേപ്പാൾ രാജാവ് കാഠ്മണ്ഡുവിൽ താമസിക്കാൻ ബീഗത്തെയും സംഘത്തെയും അനുവദിച്ചു. 1879 ൽ നേപ്പാളിൽ താമസിക്കവെ ഹസ്രത്ത് മഹൽ മരണപ്പെട്ടു. നേപ്പാൾ ജുമാമസ്ജിദിൻ്റെ ഓരത്താണ് അവരെ മറമാടിയത്. മരണാനന്തരം 1962 ആഗസ്റ്റ് 15 ന് ബീഗം ഹസ്രത്ത് മഹലിനെ മാതൃരാജ്യം ആദരിച്ചു. 1857 ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിലെ അവരുടെ മഹത്തായ പങ്ക് ഇന്ത്യ ഔദ്യോഗികമായി അംഗീകരിച്ചു. 1984 മെയ് 10 ന് ബീഗം ഹസ്രതിൻ്റെ ഫോട്ടോ മുദ്രണം ചെയ്ത സ്റ്റാമ്പ് പുറത്തിറക്കി നമ്മുടെ രാഷ്ട്രം ആ സ്വാതന്ത്ര്യസമര സേനാ വനിതയോടുള്ള കൂറും സ്നേഹവും കലവറയില്ലാതെ പ്രഖ്യാപിച്ചു.

ഹസ്രത്ത് മഹലിൻ്റെ ഖബറിടം വൃത്തിയായി സൂക്ഷിച്ചിട്ടുണ്ട്. ശവകുടീരം ഒരു മതിൽ കെട്ടിനുള്ളിലാക്കി ഗേറ്റ് പൂട്ടിയിരുന്നു. ഞങ്ങൾ ഖബറിടം കാണാൻ താൽപര്യം പ്രകടിപ്പിച്ചപ്പോർ സെക്യൂരിറ്റിക്കാരൻ താക്കോലെടുത്ത് വന്ന് തുറന്ന് തന്നു. കുറേയായി ഗേറ്റ് തുറന്നിട്ടെന്ന് തുറക്കാനെടുത്ത സമയം ബോദ്ധ്യപ്പെടുത്തി. ആരും ബീഗത്തിൻ്റെ ഖബറിടം തിരക്കി വരാറില്ലെന്ന് ലക്നോ നദ്വാ കോളേജിൽ പഠിക്കുന്ന ജമാൽ ഖുറൈഷി സംസാരത്തിനിടെ പറഞ്ഞു. തലസ്ഥാനത്തെ  സുന്ദറ തെരുവിൽ നിരവധി പേർ റോഡിൻ്റെ ഓരത്ത് അടുപ്പ് കൂട്ടി ഫ്രഷ് ബീഫ് കബാബ് കണലിൽ വേവിച്ച് വിൽക്കുന്നത് കാണാനിടയായി. ചുരുങ്ങിയ വിലക്ക് കിട്ടുന്ന ബീഫ് കബാബ് ധാരാളം പേർ വാങ്ങിക്കൊണ്ട് പോവുകയും അവിടെ നിന്ന് വാങ്ങിക്കഴിക്കുകയും ചെയ്യുന്നുണ്ട്. ഞങ്ങളും മടിച്ചില്ല. മൂന്ന് കമ്പിയിൽ കോർത്ത ചുടുബീഫ് കബാബ് അകത്താക്കി. നല്ല രുചി. നമ്മുടെ പ്രധാനമന്ത്രിയുടെ ഭാഷ കടമെടുത്താൽ “വേഷം കണ്ടാൽ അറിയാം തെരുവിലെ കബാബ് കച്ചവടക്കാർ ആരാണെന്ന്”. പോർക്കിറച്ചിയും പല കടകളിലും വിൽപ്പനക്ക് വെച്ചിട്ടുണ്ട്. ഉണ്ണാനും ഉടുക്കാനും ഭുജിക്കാനും യാതൊരു നിയന്ത്രണവും ഹൈന്ദവ വിശ്വാസികൾക്ക് മഹാ ഭൂരിപക്ഷമുള്ള നേപ്പാളിൽ ഇല്ല. ബി.ജെ.പിയെ പോലെ ഒരു പാർട്ടി അവിടെ ഭരിക്കാത്തതും അതിനൊരു കാരണമാകാം.

പാക്കോ ന്യൂറോഡ് സ്ട്രീറ്റിൻ്റെ ഒരു ഭാഗത്തെത്തിയപ്പോൾ ജനത്തിരക്ക് കാരണം കോഴിക്കോട് മിഠായിത്തെരുവാണെന്ന് തോന്നി. മൊബൈലുകൾ മാത്രം വിൽക്കുന്ന അതേ തെരുവിലെ മറ്റൊരു സ്ഥലത്തെത്തിയ സമയത്ത് ദുബായ് ദേരാ തെരുവിലാണോ എത്തിപ്പെട്ടതെന്ന് സംശയിച്ചു. സാഹിത്യത്തിലെയും സംഗീതത്തിലെയും സംസ്കാരങ്ങളിലെയും സാമ്യതകൾ ലോകത്തിലെ വിവിധ നഗരങ്ങളുടെ രൂപദൃശ്യങ്ങളിലും കാണാനാകും. അത് കൃത്രിമമായി ഉണ്ടാക്കുന്നതല്ല. യാദൃശ്ചികമായി സംഭവിക്കുന്നതാണ്. മനുഷ്യകുലത്തിൻ്റെ നാനാത്വത്തിലെ ഏകത്വമാണ് എല്ലാ സാമ്യതകളും ഉൽഘോഷിക്കുന്നത്. രണ്ടര ദിവസത്തെ തിരക്കിട്ട കാഴ്ചകൾക്കു ശേഷം ബൽക്കോയിൽ നിന്ന് യാത്രക്കാരെ വിളിച്ച് കയറ്റിപ്പോകുന്ന എ.സി ഇല്ലാത്ത റ്റാറ്റാ സുമോയിൽ അതിർത്തിയായ ബിർഗഞ്ചിലേക്ക് രാവിലെ പത്ത് മണിക്ക് പുറപ്പെട്ടു. 520 (850 നേപ്പാൾ റുപ്പി) ഇന്ത്യൻ രൂപയാണ് 4 മണിക്കൂർ യാത്രക്ക് ഒരാളിൽ നിന്ന് ഈടാക്കുന്നത്. എന്നെക്കൂടാതെ ഒൻപതുപേർ വേറെയുമുണ്ടായിരുന്നു വാഹനത്തിൽ. വലിയ വാഹനങ്ങളൊന്നും അതുവഴി അനുവദിക്കില്ല. ചെറിയ വഴിയാണ്. ഒരു കുന്നിൽ നിന്ന് മറ്റൊരു കുന്നിലേക്ക് പോകുന്തോറും ഉയരം കൂടിക്കൂടിവന്നു. തകർന്ന റോഡുകൾ താണ്ടിയുള്ള സുമോയുടെ പാച്ചിൽ പൊടി പാറ്റിക്കൊണ്ടേയിരുന്നു. കയ്യിൽ കരുതിയ മാസ്ക് ഉപകാരപ്പെട്ടു. വായയും മൂക്കും പൊടിയുടെ ആക്രമണത്തിൽ പിടിച്ചു നിന്നത് മാസ്കിൻ്റെ ബലത്തിലാണ്. മലഞ്ചെരുവുകളിൽ നേപ്പാളിലെ ഗോത്ര വിഭാഗക്കാരാണ് താമസിക്കുന്നത്. കേരളത്തിലെ ആദിവാസി ഊരുകൾക്ക് സമാനമായ മോശമല്ലാത്ത ഊരുകൾ. അവർ കൃഷി ചെയ്തുണ്ടാക്കിയ പച്ചക്കറികളും പഴങ്ങളും അൽപം വീതിയുള്ള മലമ്പാതയുടെ മൂലകളിൽ വിൽക്കാൻ വെച്ചിട്ടുണ്ട്.

മേൽപ്പോട്ട് കയറുന്തോറും കാറ്റിന് തണുപ്പ് ഏറി വന്നു. ഉയരം കയറുന്തോറും യാത്ര ദുഷ്കരമായി. മൂന്നു മണിക്കൂർ നീണ്ട ഇടുങ്ങിയതും പൊട്ടിപ്പൊളിഞ്ഞതുമായ വലിയ കുന്നിൻ ചെരുവിലൂടെയുള്ള റ്റാറ്റാ സുമോയിലെ സഞ്ചാരം   പേടിപ്പെടുത്തുന്നതായി. നൂറുകണക്കിന് അടി ഉയരത്തിൽ മലയുടെ ഓരം ചേർന്ന് ഉണ്ടാക്കിയ ചുരം യാത്രക്ക് ഒട്ടും സുരക്ഷിതമല്ല. താഴേക്ക് വീണാൽ പൊടി പോലും കിട്ടില്ല. ആഴത്തിലേക്ക് നോക്കിയാൽ തലചുറ്റും. ഞാൻ കണ്ണുചിമ്മി വാഹനത്തിൽ മുറുകെപ്പിടിച്ചിരുന്നു. കാഴ്ചകൾ കണ്ടാസ്വദിക്കാൻ ഭയം അനുവദിച്ചില്ല. മരണഭയം മനുഷ്യൻ്റ സർവ്വ വികാരങ്ങളെയും ചോർത്തിക്കളയുമെന്ന് എവിടെയോ വായിച്ചത് എത്ര അർത്ഥവത്താണെന്ന് തോന്നിയ മണിക്കൂറുകൾ. കുന്നുകൾക്കിടയിലെ ചെറിയ വിടവുകളുടെ മുകളിലും നദികളുടെ കുറുകെയും വീതി കുറഞ്ഞ ഇരുമ്പു പാലങ്ങളാണ് പണിതിരുന്നത്. മലമുകളിൽ നിന്നൊഴുകി വരുന്ന കൊച്ചുകൊച്ചു വെള്ളച്ചാട്ടങ്ങൾ റോഡിനെ പല സ്ഥലത്തും ചെറിയ തോടാക്കി കടന്ന് പോയി പുഴയിൽ ലയിക്കുന്നത് ഭയപ്പാടിനിടയിലും കണ്ണിൽ പതിഞ്ഞു.

ജീവിതത്തിനും മരണത്തിനുമിടയിലെ കുടുസ്സായ മലയോര പാതയിലൂടെ ദൈർഘ്യമേറിയ യാത്ര കഴിഞ്ഞ് വിശാലമായ ആറുവരിപ്പാതയിലേക്ക് കടന്നപ്പോൾ വല്ലാത്തൊരു ഊർജ്ജമാണ് കൈവന്നത്. വരണ്ട ഭൂപ്രദേശങ്ങളോ വെറുതെക്കിടക്കുന്ന തരിശു നിലങ്ങളോ എവിടെയും കാണാനായില്ല. പുല്ലും പൂക്കളും ചെടികളും മരങ്ങളും നേപ്പാളിൻ്റെ മുക്കുമൂലകളിൽ നിറഞ്ഞു നിൽക്കുന്നത് അപാര സൗന്ദര്യമാണ് ആ നാടിന് നൽകിയിരിക്കുന്നത്. അടിമുതൽ മുടിവരെ പച്ചപ്പുതപ്പ് പുതച്ച് മൂടിക്കിടക്കുന്ന നാടിനോട് സലാം പറഞ്ഞ് രാവിലെ പത്തര മണിക്ക് പഴയ ഒരു സുമോയിൽ ആരംഭിച്ച സാഹസിക യാത്ര വൈകുന്നേരം നാല് മണിയോടെ ഇന്ത്യൻ അതിർത്തി നഗരമായ ബീഹാറിലെ റക്സോളിനടുത്തുള്ള നേപ്പാളിലെ അർധനഗരത്തിൽ അവസാനിച്ചു.

ഇന്ത്യൻ അതിർത്തിയോട് അടുക്കുന്തോറും നേപ്പാളിന് ഒരുത്തരേന്ത്യൻ ഭാവപ്പകർച്ച ദർശിക്കാനായി. ഭാഗ്യത്തിന് ഞങ്ങൾ സഞ്ചരിച്ച വാഹനത്തിൻ്റെ ടയർ പഞ്ചറായത് പ്രധാന റോട്ടിലെ ഒരു ടയർ റീസോൾ കടയുടെ മുന്നിൽ വെച്ചാണ്. അതെങ്ങാനും ഇടുങ്ങിയ മലമ്പാതയിൽ വെച്ചായിരുന്നെങ്കിൽ എന്താകുമായിരുന്നു സ്ഥിതി. ഞെട്ടലോടെ ഓർത്തു. ടയർ റിപ്പയറുകാരൻ മുഹമ്മദ് നിസാർ ബീഹാറിലെ റെക്സോൾ സ്വദേശിയാണ്. കട തുടങ്ങാൻ കുടുംബ സമേതം നേപ്പാളിലെ അതിർത്തി നഗരത്തിൻ്റെ പ്രാന്തപ്രദേശത്ത് എത്തിയതാണ്. ടയർ പഞ്ചറടച്ച് അൽപ സമയം വിശ്രമിക്കവെ നിസാറിനോട് നാട്ടു വിശേഷങ്ങൾ ചോദിച്ചു.  ബീഹാറിൽ ഇപ്പോൾ സമാധാനാന്തരീക്ഷമാണെന്നും ഹിന്ദു-മുസ്ലിം ജനവിഭാഗങ്ങൾ നല്ല സൗഹൃദത്തിലാണ് കഴിയുന്നതെന്നും  സംശയലേശമന്യേ അദ്ദേഹം പറഞ്ഞു. നിതീഷ്കുമാർ എല്ലാ മതജന വിഭാഗങ്ങളെയും ഒരു പോലെയാണ് കാണുന്നത്. ഒരുകാലത്ത് വർഗീയ കലാപങ്ങൾക്ക് കുപ്രസിദ്ധി നേടിയ നാട്ടിൽ മതമൈത്രി കളിയാടുന്നു എന്ന് കേട്ടപ്പോൾ എന്തെന്നില്ലാത്ത സന്തോഷം തോന്നി. നേപ്പാൾ-ഇന്ത്യാ അതിർത്തി ഗേറ്റ് കടന്ന് ഓട്ടോ റിക്ഷയിലാണ് ഞങ്ങൾ റക്സോളിൽ എത്തിയത്. അവിടെ നിന്ന് 18 മണിക്കൂർ യാത്ര ചെയ്ത് ട്രെയ്നിൽ കൽക്കത്തയിലെത്തി. പിന്നെ വിമാനത്തിൽ നേരെ കൊച്ചി പിടിച്ചു.

15 ദിവസം നീണ്ടുനിന്ന സാമാന്യം നീണ്ട യാത്ര നൽകിയ അനുഭവങ്ങളും പാഠങ്ങളും ഒരു പക്ഷെ പതിറ്റാണ്ടുകളുടെ വായനയിലൂടെ ലഭിച്ചെന്ന് വരില്ല. എല്ലാ സഞ്ചാരങ്ങളും മാനവികതയുടെ ഉൽകൃഷ്ടതയാണ് വിളിച്ചോതുക. മനുഷ്യർക്കിടയിലെ വൈജാത്യങ്ങളുടെ നിറങ്ങൾ മങ്ങിമങ്ങി വരും. മനുഷ്യകുലത്തിൻ്റെ ഏകതയിൽ നാം ലയിച്ച് ഇല്ലാതാകും. “അനൽ ഹഖ്” അഥവാ മനുഷ്യനാണ് സത്യം (സ്വന്തം വ്യാഖ്യാനം) എന്ന പരമമായ യാഥാർത്ഥ്യം എല്ലാവരും തിരിച്ചറിയും. യാത്ര തുടരും. അകലുന്ന ഹൃദയങ്ങളെ ഒരു മാലയിൽ കോർത്തിണക്കാൻ. വസ്തുതകൾ കണ്ടെത്താൻ. അത് ജനങ്ങളോട് നിർഭയം വിളിച്ചു പറയാൻ.ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

Source link

Facebook Comments Box
error: Content is protected !!