ഗിൽ മുഴക്കം ; ബ്രേസ്‌വെല്ലിന്റെ പോരാട്ടം പാഴായി

Spread the love



ഹൈദരാബാദ്‌

ബ്രേസ്‌വെൽ തീർത്ത കൊടുങ്കാറ്റിൽ ഉലഞ്ഞുപോയെങ്കിലും ന്യൂസിലൻഡുമായുള്ള ആദ്യ ഏകദിനം ഇന്ത്യ നേടി. ശുഭ്‌മാൻ ഗില്ലിന്റെ (149 പന്തിൽ 208) ഇടിമുഴക്കത്തിൽ കടന്നു. 12 റണ്ണിനാണ്‌ ജയം. അവസാന ഓവർവരെ ആവേശംനിറഞ്ഞ കളിയിൽ ഇന്ത്യ ഉയർത്തിയ 350 റൺ ലക്ഷ്യം പിന്തുടർന്ന കിവികൾ 49.2 ഓവറിൽ 337ന്‌ പുറത്തായി. 78 പന്തിൽ 140 റണ്ണെടുത്ത ബ്രേസ്‌വെല്ലിനെ ശാർദൂൽ ഠാക്കൂർ വിക്കറ്റിനുമുന്നിൽ കുരുക്കുകയായിരുന്നു.എട്ടിന്‌ 349 റണ്ണാണ്‌ ഇന്ത്യ നേടിയത്‌.

ഇന്ത്യക്കായി ഗിൽമാത്രം പൊരുതി. തിരുവനന്തപുരത്ത്‌ ശ്രീലങ്കയുമായുള്ള മൂന്നാംഏകദിനത്തിൽ കുറിച്ച സെഞ്ചുറിയുടെ തുടർച്ചയായിരുന്നു ഈ വലംകൈയന്‌. പഴുതുകളില്ലാത്ത ഇന്നിങ്‌സ്‌. ഒമ്പത്‌ സിക്‌സറും 19 ഫോറും. 49–-ാംഓവറിൽ ലോക്കി ഫെർഗൂസനെ തുടർച്ചയായി മൂന്ന്‌ സിക്‌സർ പറത്തിയാണ്‌ ഗിൽ ഇരട്ടസെഞ്ചുറി പൂർത്തിയാക്കിയത്‌. ഏകദിന ക്രിക്കറ്റിലെ 10–-ാംഇരട്ടസെഞ്ചുറിയാണ്‌ പിറന്നത്‌. അതിൽ ഏഴും ഇന്ത്യൻ താരങ്ങളുടേത്‌.

മുപ്പത്തിനാല്‌ റണ്ണെടുത്ത രോഹിത്‌ ശർമയാണ്‌ ഇന്ത്യൻ ഇന്നിങ്‌സിലെ രണ്ടാംറാങ്കുകാരൻ. വിരാട്‌ കോഹ്‌ലി (8), ഇഷാൻ കിഷൻ (5), സൂര്യകുമാർ യാദവ്‌ (31), ഹാർദിക്‌ പാണ്ഡ്യ (28) എന്നിവർ മങ്ങി. മറുപടിക്കെത്തിയ കിവികൾ 28 ഓവറിൽ 6–-131 റണ്ണെന്ന നിലയിലായിരുന്നു. പിന്നെ മിഖായേൽ ബ്രേസ്‌വെല്ലും മിച്ചെൽ സാന്റ്‌നെറുംകൂടി വിറപ്പിക്കുന്നതാണ്‌ കണ്ടത്‌. 102 പന്തിൽ 162 അടിച്ചെടുത്ത ഈ സഖ്യം കിവികൾക്ക്‌ ജയപ്രതീക്ഷ നൽകി. 45 പന്തിൽ 57 റണ്ണെടുത്ത സാന്റ്‌നെറെ 46–-ാംഓവറിൽ മുഹമ്മദ്‌ സിറാജ്‌ പുറത്താക്കിയെങ്കിലും ബ്രേസ്‌വെൽ കുലുങ്ങിയില്ല. അടുത്ത ഓവറിൽ ഹാർദിക്കിനെ ശിക്ഷിച്ചത്‌ 15 റണ്ണിന്‌. മുഹമ്മദ്‌ ഷമിയെറിഞ്ഞ 48–-ാംഓവറിൽ 17 റൺ അടിച്ചുകൂട്ടി. 49–-ാംഓവറിൽ നാല്‌ റൺമാത്രം വിട്ടുകൊടുത്ത്‌ ഒരു വിക്കറ്റെടുത്ത ഹാർദിക്കാണ്‌ ഇന്ത്യയെ കളിയിലേക്ക്‌ തിരിച്ചുകൊണ്ടുവന്നത്‌.

അവസാന ഓവറിൽ ഒരു വിക്കറ്റ്‌ ശേഷിക്കെ 20  റണ്ണായിരുന്നു കിവികൾക്ക്‌ ആവശ്യം. ശാർദൂലിന്റെ ആദ്യ പന്ത്‌ സിക്‌സർ പായിച്ച്‌ ബ്രേസ്‌വെൽ ഒരുങ്ങി. അടുത്ത പന്ത്‌ വൈഡ്‌. അഞ്ച്‌ പന്തിൽ ജയിക്കാൻ 13 റൺ. എന്നാൽ, ശാർദൂൽ സമ്മർദം അതിജീവിച്ചു. യോർക്കറിൽ ബ്രേസ്‌വെല്ലിന്റെ പോരാട്ടം അവസാനിച്ചു. 10 സിക്‌സറും 12 ഫോറുമായിരുന്നു ആ ഇന്നിങ്‌സിൽ.  ഇന്ത്യക്കായി സിറാജ്‌ നാല്‌ വിക്കറ്റ്‌ നേടി.

അടുത്ത മത്സരം ശനിയാഴ്‌ചയാണ്.

ഇരട്ട സെഞ്ചുറി നേടുന്ന പ്രായംകുറഞ്ഞ താരം

ഏകദിന ക്രിക്കറ്റിൽ ഇരട്ടസെഞ്ചുറി നേടുന്ന പ്രായംകുറഞ്ഞ താരമാണ്‌ ശുഭ്‌മാൻ ഗിൽ. 23 വയസ്സാണ്‌ ഈ വലംകൈയൻ ബാറ്റർക്ക്‌. ഇഷാൻ കിഷന്റെ റെക്കോഡ്‌ തിരുത്തി.ഇരട്ടസെഞ്ചുറി നേടുന്ന അഞ്ചാമത്തെ ഇന്ത്യൻ ബാറ്റർ. സച്ചിൻ ടെൻഡുൽക്കർ, വിരേന്ദർ സെവാഗ്‌, രോഹിത്‌ ശർമ, ഇഷാൻ കിഷൻ എന്നിവരാണ്‌ ഇതിനുമുമ്പ്‌ ഇരട്ടയക്കം കണ്ടത്‌.ഏകദിനത്തിൽ 1000 റണ്ണും തികച്ചു. ഈ നേട്ടം വേഗത്തിൽ കുറിക്കുന്ന ഇന്ത്യൻ താരം. 19 മത്സരത്തിൽനിന്നാണ്‌ നേട്ടം. 24 ഇന്നിങ്‌സ്‌ കളിച്ച വിരാട്‌ കോഹ്‌ലിയെയും ശിഖർ ധവാനെയും മറികടന്നു. ആകെ പട്ടികയിൽ രണ്ടാമത്‌. 18 ഇന്നിങ്‌സിൽ 1000 പൂർത്തിയാക്കിയ പാകിസ്ഥാൻ താരം ഫഖർ സമാനാണ്‌ ഒന്നാമത്‌. മറ്റൊരു പാക്‌ താരം ഇമാം ഉൾ ഹഖിനൊപ്പമാണ്‌ ഗിൽ എത്തിയത്‌.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!