അടിമാലിയില്‍ തിരിമറി കണ്ടെത്തിയത് പ്രകോപനമായി: ജീവനക്കാരും പ്രസിഡന്റും രണ്ടു തട്ടില്‍; പഞ്ചായത്ത് ഭരണം പ്രതിസന്ധിയില്‍

Spread the love

താല്‍കാലിക ജീവനക്കാരനെ പിരിച്ചുവിടണമെന്ന ആവശ്യം കടുപ്പിച്ച് പ്രസിഡന്റ്

യുഡിഎഫ് അടിയന്തിര യോഗം ചേര്‍ന്നു: ഇന്ന് പഞ്ചായത്തില്‍ അടിയന്തര കമ്മിറ്റി

Thank you for reading this post, don't forget to subscribe!

അടിമാലി പഞ്ചായത്ത് ഓഫീസില്‍ കംപ്യൂട്ടര്‍വത്കരണം തുടങ്ങിയതു മുതല്‍ പ്രസിഡന്റിന്റെ ഡിജിറ്റല്‍ ഒപ്പും, ലോഗിനും കൈകാര്യം ചെയ്തിരുന്നത് പ്രധാന ഉദ്യോഗസ്ഥരായിരുന്നു.എന്നാല്‍ അടിമാലി പഞ്ചായത്തില്‍ സനിതാ സജി പ്രസിഡന്റായതോടെ ഡിജിറ്റല്‍ സിഗ്നേച്ചറിന് സ്വന്തമായി പാസ്വേഡ് ഉണ്ടാക്കി. ഇതോടെ ഏതു ഫയല്‍ തീര്‍പ്പാക്കാനും പ്രസിഡന്റ് അറിയേണ്ട അവസ്ഥ വന്നു.പഞ്ചായത്ത് ഓഫീസിന്റെ ദൈനംദിന പ്രവര്‍ത്തനത്തിന് അനുവദിച്ച തുകയില്‍ നിന്നും ചിലവഴിച്ച ബില്ലുകളിലെ (സ്റ്റേഷനറി, പ്രിന്റിംഗ്, ലഘു ഭക്ഷണം…തുടങ്ങിയവ) ഉദ്യോഗസ്ഥരുടെ തിരിമറി അടുത്തിടെ പ്രസിഡന്റ് കണ്ടെത്തിയിരുന്നു. ഇത് വിവാദമാകുകയും ചെയ്തു. ഇതോടെയാണ് ജീവനക്കാര്‍ പ്രസിഡന്റിനെതിരേ തിരിഞ്ഞത്. ചില ജനപ്രതിനിധികളുടെ ബിനാമി കരാറുകാര്‍ ചെയ്യാത്ത വര്‍ക്കുകളും, നിര്‍മാണം പാതിവഴിയിലായതിനും ബില്ല് മാറാന്‍ എത്തിയതിനെ പ്രസിഡന്റ് ശക്തമായി എതിര്‍ത്തു. ഇതോടെ പഞ്ചായത്ത് ഓഫീസ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഇടനിലക്കാരും ബിനാമി കരാറുകാരും പ്രസിഡന്റിനെ പുറത്താക്കാനുള്ള ഗൂഢനീക്കം ആരംഭിച്ചതോടെ പഞ്ചായത്തിലെ പ്രതിസന്ധി രൂക്ഷമായി.

തുടക്കം 16 ലാപ്ടോപ്പുകള്‍ തിരിച്ചെത്തിയതോടെ

പഞ്ചായത്തില്‍നിന്ന് രണ്ട് വര്‍ഷം മുമ്പ് കാണാതായ 16 ലാപ്ടോപ്പുകള്‍ കഴിഞ്ഞ പൂജാ അവധിക്ക് തൊട്ട് മുമ്പുള്ള ദിവസം ഓഫീസില്‍ തിരിച്ചെത്തിയത് മുതലാണ് പ്രശ്നങ്ങള്‍ രൂക്ഷമായത്. 2016-ല്‍ എസ്.സി-എസ്.ടി വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നതിനായി 56 ലാപ്ടോപ്പുകള്‍ വാങ്ങിയിരുന്നു. എന്നാല്‍ 40 അപേക്ഷകള്‍ മാത്രമാണ് പഞ്ചായത്തില്‍ ലഭിച്ചത്. ഇതോടെ ബാക്കി വന്ന ലാപ്ടോപ്പുകള്‍ രണ്ട് വര്‍ഷം ഓഫീസില്‍ കെട്ടിക്കിടന്നു. പിന്നീട് നടന്ന ഓഡിറ്റിങ്ങില്‍ അന്നത്തെ നിര്‍വഹണ ഉദ്യോഗസ്ഥന്‍ 16 ലാപ്ടോപ്പുകളുടെ തുക സ്വന്തം കൈയില്‍നിന്നു എടുത്ത് സര്‍ക്കാരിലേക്ക് അടച്ചു. ഇതോടെ ലാപ്ടോപ്പുകള്‍ പഞ്ചായത്തിന്റെ ആസ്തിയായി മാറി. 2018-19 കാലയളവില്‍ അന്നത്തെ ചിലര്‍ താല്‍ക്കാലിക ജീവനക്കാരന്റെ സഹായത്തോടെ ഈ ലാപ്ടോപ്പുകള്‍ ഓഫീസില്‍ നിന്നും കടത്തി.ലാപ്ടോപ്പുകള്‍ കാണാതായതു സംബന്ധിച്ച് ചാനല്‍ ടുഡെ വാര്‍ത്ത പുറത്തു വന്നതോടെ ഈ ലാപ്ടോപ്പുകള്‍ എവിടെപ്പോയെന്ന ചോദ്യവുമായി പ്രതിപക്ഷം പഞ്ചായത്ത് കമ്മിറ്റിയില്‍ രംഗത്തെത്തി. ഇതിന് പിന്നാലെ പഞ്ചായത്തില്‍ അജ്ഞാതര്‍ വഴി ലാപ്ടോപ്പുകള്‍ തിരിച്ചെത്തി.

താല്‍കാലിക ജീവനക്കാരനെതിരെ നടപടി ആവശ്യം കടുപ്പിച്ച് പ്രസിഡന്റ്

ഇതിനിടെ ലാപ്ടോപ്പുകള്‍ വര്‍ഷങ്ങളായി ഓഫീസില്‍ കെട്ടിക്കിടക്കുകയാണെന്ന നിലയില്‍ പ്രാദേശിക ചാനലിലൂടെ വാര്‍ത്ത പ്രചരിപ്പിക്കുന്നതിന് ദൃശ്യങ്ങള്‍ പകര്‍ത്താനായി താത്കാലിക ജീവനക്കാരന്‍ ഓഫീസ് അവധി ദിവസം തുറന്നു നല്‍കി. ഈ നടപടി പഞ്ചായത്ത് പ്രസിഡന്റ് ചോദ്യം ചെയ്യുകയും, താത്കാലിക ജീവനക്കാരനെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെടുകയുംചെയ്തു. എന്നാല്‍ പഞ്ചായത്ത് ഭരണസമിതി ഇതിന് തയ്യാറാകാതിരുന്നതോടെയാണ് പ്രസിഡന്റ് നിസ്സഹകരണ സമരം തുടങ്ങിയത്. വിഷയത്തില്‍ പഞ്ചായത്ത് പ്രസിഡന്റും പഞ്ചായത്തിലെ ഉദ്യോഗസ്ഥരും രണ്ടുതട്ടില്‍. താത്കാലിക ജീവനക്കാരന് പിന്തുണയുമായി ഭരണ പക്ഷത്തെ ചില അംഗങ്ങള്‍കൂടി രംഗത്തെത്തിയതോടെ പഞ്ചായത്ത് പ്രസിഡന്റ് ഒറ്റപ്പെട്ടനിലയിലായി.ഭരണ സമിതിയെ ബാധിക്കുന്ന ചില സുപ്രധാന തെളിവുകള്‍ ജീവനക്കാരന്റെ കൈവശമുള്ളതാണ് ഇയാളെ പുറത്താക്കാത്തിനു പിന്നിലെന്നു പ്രതിപക്ഷം ആരോപിക്കുന്നു.

വ്യാഴാഴ്ച (ഇന്ന്) പഞ്ചായത്തില്‍ കമ്മിറ്റി

അവധി ദിവസം പഞ്ചായത്ത് ഓഫീസ് വീഡിയോ ചിത്രീകരണത്തിന് തുറന്നുകൊടുത്ത താത്കാലിക ജീവനക്കാരനെതിരേ നടപടിയാവശ്യപ്പെട്ട് അടിമാലി പഞ്ചായത്ത് പ്രസിഡന്റ് സനിതാ സജി നടത്തുന്ന നിസ്സഹകരണ സമരം പരിഹരിക്കാന്‍ വ്യാഴാഴ്ച പഞ്ചായത്തില്‍ അടിയന്തര കമ്മിറ്റി ചേരും. ഇതിനു മുന്നോടിയായി ബുധനാഴ്ച വൈകിട്ട് യുഡിഎഫ് അടിയന്തിര യോഗം ചേര്‍ന്നിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച മുതലാണ് പഞ്ചായത്ത് പ്രസിഡന്റ് സനിതാ സജി ജീവനക്കാരനെതിരേ നടപടി ആവശ്യപ്പെട്ട് പഞ്ചായത്ത് ഓഫീസില്‍ കയറാതെ നിസ്സഹരണ സമരം തുടങ്ങിയത്. എന്നാല്‍ ഇന്നു നടക്കുന്ന കമ്മിറ്റിയില്‍ പഞ്ചായത്ത് പ്രസിഡന്റ് പങ്കെടുക്കുമെന്നാണ് വിവരം.

Facebook Comments Box
error: Content is protected !!